ഒരേപോലെയുള്ള തലച്ചോറുമായിട്ടല്ല എല്ലാവരും ജനിക്കുന്നത്. പഠിക്കാനും മനസിലാക്കാനുമുള്ള കഴിവ് ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. സംരംഭകരുടെ ഈ സ്വഭാവം കണക്കിലെടുത്താണ് സ്റ്റാര്‍ട്ടപ്പ് വില്ലേജും മുന്നേറുന്നത്.
കുട്ടികള്‍ അവരുടെ സമയമെടുത്ത് പഠിക്കണം. സാമാന്യ തത്വങ്ങള്‍ മനസിലാക്കി പരിശീലനം നേടണം. വ്യവസായം കെട്ടിപ്പടുക്കുന്നിനുവേണ്ട വൈദഗ്ധ്യം സ്വന്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നത് മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളജിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപം നല്‍കിയ എസ്‌വൈഎം (SYMSave Your Money) എന്ന സ്റ്റാര്‍ട്ടപ്പാണ്.
എബിന്‍ ഏലിയാസ്, അരവിന്ദ്, അശ്വിന്‍ അനില്‍, സാറാ ഏബ്രഹാം, വിവേക് ശശിധരന്‍ എന്നീ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് ടീമംഗങ്ങള്‍. 2015 ലാണ് ഇവര്‍ എസ്‌വി.കോയുടെ ആദ്യ ബാച്ചിലേയ്ക്ക് അപേക്ഷ നല്‍കുന്നത്. ഇവരുടെ സ്റ്റാര്‍ട്ടപ്പില്‍ ഓരോരുത്തരും ഓരോ ജോലി ചെയ്യുന്നു.
നല്ലത് പാര്‍ട്ണര്‍ഷിപ്പ്
ഒരാള്‍ പ്രോഡക്ട്, രണ്ടാമത്തെയാള്‍ എന്‍ജിനീയറിംഗ്, മറ്റൊരാള്‍ ഡിസൈന്‍. പിന്നെയുള്ളവര്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്.. എന്നിങ്ങനെ പോകുന്നു ഉത്തരവാദിത്തങ്ങള്‍. നിയമപ്രകാരം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി എസ്‌വൈഎം രജിസ്റ്റര്‍ ചെയ്യുന്നത് 2016 സെപ്റ്റംബര്‍ പത്തിനായിരുന്നു.
അപ്പോഴേയ്ക്കും അവരുടെ സ്റ്റാര്‍ട്ടപ്പ് തുടങ്ങി 424 ദിവസം കഴിഞ്ഞിരുന്നു. പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമായിരുന്ന എസ്‌വൈഎം കമ്പനിയാകുന്നത് ആ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു കാല്‍വയ്പായിരുന്നു.
തുടക്കം പാര്‍ട്ണര്‍ഷിപ്പ് ആകുന്നത് നല്ലതാണെന്ന് ഞങ്ങള്‍ വിദ്യാര്‍ഥികളോട് പറയുന്നതിന് കാരണമുണ്ട്. ഒരു കമ്പനിയാകുമ്പോള്‍ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും പാര്‍ട്ണര്‍ഷിപ്പിലും വേണം. ബാങ്ക് അക്കൗണ്ട്, കരാറുകളില്‍ ഒപ്പിടല്‍ എന്നിങ്ങനെ എല്ലാം.
എന്നാല്‍, തുടക്കത്തില്‍ കമ്പനിയെ അപേക്ഷിച്ച് പാര്‍ട്ണര്‍ഷിപ്പിന് കുറെ മെച്ചങ്ങളുണ്ട്. സ്റ്റാര്‍ട്ടപ്പ് ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ അപ്പോള്‍തന്നെ എളുപ്പത്തില്‍ അടച്ചുപൂട്ടാം. അതുപോലെതന്നെ തുടങ്ങുന്നതും എളുപ്പമാണ്. കമ്പനി തുടങ്ങുന്നത് താരതമ്യേന പ്രയാസമുള്ള കാര്യമാണ്, അടച്ചുപൂട്ടുന്നത് ഏറെക്കാലം നീളുന്ന പ്രക്രിയയുമാണ്.
കമ്പനിയിലേക്ക്
തങ്ങളുടെ പാര്‍ട്ണര്‍ഷിപ്പ് മോശമല്ലെന്ന് സ്വയം തോന്നുകയും അതര്‍ഹിക്കുന്ന ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യണമെന്ന് ടീമിന് തോന്നുകയാണെങ്കില്‍ കമ്പനിയായി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാം. കോളജില്‍നിന്ന് ബിരുദം കഴിഞ്ഞ് പുറത്തിറങ്ങിയാലും ഈ സ്റ്റാര്‍ട്ടപ്പുമായി തുടരാം.
സ്റ്റാര്‍ട്ടപ്പില്‍ നിന്ന് പഠിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് എന്താണെന്ന് മനസിലാക്കാന്‍ തന്നെ അവര്‍ക്ക് ഒരു വര്‍ഷത്തോളം വേണം. അതില്‍ ചെയ്യേണ്ട കാര്യങ്ങളുടെ കാഠിന്യം, അതുമായി മുന്നോട്ടുള്ള പോക്ക്, അതല്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പില്‍നിന്ന് പഠിച്ചെടുത്ത കാര്യങ്ങളും അതില്‍നിന്നുള്ള അനുഭവങ്ങളും കൂടി പകര്‍ത്തി നല്ലൊരു ജോലി സ്വീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കണമെങ്കില്‍ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് നന്നായി പഠിച്ചേ തീരു.
