ഉദ്യോഗാര്‍ഥിയുടെ അറിവ്, കഴിവ്, അനുഭവം; ഇത് മൂന്നും പരിഗണിച്ചാണ് ഒരു സ്ഥാപനം ജോലിക്കെടുക്കുന്നത്. പദവികള്‍ ഉയരും തോറും വേതനം വര്‍ധിക്കുമെന്നത് സാധാരണ വിവരമാണ്. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചതുകൊണ്ടും ഇതുവഴി കൂടുതല്‍ അറിവും അനുഭവവും കഴിവും നേടിയതുകൊണ്ടുമാണ്.
പരമ്പരാഗത രീതിയനുസരിച്ച് ഒരു സ്ഥാപനത്തില്‍ 'ഫ്രഷര്‍' ആയി പ്രവേശിക്കുന്നതോടെ കരിയറിന്റെ തിളക്കമുള്ള പാത ആരംഭിക്കുകയായി. പിന്നീട് മൂന്ന് വര്‍ഷത്തില്‍ ജൂനിയര്‍ മാനേജര്‍, 5 വര്‍ഷത്തില്‍ മാനേജര്‍, 10 വര്‍ഷത്തില്‍ സീനിയര്‍ മാനേജര്‍, 15 വര്‍ഷത്തില്‍ മാനേജ്‌മെന്റിലെ ഉന്നത സ്ഥാനത്ത് പ്രവേശനം, ഒടുവില്‍ 20 വര്‍ഷത്തിന് ശേഷം നേതൃനിരയിലെത്തുക.
ഈ പഠനപ്രക്രിയയെ വേഗത്തിലാക്കാനുള്ള പുതുവഴിയാണ് സ്റ്റാര്‍ട്ടപ്പുകള്‍. ചുരുങ്ങിയ സമയം കൊണ്ട് ധാരാളം അനുഭവം എന്നതാണ് സ്റ്റാര്‍ട്ടപ്പ് ജീവിതത്തിലെ പഠനസിദ്ധാന്തം.
ഒരിക്കലല്ല, പലയാവര്‍ത്തി പരാജയപ്പെടുന്നതും ആ പരാജയങ്ങളില്‍ നിന്ന് തിരിച്ചുവരുന്നതും, അവയില്‍ നിന്ന് ധാരാളം നവീന അനുഭവങ്ങളും കഴിവുകളും നേടുന്നതടക്കമുള്ള സാഹസികയാത്രയാണിത്.
ഈ ഭൂമിയില്‍ ചെലവിടുന്ന വെറും 25,000 ദിവസങ്ങളില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം വ്യക്തികള്‍ക്ക് ഇങ്ങനെയുള്ള പഠനം സാധ്യമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
തീര്‍ച്ചയായും, വേഗമേറിയതും വളരെയധികം പ്രയാസമേറിയതുമാണ് ഈ മാര്‍ഗ്ഗം. ലോകത്ത് മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളാണ് ഏറ്റവും അനുയോജ്യമായ വാഹനം.
നിങ്ങളുടെ പരീക്ഷണം പരാജയപ്പെട്ടാലും, സ്റ്റാര്‍ട്ടപ്പ് വെല്ലുവിളിയിലൂടെ നിങ്ങള്‍ നേടിയെടുത്ത അറിവും അനുഭവവും കഴിവും വളരെ വിലപ്പെട്ടതാണ്. ഇത് പരിഗണിച്ച് നിങ്ങളെ ഉയര്‍ന്ന വേതനത്തില്‍ ജോലിക്കെടുക്കാന്‍ ധാരാളം സ്ഥാപനങ്ങള്‍ ഉണ്ട്.
ഇതിന് നല്ല ഉദാഹരണണാണ് തിരുവനന്തപുരം ശ്രീ ചിത്ര കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥികളായിരുന്ന വര്‍ഗീസ് ജോര്‍ജ്, സിദ്ധാര്‍ഥ് നായര്‍, രഞ്ജിത്ത് വാര്യര്‍, രാഹുല്‍ പ്രകാശ് എന്നിവര്‍.
പഠന സമയത്ത് ഇവര്‍ Zpay എന്ന സംരംഭത്തിന് തുടക്കമിട്ടു. വേണ്ട രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞില്ല. എന്നാലും ഇവര്‍ നേടിയ അറിവും അനുഭവവും ടാലിയില്‍ ജോലി നേടാന്‍ സഹായകമായി.
ഇവരിപ്പോള്‍ ടാലി സ്ഥാപകന്‍ ഭരത് ഗോയങ്കയ്‌ക്കൊപ്പമാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം നടന്നത് 261 ദിവസങ്ങള്‍ക്കുള്ളിലാണ്.
വിജയിക്കുന്നവര്‍ ഭാവിയെ രൂപീകരിക്കുന്ന ഉത്പ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളാകും. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗൂഗിള്‍, ആന്‍ഡ്രോയിഡ്, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങളാണ്. നിങ്ങളെപ്പോലെ തന്നെ ഒരു വ്യക്തിയുടെ ദിവാസ്വപ്നത്തിലെ ലോകം സൃഷ്ടിച്ചവരാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍.
അവര്‍ അവരുടെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് യാഥാര്‍ഥ്യമാക്കി എന്നുമാത്രം. സിലിക്കണ്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ നല്ലൊരു ഭാവി നിര്‍മിക്കാമെന്ന് പഠിപ്പിക്കാനുള്ള വേദി ഒരുക്കുകയാണ് എസ്‌വി. കോ ചെയ്യുന്നത്.
സ്വന്തം സ്വപ്നങ്ങളെ പിന്തുടരുന്ന കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ നിന്നുള്ള 20 വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് സംഘങ്ങളുടെ സിലിക്കണ്‍വാലി വരെയുള്ള യാത്രകള്‍ അടുത്ത ഏതാനും മാസങ്ങളിലൂടെ, ഈ കോളത്തില്‍ പരിചയപ്പെടുത്താം.