ബാങ്കുജോലി അനാകര്‍ഷകം; അപേക്ഷകരുടെ എണ്ണം കുറയുന്നു


1 min read
Read later
Print
Share

കണ്ടെത്തല്‍ പാര്‍ലമെന്ററി സമിതിയുടേത് | നിയമന നടപടി തുടങ്ങാന്‍ നിര്‍ദേശം | ഉന്നതോദ്യോഗസ്ഥരുടെ വേതനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തണം

ന്യൂഡല്‍ഹി: വര്‍ധിച്ച ജോലിഭാരവും സമ്മര്‍ദവും ബാങ്കിങ് മേഖലയിലെ തൊഴിലുകള്‍ അനാകര്‍ഷകമാക്കിയെന്ന് ധനമന്ത്രാലയത്തിനുവേണ്ടിയുള്ള പാര്‍ലമെന്റ് സ്ഥിരം സമിതി. ക്‌ളറിക്കല്‍ തസ്തികകളിലേക്കും പ്രൊബേഷണറി- സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ അസാധാരണമാംവിധം കുറവു പ്രകടമാണെന്ന് സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് സമിതിയുടെ റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീളുന്ന ജോലിഭാരവും മാനസികസമ്മര്‍ദവും എന്നാല്‍, അതിനനുസരിച്ച് ആനുകൂല്യങ്ങള്‍ കിട്ടാത്തതും മിടുക്കരായ ഉദ്യോഗാര്‍ഥികളെ ബാങ്കിങ് മേഖലയില്‍നിന്ന് അകറ്റുന്നതായാണ് സമിതിയുടെ വിലയിരുത്തല്‍. നേരത്തേ, ജീവനക്കാരുടെ സംഘടനകള്‍ നിരന്തരമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ സമിതി ശരിവെച്ചിരിക്കുന്നത്.

അടുത്ത ഏതാനുംവര്‍ഷങ്ങളില്‍ വിവിധ തലങ്ങളിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ വിരമിക്കുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട്, പ്രാഥമിക-മധ്യതലങ്ങളിലെ (ക്ലറിക്കല്‍, ഓഫീസര്‍) തസ്തികകളിലേക്കു നിയമനം നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ നടപടിയെടുക്കണമെന്ന് സമിതി നിര്‍ദേശിച്ചു. ഒരുമിച്ച് ഒട്ടേറെ ഉദ്യോഗസ്ഥര്‍ വിരമിക്കുന്നത് പ്രാഥമിക-മധ്യതലങ്ങളില്‍ പെട്ടെന്നൊരു ശൂന്യതയും ജീവനക്കാരുടെ അഭാവവുമുണ്ടാക്കും. അതു തടയണം. അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥ നിയമനവും പരിശീലനവും വിന്യാസവും നടക്കണം- സമിതി നിര്‍ദേശിച്ചു.

പൊതുമേഖലാ ബാങ്കുകളിലെ ജനറല്‍ മാനേജര്‍ തലത്തിലുള്ള 95 ശതമാനം പേരും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തലത്തിലുള്ള 75 ശതമാനവും അഡീഷണല്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള 58 ശതമാനവും അടുത്ത സാമ്പത്തികവര്‍ഷം വിരമിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖലാ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥരുടെ വേതനവും മറ്റാനുകൂല്യങ്ങളും കൂടുതല്‍ ആകര്‍ഷകമാക്കണം. ഇക്കാര്യത്തില്‍ നിലവില്‍ സ്വകാര്യമേഖലാ ബാങ്കുകളിലെ ഉന്നതോദ്യോഗസ്ഥരുമായുള്ള വ്യത്യാസം കുറയ്ക്കണം. എസ്.ബി.ഐ.യില്‍നിന്ന് മറ്റു പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്കും ബോര്‍ഡിലേക്കും ഉദ്യോഗസ്ഥരെ മാറ്റുന്നതുപോലെ തിരിച്ചും നിയമിക്കാന്‍ നടപടി വേണമെന്നാണ് മറ്റൊരു നിര്‍ദേശം.

Content highlights: parliamentary committee found bank jobs are unattractive

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram