വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള സാധ്യതാപട്ടികയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം പേര്‍ കുറയാന്‍ സാധ്യത. 45,000-ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനാണ് കഴിഞ്ഞ പി.എസ്.സി. യോഗം അനുമതി നല്‍കിയത്.
2015-ലെ സാധ്യതാപട്ടികയില്‍ 55,901 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. അന്ന് മുഖ്യപട്ടികയില്‍ 24,914 പേരും ഉപപട്ടികയില്‍ 30,987 പേരും സ്ഥാനം പിടിച്ചിരുന്നു. ഇത്തവണ 14 ജില്ലകളുടെയും മുഖ്യപട്ടികയില്‍ മൊത്തം 22,500 പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. ഉപപട്ടികകൂടി കണക്കാക്കുമ്പോള്‍ മൊത്തം 45,000 പേരുണ്ടാകും.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് കഴിഞ്ഞതിനേക്കാള്‍ ചെറിയ സാധ്യതാപട്ടിക തയ്യാറാക്കുന്നത്. മുഴുവന്‍ ജില്ലകളുടെയും സാധ്യതാപട്ടിക ഏപ്രിലില്‍ പ്രസിദ്ധീകരിക്കും.
മേയ് രണ്ട് മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് രേഖപരിശോധനയ്ക്കുള്ള സമയം നിശ്ചയിച്ചത്. ജൂണ്‍ 30ന് പുതിയ റാങ്ക്പട്ടിക നിലവില്‍ വരും. നിലവിലുള്ള റാങ്ക്പട്ടികയുടെ കാലാവധി ജൂണ്‍ 29ന് അവസാനിക്കും.
14 ജില്ലകള്‍ക്കായി എട്ടര ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുകൊണ്ടാണ് അപേക്ഷകര്‍ കുറഞ്ഞത്. കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ 4.55 ലക്ഷം പേര്‍ കുറഞ്ഞതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള അപേക്ഷകരുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്.
13.10 ലക്ഷത്തില്‍ നിന്ന് 55,901 പേരുടെ സാധ്യതാപട്ടികയാണ് കഴിഞ്ഞ തവണ തയ്യാറാക്കിയതെങ്കില്‍ ഇപ്പോള്‍ 8.54 ലക്ഷം പേരില്‍ നിന്നാണ് 45,000 പേരുടെ പട്ടിക തയ്യാറാക്കുന്നത്. ജനുവരിയില്‍ രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തിയത്. അഞ്ചാം മാസം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയെന്ന വെല്ലുവിളിയാണ് പി.എസ്.സി. ഏറ്റെടുത്തത്.