അടുത്ത കാലത്തായി നമുക്കു ചുറ്റും ഒരു മന്ത്രം പോലെ കേള്‍ക്കുന്ന വാക്കാണ് സ്റ്റാര്‍ട്ടപ്പ്. ഇവിടെ മാത്രമല്ല, ലോകം മുഴുവന്‍ അതിങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ജോലി അല്ലെങ്കില്‍ ഉന്നതപഠനം എന്നതിനു തുല്യമായി സ്റ്റാര്‍ട്ടപ്പുകളെയും ജനം, പ്രത്യേകിച്ച് പുത്തന്‍ തലമുറ ഏറ്റെടുത്തിരിക്കുന്നു.
ഒരു 'പുതിയ സംരംഭം' എന്ന് നമുക്ക് പൊതുവായി മലയാളത്തില്‍ സ്റ്റാര്‍ട്ടപ്പ് എന്ന വാക്കിനെ തര്‍ജമ ചെയ്യാമെങ്കിലും ഈ വാക്കുകള്‍ക്കപ്പുറമാണ് സ്റ്റാര്‍ട്ടപ്പിന്റെ അര്‍ഥം. ഇനി അല്പം സാങ്കേതികത്വം ആ വാക്കിന് നല്‍കിയാല്‍ സ്റ്റാര്‍ട്ടപ്പിനെ 'നമ്മെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുന്ന ആശയം നടപ്പാക്കാനുള്ള സംവിധാനം' എന്നു നിര്‍വചിക്കാം.
അതൊരു കമ്പനിയാകാം, ഒരു കൂട്ടായ്മയാകാം. ആശയം സേവനമാകാം, ഉല്പന്നമാകാം. ഇത്രയൊക്കെ പരത്തിപ്പറഞ്ഞാലും സ്റ്റാര്‍ട്ടപ്പ് ഒരു ആശയത്തിനും ഒരു സംവിധാനത്തിനുമപ്പുറമുള്ള എന്തോ ആണ്. അതൊരു പരീക്ഷണം കൂടിയാണ്. തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് നയിക്കുന്ന പരീക്ഷണം. ഇതെല്ലാംകൂടിച്ചേര്‍ത്ത് ഞാന്‍ പറയും, സ്റ്റാര്‍ട്ടപ്പ് ഒരു സംസ്‌കാരമാണ്.
ഈ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം സൃഷ്ടിക്കുന്നതിനു പശ്ചാത്തലമാകുന്നത് ഒരുതരം പ്രത്യേക മാനസികാവസ്ഥയാണ്. സംസ്‌കാരമെന്നത് നമ്മുടെ സ്വഭാവ രീതികളുടെയും വിശ്വാസങ്ങളുടെയും ആകെത്തുകയാണ്. അല്പംകൂടി കടത്തി ചിന്തിച്ചാല്‍ രണ്ടു കാര്യങ്ങളാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്.
ഒന്ന്: ബുദ്ധി ഉപയോഗിച്ച് നാം നേടിയെടുക്കുന്ന കാര്യങ്ങള്‍.
രണ്ട്:ദിനംപ്രതി നമുക്ക് എടുക്കേണ്ടിവരുന്ന അസംഖ്യം തീരുമാനങ്ങള്‍. അങ്ങനെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും തൊട്ടുതലോടി പോകുന്നതാണ് സംസ്‌കാരം.
ഇനി സ്റ്റാര്‍ട്ടപ്പുകള്‍ ഒരു സംസ്‌കാരമാകുന്നത് എങ്ങനെയെന്ന് നോക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്കു പിന്നാലെയുള്ള ഇന്നത്തെ പരക്കംപാച്ചില്‍ കണക്കിലെടുക്കുമ്പോള്‍ ഒരു സാധാരണ വ്യക്തിക്ക് തോന്നാം, ഇത് മധ്യവര്‍ഗത്തിന്റെ ഒരു തരം ഭ്രമാവസ്ഥയാണെന്ന്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള, പ്രശസ്തി നേടിയെടുക്കാനുള്ള മാനസികാവസ്ഥ. ഒരു തരം ചൂതുകളിയാണെന്നും ചിലര്‍ക്കു തോന്നും. പെട്ടെന്ന് ശതകോടികള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ മനുഷ്യനെ പാപ്പരാക്കുന്ന ചൂതുകളി.
പക്ഷേ പുതുമ തേടാനുള്ള മനുഷ്യമനസിനെ സംസ്‌കാരം എന്നും സ്വാധീനിച്ചിട്ടുണ്ട്. ഈ പുതുമയിലൂടെ മനുഷ്യജീവിതത്തിന്റെ വൈഷമ്യാവസ്ഥകളിലേക്ക് കടന്നുചെന്ന് ആശ്വാസം നല്‍കാനുള്ള ഒരു തരം ശസ്ത്രക്രിയയാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നു ഞാന്‍ പറയും.
