താരമായി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍


സഞ്ജയ് വിജയകുമാര്‍. ചെയര്‍മാന്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ്‌

4 min read
Read later
Print
Share

കറന്‍സി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിന് നോട്ടുപിന്‍വലിക്കല്‍ തീരുമാനം ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു. പണമിടപാടുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേയ്ക്ക് വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകളില്‍ സാമ്പത്തിക സാങ്കേതികവിദ്യ (ഫൈനാന്‍ഷ്യല്‍ ടെക്‌നോളജി) പരീക്ഷിക്കുന്ന ഒരു വിഭാഗമുണ്ട്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നാണ് അവയെ വിളിക്കുന്നത്. നോട്ടുപിന്‍വലിക്കലിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് ഇവയ്ക്കാണ്

നോട്ടു പിന്‍വലിക്കല്‍ തീരുമാനം വന്നിട്ട് ഇപ്പോള്‍ നാല് ആഴ്ചയയായി. ഈ തീരുമാനം ശരിയോ തെറ്റോ എന്നതിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും പൊടിപൊടിക്കുകയാണ്. കള്ളപ്പണം ഇല്ലാതാക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയുമോ എന്നതും വലിയ ചര്‍ച്ചാവിഷയമാണ്.

ഒരു കാര്യം ഉറപ്പാണ്, കറന്‍സി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രയാണത്തിന് നോട്ടുപിന്‍വലിക്കല്‍ തീരുമാനം ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു. പണമിടപാടുകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേയ്ക്ക് വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.

ഈ ചടുലനീക്കങ്ങളെ സ്റ്റാര്‍ട്ടപ്പ് ലോകവുമായി ബന്ധപ്പെടുത്തിനോക്കാം. സ്റ്റാര്‍ട്ടപ്പുകളില്‍ സാമ്പത്തിക സാങ്കേതികവിദ്യ (ഫൈനാന്‍ഷ്യല്‍ ടെക്‌നോളജി) പരീക്ഷിക്കുന്ന ഒരു വിഭാഗമുണ്ട്. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നാണ് അവയെ വിളിക്കുന്നത്. നോട്ടുപിന്‍വലിക്കലിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് ഇവയ്ക്കാണ്.

ഇതാണ് ഫിന്‍ടെക്

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രധാനമായും എന്താണ് ചെയ്യുന്നതെന്ന് നോക്കാം. ഒരു മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ പണം മറ്റൊരു വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യുകയാണ് ഇവയുടെ ജോലി. മൊബൈല്‍ വാലെറ്റ് ഉപയോഗിച്ചും ബാങ്ക് അടിസ്ഥാനമാക്കിയും രണ്ട് രീതിയിലാണിത്.

മൊബൈല്‍ വാലെറ്റ് അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഏറ്റവും പ്രശസ്തമായത് Paytm ആണ്. പ്രമുഖ ചൈനീസ് ഇകൊമേഴ്‌സ് സ്ഥാപനമായ അലിബാബയാണ് പേടിഎമ്മിന്റെ 40 ശതമാനം ഓഹരികള്‍ കൈയാളുന്നത്.

കഴിഞ്ഞ വര്‍ഷം 64 കോടി അമേരിക്കന്‍ ഡോളറാണ് (4,300 കോടി രൂപ) പേടിഎമ്മില്‍ നിക്ഷേപിച്ചത്. ഇത്രയും പണം നിക്ഷേപിക്കുന്നതില്‍ നിന്നുതന്നെ മനസിലാക്കാം, അടുത്ത അഞ്ച് 10 വര്‍ഷത്തിനുള്ളില്‍ എത്രത്തോളം വളര്‍ച്ചയാണ് ഈ മേഖല കൈവരിക്കാന്‍ പോകുന്നതെന്ന്.

