തിരുവനന്തപുരം: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് തൊഴില്‍- നൈപുണ്യ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് പാലോടില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയര്‍ ഡവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. സ്ഥിരം തൊഴില്‍ ഇല്ലാതാകുന്നതും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതും യുവാക്കള്‍ക്ക് തിരിച്ചടിയാകുന്നു. ഈ സാഹചര്യം മറികടന്ന് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യുവതീയുവാക്കളെ പ്രാപ്തരാക്കുകയും വേണം. ആധുനികകാലത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി അറിവും നൈപുണ്യശേഷിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തൊഴില്‍സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പട്ടികജാതി-വര്‍ഗവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായാണ് ട്രൈബല്‍ എംേപ്ലായ്മെന്റ് എക്സചേഞ്ചും കരിയര്‍ ഡവലപ്മെന്റ് സെന്ററും ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാങ്ങോട്, പെരിങ്ങമ്മല, നന്ദിയോട്, വിതുര പഞ്ചായത്തുകളുടെ പരിധിയിലുള്ള പ്രദേശങ്ങളാണ് പുതിയ എക്സ്ചേഞ്ചിന്റെ കീഴില്‍ വരുന്നത്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ പത്ത് സെന്റില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ ഗ്രാമപഞ്ചായത്ത് വാടകക്കെടുത്ത കെട്ടിടത്തില്‍ സെന്റര്‍ പ്രവര്‍ത്തിക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാലോട് സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ എംപ്ലോയ്മെന്റ് ഓഫീസായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനപരിപാടികളും തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും വഴി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് പാലോട് കരിയര്‍ ഡവലപ്മെന്റ് സെന്ററിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. നൈപുണ്യപരിശീലനത്തിനും ഇവിടെ അവസരം ലഭിക്കും. ഗ്രാമ പഞ്ചായത്തുകളുടെ സഹായത്തോടെ വിദൂര ഊരുകളില്‍ താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് തൊഴില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ യുവതീയുവാക്കളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനൊപ്പം ഈ മേഖലയിലെ മുഴുവന്‍ യുവതീയുവാക്കള്‍ക്കും ഈ സെന്ററില്‍ പരിശീലനത്തിന് അവസരം ഒരുക്കും. കരിയര്‍ ഇന്‍ഫര്‍മേഷന്‍, വ്യക്തിഗതമാര്‍ഗനിര്‍ദ്ദേശം, ഗ്രൂപ്പ് ഗൈഡന്‍സ്, കരിയര്‍ കൗണ്‍സലിങ്, കരിയര്‍ ഇന്ററസ്റ്റ്, മോട്ടിവേഷന്‍ ക്ലാസുകള്‍, പ്രീ ഇന്റര്‍വ്യൂ പരിശീലനം, മത്സരപരീക്ഷാപരിശീലനം തുടങ്ങി വിവിധ സേവനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും.