സ്റ്റാര്‍ട്ടപ്പിലൂടെ വളരുന്ന കോളജുകള്‍


സഞ്ജയ് വിജയകുമാര്‍. ചെയര്‍മാന്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ്

3 min read
Read later
Print
Share

ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു മേല്‍നോട്ടം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE) ദേശീയ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് നയം ഈയിടെ പുറത്തിറക്കിയിട്ടുണ്ട്.

എസ്‌വി.കോയുടെ സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്ഇന്‍കോളജിലേയ്ക്കുള്ള കേരളത്തിലെ ടീമുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയാക്കിയത്. ടീമുകളുടെ എണ്ണത്തിലും ഗുണത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത് യഥാക്രമം പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ്, കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനീയറിങ്, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവയാണ്.

കേരളത്തില്‍ നിന്ന് 23 ടീമുകളിലായി 109 വിദ്യാര്‍ഥികളാണ് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോളജില്‍വച്ച് ഇവര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു രൂപം നല്‍കുകയും അമേരിക്കയിലെ സിലിക്കണ്‍വാലിയിലുള്ള മെന്‍ലോപാര്‍ക്കിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തുവച്ച് തങ്ങളുടെ സ്റ്റാര്‍ട്ടപ്പുകളുടെ ഉല്പന്നങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും.

ആദ്യസ്ഥാനങ്ങളിലെത്തിയ ഈ മൂന്നു കോളജുകളില്‍ നിന്നായി ആകെ 13 ടീമുകളുണ്ട്. പാലക്കാട് എന്‍എസ്എസില്‍നിന്ന് ഏഴു ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടികെഎമ്മും അമല്‍ജ്യോതിയും മൂന്നു ടീമുകളെ വീതമാണ് സമ്മാനിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ ചില കോളജുകള്‍ കൃത്യമായ മാതൃകയാണ് അവരുടെ പ്രവര്‍ത്തനത്തില്‍ കാഴ്ചവച്ചത്. ഇപ്പോഴത്തെ പുരോഗതി തുടര്‍ന്നുമുണ്ടായാല്‍ ഈ കോളജുകള്‍ സംരംഭകത്വത്തിന്റെയും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന്റെയും കാര്യത്തില്‍ ഇന്ത്യയിലെതന്നെ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്ന് ഉറപ്പാണ്.

സര്‍ക്കാര്‍ എയ്ഡഡ് കോളജായ പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജ്, അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഹരികൃഷ്ണന്റെ നേതൃത്വത്തിലൂടെ, കേരളത്തിലെ ഒന്നാംകിട സംരഭകകേന്ദ്രമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും പരിപാടികള്‍ സംഘടിപ്പിക്കാനും സംരംഭകത്വത്തിന്റെ ചുറുചുറുക്ക് അവര്‍ക്കിടയില്‍ വ്യാപിപ്പിക്കാനും ഹരികൃഷ്ണന്‍ കാണിച്ച നേതൃപാടവമാണ് അവിടെനിന്ന് ഏഴു ടീമുകള്‍ക്ക് സിലിക്കണ്‍വാലി പരിപാടിയിലേയ്ക്ക് സെലക്ഷന്‍ ലഭിക്കാന്‍ കാരണമായത്.

എന്‍എസ്എസില്‍നിന്ന് എസ്‌വി.കോ-യുടെ ആദ്യബാച്ചിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു ടീമിന് നേതൃത്വം നല്‍കുന്ന, അരവിന്ദ് സായി എന്ന വിദ്യാര്‍ഥിയ്ക്ക് Ola Cabs എന്ന സ്റ്റാര്‍ട്ടപ്പില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചിട്ടുണ്ട്.

ഈ ജോലിയും അരവിന്ദിന്റെ പരിചയവുമാണ് തീര്‍ച്ചയായും മറ്റ് വിദ്യാര്‍ഥികള്‍ക്ക് സിലിക്കണ്‍വാലി പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ പ്രചോദനമായത്. മുന്‍നിര ഐടി കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും തുടക്കക്കാര്‍ക്ക് നല്‍കുന്ന പ്രതിമാസ ശമ്പളം 35,000 രൂപയാണെന്നോര്‍ക്കണം.

കേരളത്തിലെ ഏറ്റവും പഴക്കമുള്ള മറ്റൊരു സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിംഗ് കോളജായ കൊല്ലം ടികെഎമ്മില്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നുമില്ലാതിരുന്ന ഉന്മേഷമാണ് പുതിയ പ്രിന്‍സിപ്പല്‍ ഡോ.അയൂബിന്റെ നേതൃത്വത്തില്‍ കാണുന്നത്. നിരവധി മിടുക്കരായ എന്‍ജിനീയര്‍മാരെ സൃഷ്ടിച്ച ചരിത്രവും പാരമ്പര്യവുമാണ് ഈ കോളജിനുള്ളത്.

