ചാരായത്തൊഴിലാളികളില്‍ ഭൂരിഭാഗവും നിരക്ഷരരും സ്വകാര്യ കരാറുകാര്‍ക്കുവേണ്ടി പണിയെടുത്തവരുമാണെന്നും അവര്‍ക്ക് ജോലി നല്‍കാനാവില്ലെന്നും സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍. 1996-ലെ ചാരായ നിരോധനത്തില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ ഹര്‍ജിയിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ സത്യവാങ്മൂലം നല്‍കിയത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ക്രിമിനല്‍ പശ്ചാത്തലമുള്ള കരാറുകാരുടെ അംഗരക്ഷകരായും 'ടച്ചിങ്‌സ്' വിളമ്പുകാരായും പണിയെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ ഇത്തരക്കാരെ നിയമപരമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷനില്‍ നിയമിക്കാനാവില്ല. ജോലി നഷ്ടപ്പെട്ട ചാരായത്തൊഴിലാളികള്‍ക്ക് നിയമനം ലഭിക്കാന്‍ നിക്ഷിപ്തമായ അവകാശങ്ങളൊന്നുമില്ല -കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
ചാരായത്തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ലെന്നുകാട്ടി അഭിഭാഷകന്‍ വി.കെ. ബിജു വഴി വയനാട് സ്വദേശി എം.കെ. ബാബു പരാതി നല്‍കിയിരുന്നു. കോര്‍പ്പറേഷന്‍ പിന്‍വാതില്‍ നിയമനം നടത്തുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ സെപ്റ്റംബര്‍ 20-ന് സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാല്‍, ഹെല്‍പ്പര്‍/സെയില്‍സ്മാന്‍ തസ്തികകളുടെ കാര്യം മാത്രമാണ് പരാതിക്കാര്‍ പോലും പറഞ്ഞതെന്നും മുഴുവന്‍ നിയമനങ്ങളും സ്റ്റേ ചെയ്ത ഉത്തരവ് പിന്‍വലിക്കണമെന്നും കോര്‍പ്പറേഷന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ദിവസവേതനക്കാരുടെ വിഷയത്തില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള മറ്റു തസ്തികകളിലേക്കുള്ള നിയമനം തടയരുത്. കോര്‍പ്പറേഷനിലെ ദിവസവേതനക്കാരുടെ 25 ശതമാനം തസ്തികയില്‍ ചാരായഷാപ്പ് തൊഴിലാളികള്‍ക്ക് നിയമനം നല്‍കണമെന്ന 2002-ലെ ഉത്തരവ് നടപ്പാക്കാനാവില്ല. ഇരുപതിനായിരത്തോളം പേര്‍ക്കാണ് ചാരായനിരോധനത്തില്‍ ജോലി പോയത്. ഇവര്‍ക്ക് 30,000 രൂപവീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. ചാരായത്തൊഴിലാളികളുടെ ആശ്രിതരായ 274 പേര്‍ക്ക് 2004-ലെ ഉത്തരവുപ്രകാരം ജോലി നല്‍കി. കൂടുതലായി ആരെയും ഇതില്‍ ഉള്‍പ്പെടുത്താനാവില്ല. ഇപ്പോള്‍ ദിവസവേതനക്കാരുടെ ഒഴിവില്ല -കോര്‍പ്പറേഷന്‍ ബോധിപ്പിച്ചു.
പരാതിക്കാര്‍ ആവശ്യപ്പെടുന്ന ജോലികളില്‍ 2042 തസ്തികകളാണുള്ളത്. കോര്‍പ്പറേഷന്റെ 270 ഔട്ട്ലെറ്റുകളിലായി ഹെല്‍പ്പറുടെയോ തത്തുല്യമായതോ ആയ തസ്തികകളില്‍ 1890 പേരുടെ ആവശ്യമേയുള്ളൂ. ഇതില്‍ 2042 തസ്തികകള്‍ ഇപ്പോഴുള്ളതിനാല്‍ ദിവസവേതനക്കാര്‍ക്കായി തസ്തികകളില്ല. ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നത് പി.എസ്.സി. വഴിയാണ്. 2004-ല്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ 2002-ലേത് സ്വാഭാവികമായും റദ്ദായി. എന്നാല്‍ ഇതുപ്രകാരമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് 2002-ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതെന്നും കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് കോടതിയലക്ഷ്യമുണ്ടായിട്ടില്ലെന്നും വിവരങ്ങള്‍ മറച്ചുവെച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.