തലശ്ശേരി: പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ(28) പേരില്‍ മൂന്നു മരണത്തിലും കൊലക്കുറ്റം ചുമത്തും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അന്വേഷണസംഘം. നിലവില്‍ രണ്ടു കേസുകളിലാണ് യുവതിയെ പ്രതിചേര്‍ത്തത്.
യുവതിയുടെ മുന്‍ ഭര്‍ത്താവ് കിഷോറിനെ കൊടുങ്ങല്ലൂരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
സൗമ്യയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. യുവതിയുടെ അമ്മ കമല, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണത്തിലാണ് നിലവില്‍ പ്രതിചേര്‍ത്തത്. മകള്‍ ഐശ്വര്യയുടെ മരണത്തില്‍ പ്രതിയാക്കിയിട്ടില്ല. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ കോടതിയുടെ അനുമതിയോടെ മകളുടെ മരണത്തിലും പ്രതിയാക്കും. ഇതോടെ പലസമയത്തായി നടന്ന മൂന്നു കൊലക്കേസുകളില്‍ യുവതി പ്രതിയാകും.
മകളെ കൊലപ്പെടുത്തിയ കേസിലും ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കേസിലാവശ്യമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം കരുതുന്നു.
ദൃക്സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവും കേസില്‍ പ്രധാനമാകും. യുവതിയുമായി ബന്ധമുള്ളതിന്റെ പേരില്‍ കഴിഞ്ഞദിവസം ചോദ്യംചെയ്തവര്‍ ഇപ്പോഴും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന യുവതിയുടെ മൊഴി പോലീസ് പൂര്‍ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല.
ഇവര്‍ക്കെതിരേ മൊഴിയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു. യുവതിയുടെ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ ആവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാക്കി വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനും ശ്രമം തുടങ്ങി. ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി യുവതി മൊഴിനല്‍കിയിരുന്നു. പോലീസിന്റെ നീക്കമാണ് ഇതിനു തടയിട്ടതെന്ന് അന്വേഷണസംഘം കരുതുന്നു.
അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിച്ചതിന്റെ 12-ാംനാള്‍ കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍നിന്നു പോയാല്‍ ജീവനൊടുക്കാനായിരുന്നു തീരുമാനം. ആസ്പത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ഇതിന് അവസരം നല്‍കാതെ അവിടെത്തന്നെ തുടരാന്‍ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ഇതേക്കുറിച്ച് യുവതിക്ക് സൂചന ലഭിച്ചിരുന്നില്ല. അറസ്റ്റിലാകുന്ന ദിവസം റസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ മാത്രമാണ് പോലീസ് വലയിലായെന്ന് യുവതിക്ക് ബോധ്യമായത്. ജീവിതത്തകര്‍ച്ചയാണ് കൂട്ടക്കൊലയിലെത്തിച്ചതിന്റെ ഒരു കാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതുവരെ 50പേരെ ചോദ്യംചെയ്തു. അവരുടെ മൊഴി രേഖപ്പെടുത്തി. ചികിത്സ നടത്തിയ ആസ്പത്രികളിലെ രേഖകളുള്‍പ്പെടെ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.
സൗമ്യയ്ക്കു വേണ്ടി ഹാജരാകാന്‍ ആളൂര്‍ എത്തും
സൗമ്യക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ അഡ്വ. ആളൂര്‍ (ബിജു ആന്റണി ആളൂര്‍) ശനിയാഴ്ച എത്തും. സൗമ്യക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ആവശ്യമുണ്ടോയെന്ന് മജിസ്ട്രേറ്റ് സൗമ്യയോട് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു മറുപടി.
കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചശേഷം ജാമ്യനടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആളൂര്‍ പറഞ്ഞു. തൃശ്ശൂരിലെ സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കും എറണാകുളത്തെ നിയമവിദ്യാര്‍ഥിനി വധക്കേസിലെ മുഖ്യപ്രതി അമീറുള്‍ ഇസ്ലാമിനും നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കും വേണ്ടി ഹാജരായത് ആളൂരായിരുന്നു.
Content highlights: Crime news, Thalassery, Pinarayi, Custodial death, Adv. Aloor