താമരശ്ശേരി: അഭിഭാഷകന്റെ കാര്യത്തില്‍ മലക്കംമറഞ്ഞ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ. ആളൂരിനെ കൂടത്തായി കൊലപാതക പരമ്പരയിലെ നാലു കേസുകളില്‍ക്കൂടി വക്കാലത്ത് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ജോളി അപേക്ഷനല്‍കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജോളി സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജയില്‍ സൂപ്രണ്ട് വി. ജയകുമാര്‍ സാക്ഷ്യപ്പെടുത്തിയത്. തുടര്‍ന്ന് തപാല്‍ മാര്‍ഗം കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകള്‍ പരിഗണിക്കുന്ന താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ജയില്‍ അധികൃതര്‍ തിങ്കളാഴ്ചതന്നെ അയക്കുകയായിരുന്നു.
അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ വധക്കേസുകളില്‍ തന്റെ നിലവിലുള്ള അഭിഭാഷകനെ മാറ്റിനിയമിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജോളി കത്തെഴുതിയത്. നേരത്തേ ഏറ്റെടുത്ത റോയ് തോമസ് കേസിനു പുറമേ പ്രസ്തുത കേസുകളും ആളൂര്‍ അസോസിയേറ്റ്സിന് വക്കാലത്ത് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടാണ് ജോളി കത്തെഴുതിയത്. വെള്ളിയാഴ്ച രാവിലെ ജില്ലാ ജയിലില്‍ വെല്‍ഫെയല്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് ജോളി ഒപ്പു രേഖപ്പെടുത്തിയത്. അപേക്ഷ ജില്ലാ ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന് കൈമാറിയെങ്കിലും അതിനകംതന്നെ അദ്ദേഹത്തിന് ജില്ലാ ജയിലില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചിരുന്നതിനാല്‍ കത്ത് സാക്ഷ്യപ്പെടുത്തിയില്ല. പുതുതായി ചുമതലയേറ്റെടുത്ത ജയില്‍ സൂപ്രണ്ട് ജയകുമാര്‍ ജില്ലാ ജയില്‍ ഓഫീസില്‍ എത്തിയശേഷമാണ് ജോളിയുടെ കത്ത് സാക്ഷ്യപ്പെടുത്തി കോടതിയിലേക്ക് അയച്ചത്.
റോയ് വധക്കേസില്‍ ആളൂര്‍ അസോസിയേറ്റ്സ് ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തതിനെ താമരശ്ശേരി ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ കോടതിയില്‍ ചോദ്യംചെയ്തിരുന്നു. സൗജന്യ നിയമസഹായ വേദിയുടെ അഭിഭാഷകരെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടുവിച്ചതായാണ് വിമര്‍ശനമുയര്‍ന്നത്.
സൗജന്യ നിയമസഹായത്തിനുള്ള അഭിഭാഷക പാനലില്‍നിന്നുള്ള കെ. ഹൈദറിനെയാണ് ജോളിയുടെ അഭിഭാഷകനായി സിലി കേസില്‍ കോടതി ചുമതലപ്പെടുത്തിയത്. ജോളി ആവശ്യപ്പെട്ടതനുസരിച്ച് അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ കേസുകളില്‍ക്കൂടി ഹൈദര്‍ ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ വക്കാലത്ത് സ്വയം ഒഴിവാകുകയാണെന്നു കാണിച്ച് ജോളിയുടെ അഭിഭാഷകന്‍ ഹൈദര്‍ ചൊവ്വാഴ്ച താമരശ്ശേരി കോടതിയില്‍ അപേക്ഷനല്‍കും.
വക്കാലത്ത് ഏറ്റെടുത്തത് തെറ്റിദ്ധരിപ്പിച്ചെന്ന് നോബി
കോഴിക്കോട്: ജോളിയ്ക്കുവേണ്ടി ഹാജരാവാന്‍ ബി.എ. ആളൂരിനെ കുടുംബത്തില്‍ ഒരാള്‍പോലും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജോളിയുടെ സഹോദരന്‍ നോബി. സഹോദരങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ജോളിയെ തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ വക്കാലത്ത് സംഘടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബത്തിലാരും ആളൂരിനെ അങ്ങോട്ട് വിളിച്ചിട്ടില്ല. ഇങ്ങോട്ട് വിളിച്ചപ്പോള്‍ രണ്ടുതവണ താക്കീത് നല്‍കിയിട്ടുണ്ട്. വേറെ ആര്‍ക്കുകൊടുത്താലും നിങ്ങള്‍ക്ക് വക്കാലത്ത് തരാന്‍ താത്പര്യമില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഞാന്‍ പറഞ്ഞെന്ന് പറഞ്ഞാണ് അവര്‍ രേഖകളില്‍ ഒപ്പിടുവിച്ചതെന്ന് ജോളി അറിയിച്ചിട്ടുണ്ട്. -നോബി കൂട്ടിച്ചേര്‍ത്തു.
Content Highlight: Adv Aloor to appear for Jolly in Koodathai murder case