എസ്‌വൈഎം സംഘത്തിന്റെ ആദ്യ പ്രധാന നേട്ടം ബാംഗ്ലൂരില്‍ ആര്‍ബിഎല്‍ ബാങ്കും '1 ക്രൗഡും' ചേര്‍ന്ന് സംഘടിപ്പിച്ച 'ബിഗ് പിച്ച്' മത്സരത്തിലെ വിജയം ആയിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റ് ചെയ്ത് 1 ക്രൗഡ് ഊര്‍ജം പകരുന്ന ഇന്‍സ്പയര്‍ എന്ന ആധുനിക ഇന്‍കുബേറ്ററിലേയ്ക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഈ ഇന്‍കുബേറ്ററില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയാണെങ്കില്‍ ടീമിന് 25 ലക്ഷം രൂപയുടെ ഫണ്ടിംഗ് ലഭിക്കാനുള്ള അവസരമുണ്ട്. 'ബിഗ് പിച്ച്' 2016 നവംബര്‍ 26 നായിരുന്നു. അതായത് അവര്‍ സ്റ്റാര്‍ട്ടപ് തുടങ്ങി 501 ദിവസത്തിനുശേഷം. ഈ ദേശീയ മത്സരത്തില്‍ അവര്‍ വിജയിച്ചതിനു കാരണം പല തവണ അവര്‍ സ്വന്തം സ്റ്റാര്‍ട്ടപ്പില്‍ പരിശീലനം നടത്തുകയും എല്ലാ കാര്യത്തിലും കൃത്യത കൊണ്ടുവരികയും ചെയ്തു എന്നതാണ്.
പഠിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പില്‍ പങ്കാളിയാവുക
അവരുടെ യാത്ര എങ്ങനെയായിരുന്നു എന്നു നോക്കാം. സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കി 60 ദിവസത്തിനകം, 2015 സെപ്റ്റംബറില്‍ അവര്‍ യെസ്‌കാന്‍ എന്ന മീറ്റില്‍ അവതരണം നടത്തി. എണ്‍പത്തിയെട്ടാം ദിവസം 2015 ഒക്‌ടോബറില്‍ എസ്‌വി.കോയില്‍ ഇന്റേണല്‍ പിച്ചിനെത്തി.
തുടര്‍ന്ന് വിവിധ ഇവന്റുകളില്‍ അവരുടെ യാത്ര എങ്ങനെയെന്ന് നോക്കാം: ദിവസം 93: 2015 ഒക്‌ടോബര്‍ ഐസിഐസിഐ ബാങ്ക്, ദിവസം 115: നവംബര്‍ 2015 ടൈക്കോണ്‍, ദിവസം 179: ജനുവരി 2016 കെറ്റ്‌കോണ്‍, ദിവസം 270: ഏപ്രില്‍ 2017 ടിഇഎസ് കൊല്ലം ടികെഎം.
അങ്ങനെ ദിവസം 501 ആയപ്പോള്‍ അവര്‍ ബാംഗ്ലൂരിലെത്തി. കമ്പനിയുടെ ഈ യാത്രാപ്പട്ടിക ഇവിടെ കാണാം: https://www.sv.cots/artupss/ym.
വായനക്കാര്‍ ഒരു കാര്യം മനസിലാക്കണം. ചെങ്ങന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രൊഫൗണ്ടിസ് ലാബ്‌സ്‌നെപ്പോലെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നാല് വ്യത്യസ്തമായ ഉല്പന്നങ്ങള്‍ പരീക്ഷിച്ചശേഷമാണ് സാമ്പത്തികമായി വിജയം നേടിയത്.
നിങ്ങള്‍ ഒരു കോളജിലോ സ്‌കൂളിലോ പഠിക്കുകയാണെങ്കില്‍ വളരെ നേരത്തെ തന്നെ സ്റ്റാര്‍ട്ടപ്പില്‍ ജോലി ചെയ്യുന്നത് നല്ലതാണ്. അങ്ങനെയാണെങ്കില്‍ ഓരോ ശ്രമത്തിലും പഠനത്തിന് പല തരത്തിലുള്ള അവസരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഓരോ ശ്രമത്തിലും സമയമെടുത്ത് നിങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള അവസരവും ലഭിക്കും.
ഒരു കാര്യം പ്രത്യേകം പറയാതിരിക്കാന്‍ വയ്യ. മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളജിലെ അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സ്റ്റാര്‍ട്ടപ്പുകളില്‍ തങ്ങളുടെ കഴിവു വികസിപ്പിക്കാന്‍ അനുവദിച്ചത് അങ്ങേയറ്റം സ്തുത്യര്‍ഹമാണ്.
എസ്‌വി.കോയുടെ സ്റ്റാര്‍ട്ട്ഇന്‍കോളജ് സിലിക്കണ്‍വാലി പദ്ധതിയില്‍ സ്റ്റാര്‍ട്ടപ്പുകളുമായെത്തിയ പുതിയ ടീമുകളെ അടുത്തയാഴ്ച മുതല്‍ പരിചയപ്പെടുത്താം. വിദ്യാര്‍ഥികളില്‍ സംരംഭകത്വം സംസ്‌കാരമായി വളര്‍ത്തിയെടുത്ത കേരളത്തിലെ രണ്ട് എന്‍ജിനീയറിംഗ് കോളജുകളെക്കുറിച്ചും പറയാം.