തിരുവനന്തപുരം: അടുത്തമാസം 15ന് ആരംഭിക്കുന്ന കരസേന റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍. ജോലി വാഗ്ദാനംചെയ്ത് മൂന്നു മുതല്‍ അഞ്ചുലക്ഷം രൂപ വരെ ആവശ്യപ്പെടുകയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരക്കാര്‍ക്കെതിരെ കരുതിയിരിക്കണമെന്ന് കരസേന അധികൃതര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുസംഘത്തെക്കുറിച്ച് പോലീസിനു വിവരം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കരസേന നടത്തുന്ന തിരഞ്ഞെടുപ്പുപ്രക്രിയ സുതാര്യമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യത്യസ്ത സംഘങ്ങളാണ് ഓരോ ഘട്ടത്തിലും തിരഞ്ഞെടുപ്പു നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ഉദ്യോഗാര്‍ഥിയുടെ കഴിവും ശാരീരികക്ഷമതയുമാണ് പ്രധാനം.
റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുെടയോ സ്ഥാപനത്തിന്റെയോ സംഘടനയുെടയോ സഹായവാഗ്ദാനങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കരസേനാവക്താവ് അറിയിച്ചു. ഇത്തരം സഹായങ്ങളുമായി ആരെങ്കിലും സമീപിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0471 2351762.