വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് നിയമനത്തിന് ബിരുദം മറച്ചുവെച്ച് അപേക്ഷിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. ഭാവിയിലുണ്ടാകുന്ന തിരഞ്ഞെടുപ്പുനടപടികളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. ഇതിന് കഴിഞ്ഞ കമ്മിഷന്‍ യോഗം അനുമതി നല്‍കി.
അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്കുമുന്‍പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം പരീക്ഷയെഴുതിയവരില്‍നിന്ന് ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തി വാങ്ങും. രേഖാപരിശോധന ആരംഭിക്കുന്നസമയത്ത് ഇതിനുള്ള സന്ദേശം ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കും.
പരിശോധനയില്‍ ബിരുദധാരികളല്ലെന്ന് ഉറപ്പുള്ളവരെ മാത്രം സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇതോടെ യോഗ്യതയുള്ള പരമാവധിയാളുകളെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷയെഴുതിയ ബിരുദധാരികള്‍കൂടി പട്ടികയില്‍ ഉള്‍പ്പെടുന്നപക്ഷം കട്ട്-ഓഫ് മാര്‍ക്ക് ഉയരാന്‍ സാധ്യതയുണ്ടായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി 'തൊഴില്‍വാര്‍ത്ത' കഴിഞ്ഞ ലക്കത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനുവരി 29-ന്റെ കമ്മിഷന്‍ യോഗം വിഷയം ചര്‍ച്ചചെയ്താണ് ശിക്ഷാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.
ബിരുദം മറച്ചുവെച്ച് ധാരാളംപേര്‍ അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്തതായി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. യോഗ്യരായ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതാണിതെന്ന് പരാതിയുയര്‍ന്നു.
ജനുവരി ആറ്, 13 തീയതികളിലായി രണ്ടുഘട്ടമായാണ് ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടത്തിയത്. 14 ജില്ലകളിലുമായി 8,54,811 അപേക്ഷകളാണ് ലഭിച്ചത്. എട്ടരലക്ഷത്തോളംപേര്‍ പരീക്ഷയെഴുതിയതായാണ് കണക്കാക്കുന്നത്. വളരെ കുറച്ചുപേരേ പരീക്ഷയ്‌ക്കെത്താതിരുന്നുള്ളൂ.
ബിരുദധാരികള്‍ക്ക് അപേക്ഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ച് ചിലര്‍ പരീക്ഷയെഴുതിയത്.