തൃശ്ശൂര്‍: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ സ്ഥാനക്കയറ്റത്തിന് 'വേഗപ്പൂട്ട്'. സര്‍വീസ് ഓപ്പറേഷന്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍മാരുടെ സ്ഥാനക്കയറ്റ തസ്തികയായ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ തസ്തിക ഒഴിവാക്കി. കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി വിളിച്ചുചേര്‍ത്ത യൂണിറ്റ് അധികൃതരുടെ യോഗത്തിലെ തീരുമാനം ബുധനാഴ്ച മുതല്‍തന്നെ ഉത്തരവായി.
സര്‍വീസ് കഴിഞ്ഞെത്തുന്ന ബസുകള്‍ പരിശോധനകള്‍ക്കുശേഷം അടുത്ത ഡ്രൈവര്‍ക്ക് കൈമാറുന്ന ചുമതല വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്കായിരുന്നു. ബസ് യാത്രായോഗ്യമാണോ എന്നുള്ള പരിശോധനയും നടത്തേണ്ടത് അദ്ദേഹമാണ്. ഈ ചുമതല വ്യാഴാഴ്ച മുതല്‍ ചാര്‍ജ്മാനോ ഗാരേജ് ഇന്‍ചാര്‍ജിനോ ആണ്. ഡ്രൈവര്‍മാര്‍ക്ക് ലോഗ് ഷീറ്റ് തയ്യാറാക്കിനല്‍കേണ്ടത് മെക്കാനിക്കല്‍ വിഭാഗത്തിന്റെ ചുമതലയിലായി. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി പോസ്റ്റിങ്, അവധി എന്നിവ സ്റ്റേഷന്‍മാസ്റ്ററോ ഇന്‍സ്‌പെക്ടറോ കൈകാര്യംചെയ്യണം.
ചുമതലകള്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കും മെക്കാനിക്കല്‍ വിഭാഗത്തിനും വിഭജിച്ചുനല്‍കുന്നതോടെയാണ് ഡ്രൈവര്‍മാരുടെ സ്ഥാനക്കയറ്റം തടസ്സപ്പെടുന്നത്. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഹെഡ് വൈഹിക്കിള്‍ സൂപ്പര്‍വൈസര്‍, വെഹിക്കിള്‍ മൊബിലിറ്റി ഓഫീസര്‍ എന്നിവയാണ് ഡ്രൈവര്‍മാരുടെ സ്ഥാനക്കയറ്റ തസ്തികകള്‍. ഫലത്തില്‍ ഈ തസ്തികകളിലേക്കൊന്നും ഉടന്‍ സ്ഥാനക്കയറ്റം ഉണ്ടാകില്ല.
എട്ടുകോടിരൂപ വരുമാനം ലക്ഷ്യം
പ്രതിസന്ധി മറികടക്കണമെങ്കില്‍ ദിവസവരുമാനം എട്ടുകോടിരൂപയിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സി.എം.ഡി.യുടെ നിര്‍ദേശം. ഇതിനായി സീനിയോറിറ്റി പരിഗണിക്കാതെ കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ പ്രാപ്തരായ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരെ അനുയോജ്യമായ സര്‍വീസുകളില്‍ നിയാഗിക്കണം. ഇതിന് യൂണിറ്റ് അധികാരിയെ ചുമതലപ്പെടുത്തി. സ്റ്റേഷന്‍മാസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ ഒരു മുറിയിലിരുന്ന് ജോലിചെയ്യണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ അഞ്ചരക്കോടി മുതല്‍ ഏഴുകോടി രൂപവരെയാണ് കെ.എസ്.ആര്‍.ടി.സി.യുടെ ദിവസ ശരാശരി വരുമാനം.
Content Highlights: KSRTC removes the post of Vehicle supervisor