അജാല്‍ ബാബു, ഏബ്രഹാം എന്നീ വിദ്യാര്‍ഥികള്‍ കോളജില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം കൊണ്ടുവരാന്‍ നടത്തിയ പ്രാഥമിക ശ്രമങ്ങള്‍ക്ക് ഇപ്പോള്‍തന്നെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.

ഒരു പക്ഷേ കേരളത്തിലെ എന്‍ജിനീയറിങ് കോളജുകളില്‍ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളത് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയിലായിരിക്കും. ഇപ്പോള്‍തന്നെ ഈ കോളജില്‍ ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്റര്‍ (ടിബിഐ) ഉണ്ട്. ഇതിന്റെ ചുമതലയുള്ള അധ്യാപകനായ ഷെറിന്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സ്റ്റാര്‍ട്ടപ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാ പിന്തുണയും നല്‍കുന്നു.

ഈ കോളജില്‍ നിന്ന് എസ്‌വി.കോ-യുടെ ആദ്യ ബാച്ചില്‍ സ്ഥാനം ലഭിച്ച Flipay എന്ന സ്റ്റാര്‍ട്ടപ്പിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പത്തു ലക്ഷം രൂപ തുടക്ക ശമ്പളത്തില്‍് FreeCharge എന്ന ബാങ്കിംഗ് വോലെറ്റ് ഏറ്റെടുത്തു. ഈ നേട്ടമാണ് മറ്റു വിദ്യാര്‍ഥികളെ സ്റ്റാര്‍ട്ടപ്പ് മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഈ കോളജുകളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് പ്രേരകമായ ഘടകങ്ങള്‍:

1. സംരംഭകത്വത്തിനും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിനും പ്രിന്‍സിപ്പല്‍മാരും കോളജ് മാനേജ്‌മെന്റുകളും നല്‍കുന്ന ശക്തമായ പിന്തുണ
2. ഡിജിറ്റല്‍ ഇന്‍ക്യുബേറ്ററിലൂടെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള വിദ്യാര്‍ഥികളുടെ തീവ്രമായ ആഗ്രഹം
3. ജൂനിയേഴ്‌സിന് വഴി കാട്ടിയും മാതൃകകളായി പ്രവര്‍ത്തിച്ചും കോളജിന് എന്തെങ്കിലും തിരിച്ചുനല്‍കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ കാണിക്കുന്ന അഭിനിവേശം

കോളജില്‍ പഠിക്കുന്ന കാലത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രൂപം നല്‍കാനും ഈ സംരംഭങ്ങളുമായി മുന്നോട്ടുപോകാനും അങ്ങനെ സ്റ്റാര്‍ട്ടപ്പ് എന്‍ജിനീയര്‍മാരാകാനും ഇന്ത്യയിലെങ്ങും വിദ്യാര്‍ഥികളില്‍ വലിയ താല്പര്യമാണ് ഇപ്പോഴുള്ളത്. ക്യാംപസിലെ മികച്ച വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വേരുറയ്ക്കുകയാണ്.

ക്യാംപസില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വന്തം സ്റ്റാര്‍ട്ടപ്പുകളുമായി മുന്നോട്ടുപോകാനോ അല്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളുടെ ഭാഗമാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ അവസരം ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു മേല്‍നോട്ടം വഹിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE) ദേശീയ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് നയം ഈയിടെ പുറത്തിറക്കിയിട്ടുണ്ട്.

കോളജുകളില്‍ പഠിക്കുമ്പോള്‍തന്നെ അനായാസം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രൂപം നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേരള സാങ്കേതിക സര്‍വകലാശാലയും സ്റ്റാര്‍ട്ടപ്പ് നയത്തിന് രൂപം നല്‍കിയിട്ടുണ്ട്.

കോളജില്‍വച്ചുതന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പ് എന്ന ലക്ഷ്യം തുടക്കത്തില്‍തന്നെ നേടുന്നതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചിരിക്കുന്നു. ഇതിനായി ഫണ്ടിംഗ് നേടുന്നതിലും മികച്ച ജോലി സ്വന്തമാക്കുന്നതിലും എഐസിടിഇ, സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ആവശ്യമായ പിന്തുണ നേടുന്നതിലുമെല്ലാം വിജയിച്ചത്, സൂചിപ്പിക്കുന്നത് കൂടുതല്‍ കോളജുകള്‍ക്ക് ഇത്തരം മികവിന്റെ കേന്ദ്രങ്ങളാകാന്‍ സാധ്യതയുണ്ട് എന്നാണ്.

ഇത്തരം കോളജുകള്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുകയും മികച്ച ജോലി ലഭിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്യും. തങ്ങളുടെ സ്ഥാപനങ്ങളില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന് അടിത്തറയിട്ട പാലക്കാട് എന്‍എസ്എസ്, കൊല്ലം ടികെഎം, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്നീ കോളജുകളുടെ പ്രിന്‍സിപ്പല്‍മാരെയും മാനേജ്‌മെന്റുകളെയും ഞാന്‍ ഒരിക്കല്‍കൂടി അഭിനന്ദിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram