പാലക്കാട്: കേന്ദ്ര നൈപുണ്യ പരിശീലനപദ്ധതി ‘ദീൻദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന’യിലൂടെ (ഡി.ഡി.യു.ജി.കെ.വൈ.) സംസ്ഥാനത്ത് ഇതുവരെ തൊഴിൽ ലഭിച്ചത് 20,564 പേർക്ക്.
ഗ്രാമീണമേഖലയിലെ യുവതീയുവാക്കൾക്ക് പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പുനൽകുന്ന പദ്ധതിയാണിത്. ബാങ്കിങ് കറസ്പോണ്ടന്റ്, പ്ലംബിങ്, ഇലക്‌ട്രീഷ്യൻ, മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ 102 മേഖലകളിലാണ് തൊഴിൽ നല്കിയത്. 62-ഓളം പേർക്ക് വിദേശരാജ്യങ്ങളിലും ജോലി ലഭിച്ചു.
സംസ്ഥാനത്ത് 78 പരിശീലനകേന്ദ്രങ്ങളിലാണ് 102 കോഴ്സുകളിൽ പരിശീലനം നല്കുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. 2015-ൽ തുടങ്ങിയ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 27,515 പേർ തൊഴിൽ പരിശീലനം പൂർത്തിയാക്കി.
പദ്ധതിപ്രകാരം മൂന്നുമാസമെങ്കിലും തുടർച്ചയായി തൊഴിൽ നല്കണമെന്നതാണ് വ്യവസ്ഥ. മൂന്നുമാസം, ആറുമാസം, ഒരു വർഷം കാലയളവുകളിൽ തൊഴിൽപരിശീലനം നേടിയവർക്ക് യഥാക്രമം കുറഞ്ഞത് 6,000, 9,000, 12,000 രൂപ എന്നിങ്ങനെ വേതനം നല്കും. ഭിന്നശേഷിക്കാർക്കും പരിശീലനം നല്കുന്നുണ്ട്. രാജ്യത്ത് പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിൽ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനമായിരുന്നു.
ജില്ല പദ്ധതിപ്രകാരം തൊഴിൽ നേടിയവർ
തിരുവനന്തപുരം 2770
കൊല്ലം 1264
പത്തനംതിട്ട 675
ആലപ്പുഴ 717
കോട്ടയം 1598
ഇടുക്കി 1143
എറണാകുളം 2579
തൃശ്ശൂർ 1741
പാലക്കാട് 1969
മലപ്പുറം 802
കോഴിക്കോട് 1345
വയനാട് 1054
കണ്ണൂർ 1795
കാസർകോട് 1112