സ്മാര്‍ട്ട്‌ഫോണ്‍ ബാങ്കായി മാറുമ്പോള്‍

എന്തായിരിക്കാം ഈ വിശ്വാസത്തിന്റെ അടിസ്ഥാനം..? മറ്റൊന്നുമല്ല, ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിന്റെ അതിഭീകരമായ വളര്‍ച്ച തന്നെ. 2005 ല്‍ ഇന്ത്യയില്‍ അഞ്ചു കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണുണ്ടായിരുന്നത്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇത് നൂറു കോടിയിലെത്തി. അടുത്ത അഞ്ച്, പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് ഫോണുകളാകും.

പോക്കറ്റിലൊതുക്കാവുന്ന കമ്പ്യൂട്ടറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍. ഇത്തരം കമ്പ്യൂട്ടറുകളുപയോഗിച്ച് മൊബൈല്‍ ബാങ്കിംഗ് അനായാസമായി നടത്താം. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലേക്കനിയെ കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ വച്ച് കാണാനിടയായി.

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നോട്ടുപിന്‍വലിക്കല്‍ സൃഷ്ടിക്കാന്‍ പോകുന്ന ഫലം എന്തായിരിക്കുമെന്ന് അദ്ദേഹത്തോട് ഞാന്‍ ആരാഞ്ഞു. ഫിന്‍ടെക് മേഖലയില്‍ മൂന്നു വര്‍ഷം കൊണ്ടുണ്ടാകാന്‍ പോകുന്ന മാറ്റം ഇനിയിപ്പോള്‍ മൂന്നു മാസം കൊണ്ടു സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് ' Chillr'ന്റെ സ്ഥിതിയെന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

പണമിടപാടിലെ വാട്‌സ്ആപ്പ്

മോബ്മി രൂപം നല്‍കിയ പേയ്‌മെന്റ് ആപ്ലിക്കേഷനാണ് ' Chillr'. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍നിന്ന് 60 കോടി രൂപ നിക്ഷേപം ലഭിക്കുന്ന കേരളത്തിലെ ആദ്യ സംരംഭമാണിത്. സിലിക്കണ്‍ വാലിയിലെ സെക്വിയ ക്യാപിറ്റല്‍ ആണ് ചില്ലറില്‍ നിക്ഷേപം നടത്തിയത്. ഗൂഗിള്‍ എന്താണെന്ന് ലോകം അറിയുന്നതിനു മുമ്പ് അതില്‍ നിക്ഷേപം നടത്തിയ സ്ഥാപനമാണ് സെക്വിയ.

നേരിട്ടുള്ള ബാങ്ക്അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനാണ് ചില്ലര്‍. കഴിഞ്ഞ നാല് ആഴ്ചകളില്‍ ചില്ലര്‍ ഡൗണ്‍ലോഡ് നിരക്ക് 500 ശതമാനമായി വര്‍ധിച്ചു. പണമിടപാടുകളിലെ വാട്‌സ്ആപ്പ് ആണ് ചില്ലര്‍ എന്നുപറയാം.

വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുന്ന അനായാസതയോടെ, എടിഎം പിന്നിന് സദൃശമായ നാലക്ക കോഡ് ഉപയോഗിച്ച് പണം ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേയ്ക്ക് കൈമാറാം. പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള Freecharge, ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ നാസ്‌പേര്‍സ് നിക്ഷേപം നടത്തിയിട്ടുള്ള PayU എന്നിവയാണ് വാലെറ്റ് അടിസ്ഥാനമാക്കിയുള്ള പ്രധാന ആപ്ലിക്കേഷനുകള്‍.

റോള്‍മോഡലാകുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ന് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖല 1980ലെ സിലിക്കണ്‍വാലിക്ക് സദൃശമാണ്. അക്കാലത്താണ് അമേരിക്കിയില്‍ ആപ്പിളും മൈക്രോസോഫ്റ്റും ജനിച്ചത്. അവ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ പെടുന്നു. തുടക്കത്തില്‍ ഉദ്ദേശിച്ചതിനപ്പുറം എത്രയോ കൂടുതല്‍ സേവനങ്ങളാണ് ഇന്ന് ഈ കമ്പനികള്‍ നല്‍കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ചയ്ക്കനുസരിച്ച് ഇന്ത്യ കറന്‍സി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍നിന്ന് കറന്‍സി രഹിത വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ അടുത്ത അഞ്ച്പത്ത് വര്‍ഷത്തില്‍ പേടിഎം, ചില്ലര്‍, ഫ്രീചാര്‍ജ്, മൊബിക്വിക്ക് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാനാവും.

ഈ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ആയിരക്കണക്കിന് പുത്തന്‍ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ ഇത്തരം പെയ്‌മെന്റ് പരിഹാരമാര്‍ഗങ്ങള്‍ക്കു മേല്‍ രൂപപ്പെടും. ഒരുദാഹരണം പറയാം. സാമൂഹിക ലക്ഷ്യത്തോടെ ചെറുതും വലുതുമായി പത്തു രൂപ മുതല്‍ 50 രൂപവരെ സംഭാവന ചെയ്യാന്‍ നമുക്ക് ഉദ്ദേശമുണ്ടെന്ന് വയ്ക്കുക.

സാധാരണഗതിയില്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെയാണെങ്കില്‍ ഇതിനുവേണ്ടിവരുന്ന ശ്രമം കഠിനമാണ്. പക്ഷേ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മോശമല്ലാത്ത രീതിയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുന്നത്ര എളുപ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ സംഭാവന എത്ര ചെറുതാണെങ്കില്‍പോലും വ്യവസ്ഥാപിതമായ രീതിയില്‍തന്നെ നല്‍കാന്‍ കഴിയും.

ടെക് ആകുന്ന സമ്പദ് വ്യവസ്ഥ

ഫിന്‍ടെക് സാറ്റാര്‍ട്ടപ്പുകള്‍ വ്യാപകമാകുന്നതിന്റെ നേട്ടം ചെറുകിട വ്യാപാരസംരംഭ മേഖലകളിലാണ് കാണാന്‍ കഴിയുക. ചെറിയ കടയുടമകള്‍, ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍, മീന്‍കച്ചവടക്കാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ക്കൊന്നും ഇന്ന് സ്വന്തം കണക്കുകള്‍ ഒരിടത്തും ബോധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്തെങ്കിലും ഒരു വായ്പ സംഘടിപ്പിക്കണമെങ്കില്‍ ഇത്തരം കണക്കുകള്‍ കൂടിയേ തീരു.

അതേസമയം ഡിജിറ്റല്‍ രീതിയില്‍ ആപ്പുകള്‍ ഉപയോഗിച്ച് തങ്ങളുടെ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ ഈ കണക്കുകള്‍ രേഖപ്പെടുത്തപ്പെടും. ഈ രേഖകള്‍ സ്റ്റേറ്റ്‌മെന്റുകളായി മാറുമ്പോള്‍ ബാങ്കുകള്‍ക്ക് അവ പരിശോധിച്ച് ഈ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്ക് ചെറിയ തോതിലാണെങ്കില്‍പോലും കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കാന്‍ കഴിയും.

ഈ വായ്പകളുപയോഗിച്ച് ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വലുതാക്കാനും അങ്ങനെ വലിയ വായ്പകള്‍ക്ക് അര്‍ഹത നേടി കൂടുതല്‍ ബിസിനസ് നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയും.
ലാന്‍ഡ്‌ഫോണുകളില്‍ നിന്ന് ടെലിഫോണ്‍ വ്യവസായം മൊബൈല്‍ ഫോണിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതുപോലെയാണ് മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് കറന്‍സി അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍നിന്ന് ഇലക്‌ട്രോണിക് രൂപത്തിലുള്ള കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള മാറ്റം.

നോട്ടുപിന്‍വലിക്കലിന്റെ ഗുണദോഷങ്ങളെക്കുറിച്ച് രാഷ്ട്രീയ, സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരട്ടെ. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ഫൈനാന്‍ഷ്യല്‍ സ്റ്റാര്‍ട്ടപ്പ് മേഖല കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്. വരുംവര്‍ഷങ്ങളില്‍ വളരെയധികം ശ്രദ്ധ നേടുന്ന ഒരു മേഖലയായിരിക്കും ഇത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram