റദ്ദായ പി.എസ്.സി. റാങ്ക്പട്ടികയില്‍നിന്ന് ഡ്രൈവര്‍മാരെ എംപാനലായി നിയമിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറായി. അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് യൂണിറ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി എക്സിക്യുട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
നിര്‍ദിഷ്ട മാതൃകയില്‍ ഉത്തരവ് നല്‍കി ജീവനക്കാരെ നിയമിക്കണം. ഇവരില്‍നിന്ന് 5000 രൂപ സെക്യൂരിറ്റി നിക്ഷേപമായി ഈടാക്കണമെന്നും 179 ദിവസം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തെ സര്‍വീസ് ബ്രേക്ക് നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
ജൂണ്‍ എട്ടാം തീയതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എത്രപേര്‍ക്ക് നിയമനം നല്‍കണമെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടില്ല. ഓരോ യൂണിറ്റിലെയും ബസ് സര്‍വീസുകള്‍ അനുസരിച്ചായിരിക്കും എണ്ണം കണക്കാക്കുന്നത്.
അതിനിടെ, വിരമിച്ച ഡ്രൈവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാനുള്ള കെ.എസ്.ആര്‍.ടി.സിയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. ആലപ്പുഴ കോടന്‍തുരുത്ത് സ്വദേശി ടി.എസ്. സന്തോഷിന്റെ ഹര്‍ജിയിലാണ് വിധി.
റാങ്ക്പട്ടിക നിലവിലുള്ളപ്പോഴും 3424 എംപാനല്‍ ഡ്രൈവര്‍മാരെ നിയമിച്ചത് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. റാങ്ക്പട്ടികയുടെ കാലാവധിക്കുള്ളില്‍ കോടതി നിര്‍ദേശപ്രകാരം 2455 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നിയമനം നടത്തിയില്ല.
അതിനിടെയാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയും വിരമിച്ചവരെ ഉപയോഗിച്ചും താത്കാലിക നിയമനത്തിന് കോര്‍പ്പറേഷന്‍ നടപടി തുടങ്ങിയത്.
ഇക്കാര്യം 'തൊഴില്‍വാര്‍ത്ത' കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി (2018 ജൂണ്‍ 2, ജൂണ്‍ 9) റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഥിരം നിയമനം നടത്തുന്നതുവരെ പി.എസ്.സി. റാങ്ക്പട്ടികയിലുള്ളവരെ ദിവസവേതനത്തില്‍ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതാണിപ്പോള്‍ കെ.എസ്.ആര്‍. ടി.സി. നടപ്പാക്കാനൊരുങ്ങുന്നത്.