ഇന്ത്യന്‍ വ്യോമ സേനയുടെ ചരിത്രത്തില്‍ ആദ്യ വനിതാ ഫ്‌ളൈറ്റ് കമാന്‍ഡറെന്ന നേട്ടവുമായി ഷാലിസാ ധാമി. ഫ്‌ളൈയിങ് യൂണിറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയാണ് ഫ്‌ളൈറ്റ് കമാന്‍ഡര്‍. ഉത്തര്‍പ്രദേശിലെ ഹിന്തോണ്‍ എയര്‍ബേസിലെ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് ഷാലിസ നിയമിതയായത്.
ആറ് പേരെ അല്ലെങ്കില്‍ 500 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള സേനയുടെ ചെറു ഹെലികോപ്റ്ററായ ചേതകിനെ ഇനി ഷാലിസയ്ക്ക് നിയന്ത്രിക്കാം. ഇവയ്ക്കുപുറമേ രക്ഷാ ദൗത്യങ്ങള്‍ക്കും ചേതക് ഉപയോഗിക്കുന്നുണ്ട്. മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാവുന്ന ഹെലികോപ്റ്ററാണിത്്.
കഴിഞ്ഞ 15 വര്‍ഷമായി വ്യോമസേനയ്‌ക്കൊപ്പമുണ്ട് ഷാലിസ. വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറും ഫ്‌ളൈയിങ് ബ്രാഞ്ചില്‍ പെര്‍മനെന്റ് കമ്മീഷനില്‍ പ്രവേശിക്കുന്ന ആദ്യ വനിതയും ഷാലിസ തന്നെയാണ്.
പഞ്ചാബിലെ ലുധിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മകളായി ജനിച്ച ഷാലിസ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ പൈലറ്റാകണമെന്ന ആഗ്രഹത്തിനുപിന്നാലെ കൂടിയതാണ്. 2003-ല്‍ ഹൈദരാബാദിലെ പരിശീലനവേളയില്‍ ആദ്യമായി ട്രെയ്‌നര്‍ എയര്‍ക്രാഫ്റ്റുമായി പറന്നുയര്‍ന്ന ഷാലിസ 2017ല്‍ വ്യോമസേനയിലെ ആദ്യ വനിതാ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറായി.
Content Highlights: Shaliza Dhami the first woman Air Force Officer to become Flight Commander