കോയമ്പത്തൂർ: കേരളം ആസ്ഥാനമായുള്ള സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിൻറെ കോയമ്പത്തൂർ രാമനാഥപുരം ശാഖയിൽ വൻ കവർച്ച. രണ്ടുകോടിയിൽപ്പരം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷംരൂപയും കവർച്ച നടന്നതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചിട്ടുള്ളത്.
രാമനാഥപുരം സിഗ്നലിനടുത്തുള്ള ഇരുനിലക്കെട്ടിടത്തിൻറെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് മിനി ഫിനാൻസിൻറെ ശാഖയിലാണ് ജീവനക്കാരെ മർദിച്ചവശരാക്കിയശേഷം കവർച്ച നടന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. ജീവനക്കാരികളായ ചെട്ടിപാളയം സ്വദേശി രേണുകയും (30) കെമ്പട്ടികോളനി ഹൗസിങ് യൂണിറ്റിലെ ദിവ്യയും (22) മാത്രമാണ് ജോലിയിലുണ്ടായിരുന്നത്. തുണികൊണ്ട് മുഖംമറച്ചെത്തിയ യുവാവ് സ്വർണം പണയംവെക്കണമെന്ന് രേണുകയോട് ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടയിൽ മുഖത്ത് പലവട്ടം കൈകൊണ്ട് കുത്തി താഴെയിട്ടശേഷം ഭീഷണിയും മുഴക്കി.
ശബ്ദം കേട്ട് മറ്റൊരു മുറിയിൽ നിന്നെത്തിയ ദിവ്യയെയും മർദിച്ചതിനു ശേഷം ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ കൈക്കലാക്കിയ യുവാവ് ഇരുവരേയും മുറിയിൽ പൂട്ടിയിട്ടശേഷം രണ്ട് ലോക്കറുകളും തുറന്ന് 816 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷംരൂപയും കൊള്ളയടിച്ചുവെന്നാണ് ഇരുവരും പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. മർദനമേറ്റ ജീവനക്കാരികൾ ബോധരഹിതരായെന്നാണ് പറയുന്നത്. ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് ഇവർ പുറത്തെത്തി മറ്റുള്ളവരെ വിവരമറിയിച്ചത്.
കവർച്ചയ്ക്കു ശേഷം താഴേക്കെത്തിയ മോഷ്ടാവ് ഓട്ടോയിൽ കയറിപ്പോയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പോത്തന്നൂർ വരെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഇയാൾ റെയിൽവേസ്റ്റേഷനിൽ നിന്ന് തീവണ്ടി കയറിപ്പോയതായും മറ്റൊരു സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. വിവരമറിഞ്ഞതും ഡെപ്യൂട്ടി കമ്മിഷണർ പെരുമാളിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിക്കുകയും ജീവനക്കാരെ ചോദ്യംചെയ്യുകയുമുണ്ടായി.
സംഭവസ്ഥലത്തെ സി.സി.ടി.വി.യിൽ കവർച്ച വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വിരലടയാളവിദഗ്ധർ സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ സാറ നഞ്ചുണ്ടാപുരം റോഡുവരെ പോയി നിന്നു. ഒട്ടേറെ ജീവനക്കാരുള്ള സ്ഥാപനത്തിൽ സംഭവം നടന്ന നേരത്ത് രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആളുകളാണ് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കവർച്ച നടന്ന സമയത്ത് സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരുന്നില്ല. അസി. കമ്മിഷണർ ബാലാജി ശരവണൻറെ നേതൃത്വത്തിൽ നാല് പ്രത്യേക പോലീസ് സ്ക്വാഡാണ് കേസന്വേഷിക്കുന്നത്.
നഗരകേന്ദ്രത്തിൽത്തന്നെ കോടികളുടെ കവർച്ച നടന്നിട്ടും മാധ്യമങ്ങൾക്ക് ഞായറാഴ്ച രാവിലെമാത്രമാണ് വിവരം ലഭിച്ചത്. കവർച്ച നടന്ന ദിവസം നഗരം അരിച്ചുപെറുക്കി മോഷ്ടാവിനായി തിരച്ചിൽ നടത്തിയതിനാലാണ് വിവരം അറിയിക്കാൻ വൈകിയതെന്നാണ് പോലീസ് പറയുന്നത്.
കവർച്ച നടത്തിയ ആൾക്ക് 25-നും 30-നും മധ്യേ പ്രായമുണ്ടെന്നാണ് കരുതുന്നത്.
Content Highlights: 2 crore gold robbery in muthoot mini