തിരുവനന്തപുരം: ഐ.ടി. മേഖലയില്‍ പല കാരണങ്ങളാല്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേര്‍) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മേഖലകളില്‍ പരിശീലനം സംഘടിപ്പിക്കുന്നു.
'ബാക്ക്-ടു-വര്‍ക്ക്' എന്നുപേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്‍, കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവ കാരണം ജോലിയില്‍ നിന്നു മാറിനില്‍ക്കേണ്ടിവന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണമാണ് ലക്ഷ്യം.
ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയ 'ബാക്ക്-ടു-വര്‍ക്കി'ന്റെ രണ്ടാം ബാച്ചിന്റെ പരിശീലനം നവംബര്‍ 18-ന് കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കും. വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മേഖലകളിലൂടെ വനിതകള്‍ക്ക് തങ്ങളുടെ കരിയറിലേക്ക് ചുവടുവെക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭത്തിലൂടെ ഐസിഫോസ് പ്രദാനം ചെയ്യുന്നത്.
രജിസ്‌ട്രേഷന്‍:https://icfoss.in/event/back-to-work-for-women
അവസാന തീയതി: നവംബര്‍ 11
വിവരങ്ങള്‍ക്ക്: 7356610110
ആദ്യ ബാച്ചില്‍ 30 പേര്‍ക്ക് സോഫ്റ്റ്വേര്‍ ടെസ്റ്റിങ്ങില്‍ പരിശീലനം നല്‍കി. ഇതില്‍ 14 പേര്‍ നാലുമുതല്‍ ഒന്‍പതുവര്‍ഷംവരെ രാജ്യത്തെ മുന്‍നിര കമ്പനികളില്‍ ജോലിചെയ്യുകയും തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തവരാണ്. ഈ ബാച്ചില്‍ പരിശീലനം നേടിയ നാലുപേര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ദുബായ് ആസ്ഥാനമായ കമ്പനിയിലും ജോലി നേടി. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്' എന്ന വിഷയത്തില്‍ പരിശീലനം നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. - ഡോ. ആര്‍.ആര്‍. രാജീവ്, പ്രോഗ്രാം ഹെഡ്, ഐസിഫോസ്