ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളി സമയപുരത്ത് പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറുകൾ കുത്തിത്തുറന്ന് 500 പവനോളം സ്വർണവും 10 കോടി രൂപയോളം മതിക്കുന്ന സ്വത്തുക്കളുടെ രേഖകളും കവർന്നു. ബാങ്കിന്റെ പിൻഭാഗത്തെ ഭിത്തിതുരന്ന് അകത്തു കടന്നാണ് കവർച്ച. അഞ്ചു ലോക്കറുകൾ കുത്തിത്തുറന്നാണ് സ്വർണവും രേഖകളും കവർന്നത്. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിക്കുന്ന കംപ്യൂട്ടറിന്റെ ഡ്രൈവുകളും മോഷ്ടിച്ചു. സംഭവത്തെത്തുടർന്ന് ബാങ്കിന്റെ പ്രവർത്തനം നിർത്തിവെച്ചു.
രണ്ടുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ബാങ്കിൽ സുരക്ഷാജീവനക്കാരുണ്ടായിരുന്നില്ല. കവർച്ചക്കാരുടേതെന്ന് കരുതപ്പെടുന്ന മുഖംമൂടികളും ഗ്യാസ് കട്ടറും ഗ്യാസ് സിലിൻഡറും ചുറ്റികയും ബാങ്കിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ലോക്കറുണ്ടായിരുന്ന മുറിയിൽ മാത്രമാണ് കവർച്ചനടന്നിരിക്കുന്നത്. കുത്തിത്തുറന്ന അഞ്ചു ലോക്കറുകളിൽ മൂന്നെണ്ണം സ്വകാര്യവ്യക്തികളുടെയും രണ്ടെണ്ണം സ്വകാര്യകമ്പനിയുടെയും പേരിലുള്ളതാണ്.
തുടർച്ചയായി രണ്ടുദിവസം അവധിയായിരുന്നതിനാൽ ഏതുദിവസമാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെന്ന് തിരുച്ചിറപ്പള്ളി എസ്.പി. സിയാവുൾ ഹക്ക് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങുന്ന ഡ്രൈവുകൾ നഷ്ടമായതിനാൽ സമീപപ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരെത്തി തെളിവെടുത്തു. പോലീസ് നായയെ ഉപയോഗിച്ചും പരിശോധന നടത്തി.
സംഭവമറിഞ്ഞ് ലോക്കർ ഉപയോക്താക്കളായ നൂറുകണക്കിനാളുകൾ ബാങ്കിനുമുന്നിൽ തടിച്ചുകൂടി ബഹളമുണ്ടാക്കി. അഞ്ചു ലോക്കറുകളിൽ മാത്രമേ കവർച്ച നടന്നിട്ടുള്ളൂവെന്ന് വിശദീകരിച്ച് പോലീസും ബാങ്ക് അധികൃതരും ഇവരെ ശാന്തരാക്കി. കവർച്ചനടന്ന 39, 114, 223, 299, 300 നമ്പർ ലോക്കറുകളുടെ ഉടമകളെ ബാങ്കിൽനിന്ന് ഫോൺ വിളിച്ച് വിവരം അറിയിച്ചു. പോലീസ് ഇവരെയും ബാങ്ക് ജീവനക്കാരെയും ചോദ്യംചെയ്തു.
Content Highlight: 500 pawan gold robbery from thiruchirappaly PNB locker