തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് ശുപാര്‍ശയുണ്ടാകാത്തതിനാല്‍ റാങ്ക്പട്ടികകളുടെ കാലാവധി നീട്ടുന്നത് പി.എസ്.സി. യോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയില്ല. ഡിസംബര്‍ 31നു മുമ്പ് ഇക്കാര്യത്തില്‍ പി.എസ്.സി. യോഗം തീരുമാനമെടുത്തില്ലെങ്കില്‍ അധിക കാലാവധി ലഭിച്ച ഏതാണ്ട് 200ല്‍ താഴെ റാങ്ക്പട്ടികകള്‍ ആ ദിവസം റദ്ദാകും.
റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗമാണ് പി.എസ്.സി.ക്ക് ശുപാര്‍ശ ചെയ്യുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഒരു തവണ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് ഡിസംബര്‍ 31 വരെ അധിക കാലാവധി ലഭിച്ചത്. ഇനി 28നാണ് മന്ത്രിസഭായോഗം ചേരുന്നത്. കാലാവധി നീട്ടാന്‍ അതില്‍ ശുപാര്‍ശയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
അതുണ്ടായാല്‍ ഡിസംബര്‍ 31നു മുമ്പ് പ്രത്യേകയോഗം വിളിച്ച് പി.എസ്.സി.ക്ക് വിഷയം ചര്‍ച്ച ചെയ്യേണ്ടിവരും. ഒരിക്കല്‍ റദ്ദായ റാങ്ക്പട്ടിക അതിനുശേഷം പുനരുജ്ജീവിപ്പിക്കാന്‍ പി.എസ്.സി.ക്ക് വ്യവസ്ഥയില്ല. സിഡ്‌കോയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ് ആ സ്ഥാപനത്തിന്റെ ഓവര്‍സീയര്‍ റാങ്ക്പട്ടികയില്‍ നിന്ന് നികത്താന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. കെ.ടി.ഡി.സി.യിലെ സ്റ്റോര്‍ അറ്റന്‍ഡര്‍ ഒഴിവുകള്‍ വിവിധ കമ്പനി/കോര്‍പ്പറേഷനിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടികയില്‍ നിന്ന് നികത്തും.
രണ്ടിനും ഉദ്യോഗാര്‍ഥികളുടെ സമ്മതപത്രം വാങ്ങിയതിനുശേഷമാകും നിയമന നടപടികള്‍ ആരംഭിക്കുക. രണ്ടുതവണ എന്‍.സി.എ വിജ്ഞാപനം നല്‍കിയിട്ടും ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിലെ ബോട്ട് ഡ്രൈവര്‍ എന്‍.സി.എ. വിശ്വകര്‍മയുടെ ഒഴിവ് മാതൃ റാങ്ക്പട്ടികയില്‍ നിന്ന് നികത്തും.
സര്‍വേഭൂരേഖാ വകുപ്പില്‍ സര്‍വേയര്‍ ഗ്രേഡ്2 നിയമനത്തിന് 4000 പേര്‍ ഉള്‍പ്പെടുന്ന സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.