കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ വിദേശ കറന്‍സി എയര്‍കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു യാത്രക്കാരില്‍നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്. ബുധനാഴ്ച രാത്രി 11നാണ് ആദ്യസംഭവം.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 343 കോഴിക്കോട് ദുബായ് വിമാനത്തില്‍ പോകാനെത്തിയ കാസര്‍കോട് ബൈവെളി സ്വദേശി അസ്‌കര്‍ അലിയുടെ ബാഗേജില്‍നിന്ന് 1,17,25,000 രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്.
62,62,500 രൂപയ്ക്ക് തുല്യമായ സൗദി റിയാല്‍, 19,13,730 രൂപയുടെ ഒമാന്‍ റിയാല്‍, 19 ലക്ഷത്തിന്റെ യു.എ.ഇ. ദിര്‍ഹം, 1,72,350 രൂപയുടെ ബഹ്‌റൈന്‍ ദിനാര്‍, 12,93,000 രൂപയുടെ ഖത്തര്‍ റിയാല്‍, 45,177 രൂപയുടെ കുവൈത്ത് ദിനാര്‍, 1,36,400 രൂപയുടെ യൂറോ എന്നിവയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
വാക്വം ഫ്‌ലാസ്‌കിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ഇയാളെ കസ്റ്റംസ് വിഭാഗത്തിന്റെ പ്രത്യേക ഉത്തരവുവഴി പുറത്തിറക്കുകയും ബാഗേജ് ഓഫ്‌ലോഡ് ചെയ്യുകയുമായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.20നാണ് രണ്ടാമത്തെ സംഭവം. ബാഗേജ് പരിശോധനയ്ക്കിടെ സംശയംതോന്നിയ വിമാനത്താവള സുരക്ഷാചുമതലയുള്ള സി.ഐ.എസ്.എഫ്. വിഭാഗം കൊടുവള്ളി സ്വദേശി മുഹമ്മദ് ഹാരിസിനെ (28) കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇയാളുടെ ബാഗേജില്‍നിന്ന് 1,03,600 രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ കണ്ടെടുത്തു.
യു.എ.ഇ. ദിര്‍ഹം, കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നിവയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്‍ഡിഗോ എയര്‍വേയ്‌സിന്റെ കോഴിക്കോട്- ദുബായ് വിമാനത്തില്‍ യാത്രചെയ്യാനാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. അസ്‌കര്‍ അലിയെ അറസ്റ്റുചെയ്ത കസ്റ്റംസ് വിഭാഗം ഇയാളെ മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ്‌ചെയ്തു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. രൂപേഷിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ദാസ് മാലിക്ക്, അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ അസീബ് ചേന്നാട്ട്, ദിനേഷ്‌കുമാര്‍, സന്ദീപ് നൈന്‍, സത്യേന്ദ്ര എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.