കൊല്ലം: നൂറ്റമ്പതിലധികം കുട്ടികളുള്ള സർക്കാർ എൽ.പി.സ്കൂളുകളിലും നൂറിലധികം വിദ്യാർഥികളുള്ള യു.പി. സ്കൂളുകളിലും െസ്പഷലിസ്റ്റ് അധ്യാപകരെ നിയമിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കേന്ദ്ര പദ്ധതിയായ എസ്.എസ്.എ.(സർവ ശിക്ഷാ അഭിയാൻ)യുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കലാ-കായിക-ക്രാഫ്റ്റ് അധ്യാപകരെയാണ് അടുത്ത മാസം മുതൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ, ആർട്ട് എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലാണിത്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽനിന്ന് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
മേൽപ്പറഞ്ഞ കുട്ടികളുള്ള സ്കൂളുകളിൽ ഇത്തരത്തിൽ മൂന്ന് അധ്യാപകർ പുതുതായി വരും. പ്രതിമാസം 29,000രൂപ ഓരോരുത്തർക്കും ശമ്പളമായിക്കിട്ടും. സംസ്ഥാനത്ത് ഇത്തരത്തിൽ 838 സ്കൂളുകളുള്ളതായി കണക്കാക്കിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിനായി 180.51 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്.