ഈ ശസ്ത്രക്രിയയില്‍ അപകടങ്ങളുണ്ടാകാം. അതേസമയം നിലവിലുള്ള സ്ഥിതിയെ അത് മാറ്റിമറിച്ച് മുന്നേറിയെന്നുംവരാം. ഇതുതന്നെയാണ് സ്റ്റാര്‍ട്ടപ് സംസ്‌കാരം. ഉറങ്ങിക്കിടക്കുന്ന മനസുകളിലും പതിവുവഴികളില്‍ സഞ്ചരിക്കുന്ന തലച്ചോറുകളിലും നൂതനത്വത്തിന്റെ ആശയങ്ങള്‍ കുത്തിവയ്ക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യുന്നത്.
പുതുമയ്ക്കുവേണ്ടിയുള്ള ഈ ദാഹം ഏറ്റവും കൂടുതലുള്ളത് യുവമനസുകളിലാണ്. ഭാവിയെക്കുറിച്ച് ധാരാളം സ്വപ്നങ്ങള്‍ പേറിനടക്കുന്ന ഈ മനസുകളില്‍ ധാരാളം ആശയങ്ങളുണ്ട്. ഈ ആശയങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍.
സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനായില്ലെങ്കിലും സ്റ്റാര്‍ട്ടപ് സംസ്‌കാരം യുവാക്കളില്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ പകര്‍ന്നു കൊടുക്കേണ്ടതുതന്നെയാണെന്ന് ഞാന്‍ പറയും. കാരണം അതിലൂടെ അവരിലെ നൈപുണ്യവും അവര്‍ നേടിയെടുക്കുന്ന അറിവുകളും അവരുടെ ഭാവിക്ക് എന്നും ഒരു മുതല്‍കൂട്ടായിരിക്കും.
സ്റ്റാര്‍ട്ടപ് സംസ്‌കാരം സൃഷ്ടിക്കുന്ന ചില സ്വഭാവ വിശേഷങ്ങള്‍ ഇവയാണ്:
- നേതൃത്വബോധം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അധികാരത്തിന്റെ പടിക്കെട്ടുകളില്ല. അതുകൊണ്ടുതന്നെ അതിലെ ഓരോരുത്തരും അവരുടേതായ അധികാരം കൈയാളുന്ന നേതാക്കളാണ്.
- ഉത്തരവാദിത്തം: സ്റ്റാര്‍ട്ടപ്പില്‍ തീരുമാനങ്ങളെടുക്കാന്‍ അതിലെ ഓരോരുത്തര്‍ക്കും അവസരം ലഭിക്കും. പക്ഷേ ഈ തീരുമാനങ്ങളുടെ ഉത്തരവാദിത്തവും അവയുടെ പ്രത്യാഘാതങ്ങളും ആ വ്യക്തിയുടേതായിരിക്കും.
- നിര്‍ഭയത്വം: ഭയം പലതില്‍നിന്നും മനുഷ്യനെ പിന്തിരിപ്പിക്കുന്ന ഒരു തരം വിപരീതവാസ്ഥയാണ്. പരാജയം, അപരിചിതത്വം, വിരുദ്ധാഭിപ്രായങ്ങള്‍, അനിശ്ചിതത്വം തുടങ്ങിയ വിപരീത സ്വഭാവങ്ങള്‍ സൃഷ്ടിക്കുന്ന ഈ അവസ്ഥയെ അതിജീവിക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യുന്നത്.
- അത്യധ്വാനം: നിശ്ചിതമായ പ്രവൃത്തിസമയത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ 24 മണിക്കൂറും അധ്വാനിക്കാന്‍ മനസും ശരീരവും സജ്ജമായിരിക്കും.
- നിശ്ചയദാര്‍ഡ്യവും സ്ഥിരോത്സാഹവും: വീണിടത്തു നിന്ന് ചാടിയെഴുന്നേല്‍ക്കുകയും വീണ്ടും വീഴുകയും എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളാണ് സ്റ്റാര്‍ട്ടപ്പിലെ ഏറ്റവും നല്ല പാഠങ്ങള്‍.
- താദാത്മ്യാവസ്ഥ: സ്വന്തം വാദഗതികളില്‍ കടിച്ച്തൂങ്ങാതെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള മാനസികാവസ്ഥയും അവരുടെ വീക്ഷണകോണില്‍കൂടി കാര്യങ്ങള്‍ കാണാനുള്ള ശേഷിയും.
- പിന്‍കാഴ്ച: മുന്നിലേക്കുമാത്രമല്ല, പുറകിലേക്കും ഒരു കണ്ണുണ്ടായിരിക്കും. എവിടെ പിശകുപറ്റിയെന്ന് മനസിലാക്കി തിരുത്തിമുന്നോട്ടുപോകാന്‍ ഇതു സഹായിക്കും. പണ്ട് കാണാതിരുന്നതോ താന്‍ വിട്ടുകളഞ്ഞതോ ആയ അവസരങ്ങള്‍ ഏതൊക്കെയായിരുന്നുവെന്ന് മനസിലാക്കുന്നത് ഒരു സംരംഭകന്റെ മുന്നോട്ടുള്ള പോക്കിന് സഹായിക്കും.
- അഭിനിവേശവും അര്‍പ്പണബോധവും: പ്രതിബന്ധങ്ങളും പരാജയങ്ങളും അതിജീവിച്ച് തന്റെ മനസിലുള്ള ആശയത്തിന് യുക്തിസഹമായ ഗതി നല്‍കാന്‍ ഇത് സഹായിക്കും.
- കൂട്ടായ പ്രവര്‍ത്തനം: വ്യക്തിയല്ല, ടീം അല്ലെങ്കില്‍ സംഘം അല്ലെങ്കില്‍ കൂട്ടായ്മയാണ് പ്രധാനമെന്ന ബോധം. സ്റ്റാര്‍ട്ടപ്പില്‍ വ്യക്തിക്കു ചെയ്യാവുന്നതിനപ്പുറം സംഘത്തിന് കഴിയും. കാരണം അവിടെ വ്യക്തികള്‍ മാത്രമല്ല, ആശയങ്ങളും സംഘടിക്കുന്നു.
- സഹജീവി സ്‌നേഹം: സമൂഹത്തില്‍നിന്ന് നാം എന്ത് നേടിയെടുത്തോ അതിനു പകരമായി സമൂഹത്തിന് എന്ത് തിരിച്ചുകൊടുക്കാന്‍ കഴിയുമെന്ന ബോധം വേണം. ഈ പ്രത്യുപകാരത്തിന് ഒരിക്കലും പ്രതിഫലം നിശ്ചയിക്കരുത്.
- വിവേകം: ജീവിതമെന്തെന്നു തിരിച്ചറിയുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കും. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ മനസിലാക്കും. സ്വന്തം വഴി തേടിപ്പിടിക്കാനും അതിലൂടെ മുന്നോട്ടുപോകാനുമുള്ള കഴിവുകള്‍ നേടിയെടുക്കും.
കോളജില്‍ സ്റ്റാര്‍ട്ടപ്പുണ്ടാക്കുകയാണെങ്കില്‍ ഇതില്‍ പലതും ചെറുപ്പകാലത്തുതന്നെ സ്വന്തമാക്കാന്‍ കഴിയും. പ്രവര്‍ത്തിക്കുക, ആശയങ്ങള്‍ കൈമാറുക, യാത്ര ചെയ്യുക, പ്രതിഭകളുമായി പരിചയപ്പെടുക, അവരില്‍നിന്നു പഠിക്കുക, സമാന ചിന്താഗതിയുള്ള വ്യക്തികളില്‍നിന്ന് ജയാപജയങ്ങളെക്കുറിച്ച് മനസിലാക്കുക, തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടു പഠിക്കുന്നതിനുപകരം സ്വയം ചെയ്യുക തുടങ്ങിയവയാണ് സ്റ്റാര്‍ട്ടപ് സംസ്‌കാരത്തില്‍നിന്ന് ഒരു സംരംഭകനു ലഭിക്കുന്നത്.
ജീവിത വിജയത്തിന് ഇതിനപ്പുറം എന്താണു വേണ്ടത്? ഇന്നത്തെ യുവതലമുറയ്ക്ക് മുന്‍ഗാമികളെ അപേക്ഷിച്ച് പല മെച്ചങ്ങളുമുണ്ട്. അവര്‍ വിവരസാങ്കേതിക വിദ്യയുടെ ലോകത്താണ് ജീവിക്കുന്നത്. വിദ്യാഭ്യാസവും പുതിയ അവസരങ്ങളും അവര്‍ക്ക് കൈയൈത്താവുന്ന ദൂരുത്തുണ്ട്.
അന്നു ലഭിക്കാത്ത ഈ സൗകര്യങ്ങളാണ് ഇന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഞങ്ങള്‍ നല്‍കുന്നത്. ഈ സൗകര്യങ്ങള്‍ സ്വന്തം കോളജില്‍ ലഭ്യമാക്കി സ്റ്റാര്‍ട്ടപ് സംസ്‌കാരം വ്യാപിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
25 വയസില്‍ താഴെയുള്ളവരടങ്ങുന്ന കുറെ ടീമുകളെയെങ്കിലും ഓരോ വര്‍ഷവും പരിമിതമായ തോതില്‍ തെരഞ്ഞെടുത്ത് അവരെ സ്റ്റാര്‍ട്ടപ് സാഹസികതയിലേക്ക് കൊണ്ടുപോകുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഈ പരിവര്‍ത്തനത്തില്‍ വളരെയേറെ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യാന്‍ പലതുമുണ്ട്.