ലിഖിതമായ നിര്‍വചനങ്ങളോ നിയമങ്ങളോ സ്റ്റാര്‍ട്ടപ്പുകളെ വ്യാഖ്യാനിക്കുന്നില്ല. എങ്കിലും പ്രമുഖ സംരംഭകരുടെ അഭിപ്രായത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്വഭാവവും ഗുണവും വിശേഷിപ്പിക്കാവുന്ന ചില അടിസ്ഥാന ഘടകങ്ങളുണ്ട്. ആശയത്തിലെ പുതുമയാണ് ഇതില്‍ പ്രധാനം. മുന്‍പ് ആരും പരീക്ഷിക്കാത്തതായിരിക്കണം നമ്മുടെ ആശയം.
പരമ്പരാഗത രീതികള്‍ മാറ്റിനിര്‍ത്തി തനത് രീതികള്‍ ആവിഷ്‌കരിക്കുന്നിടത്താണ് സ്റ്റാര്‍ട്ടപ്പുകളും സാധാരണ സംരംഭങ്ങളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്. ആവശ്യങ്ങളെ മുന്നില്‍ കണ്ടുവേണം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ എന്നുള്ളതാണ് മറ്റൊരു പ്രധാനകാര്യം. എന്തിനും മുന്‍കൈയെടുക്കാനുള്ള സന്നദ്ധതയാണ് ഇവിടെ പ്രധാനം.
സ്റ്റാര്‍ട്ടപ്പ് എന്ന പ്രയോഗം ഈ നൂറ്റാണ്ടിന്റെ സന്തതിയല്ല, മനുഷ്യന്‍ ബിസിനസിലേക്ക് തന്റെ ആദ്യ ചുവടുവെച്ച കാലം മുതലുള്ള സഹചാരിയാണ്. ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ ഒരുകൂട്ടം ആളുകളുടെയോ പരിശ്രമത്തിന്റെ ഫലമായി ഒരു ചെറിയ സ്ഥാപനം വികസനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിനെ സ്റ്റാര്‍ട്ടപ്പ് എന്നുവിളിക്കാം.
ലോകത്ത് ഇന്നു നാം കാണുന്ന വ്യാപാര ഭീമന്‍മാരെല്ലാം സ്റ്റാര്‍ട്ടപ്പ് എന്ന തൊട്ടിലില്‍ കിടന്നാണ് വളര്‍ന്നത്. ഇന്ന് വിപണിയില്‍ ലഭ്യമല്ലാത്ത പുത്തന്‍ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുക എന്നതും തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളാക്കി മാറ്റുക എന്നതുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകം മുഴുവന്‍ നല്‍കിവരുന്ന പിന്തുണയ്ക്ക് പിന്നിലെ ലക്ഷ്യം. എല്ലാവര്‍ക്കും തുല്യ പ്രാധാന്യവും വേതനവും നല്‍കിക്കൊണ്ടുള്ള ഒരു തൊഴില്‍ സംസ്‌കാരത്തിനും നവസംരംഭങ്ങള്‍ വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡപ്പ് ഇന്ത്യ
ലോകജനതയില്‍ രണ്ടാമതുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പദ്ധതികള്‍ തൊഴില്‍രഹിതരായ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 2015 ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ രണ്ട് പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുംസ്റ്റാന്‍ഡപ്പ് ഇന്ത്യയും
പിന്നീട് അഞ്ച് മാസങ്ങള്‍ക്കുശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാനഭവനില്‍ ആയിരത്തിലധികം വരുന്ന യുവ സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തില്‍ ഔദ്യോഗികമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി ഇന്ത്യയില്‍ ആരംഭിച്ചു.
മാനവ വിഭവശേഷി വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതികളുടെ പ്രാരംഭ നടപടികള്‍ ഏറ്റെടുത്തത്. എന്‍.ഐ.ടി.(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ.ടി.(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ റിസര്‍ച്ച് മുതലായ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 75 ഓളം സ്റ്റാര്‍ട്ടപ്പ് ഹബ്ബുകള്‍ ഇന്ത്യയിലാകെ തുറന്നു.
ഇത്തരം ഹബ്ബുകളില്‍ നിന്നുമായി 4,200 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ അതിവേഗത്തില്‍ വളര്‍ന്നുവന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇത് വലിയൊരു സംഖ്യ അല്ലെങ്കിലും പെട്ടെന്നുണ്ടായ ഈ വികാസം ലോകത്തെ അദ്ഭുതപ്പെടുത്തി. ഇതോടെ ബ്രിട്ടനും അമേരിക്കയ്ക്കും പിന്നില്‍ ലോകത്തിലെ മൂന്നാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ സ്റ്റാര്‍ട്ടപ്പ് പദ്ധതിയായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ /സ്റ്റാന്‍ഡപ്പ് ഇന്ത്യ മാറി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ 10,000 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മാത്രമല്ല വിദേശ കമ്പനികള്‍ക്കും നിക്ഷേപത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. ഒരു പ്രോത്സാഹനമെന്നമട്ടില്‍ ഗൂഗിളാണ് ആദ്യ സഹായ ഹസ്തവുമായി എത്തിയത്.
വിവിധ മേഖലകളെ പഠനവിധേയമാക്കിയതിനുശേഷം വ്യത്യസ്തങ്ങളായ 5 സ്റ്റാര്‍ട്ടപ്പുകളാണ് ഗൂഗിള്‍ തുടങ്ങിയത്. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഗൂഗിള്‍ തലവന്മാരുമുള്‍പ്പെട്ട സമിതിയുടെ നേതൃത്വത്തില്‍ റീപ്പ് ബെനെഫിറ്റ്, കാര്‍ഡിയാക് ഡിസൈന്‍ ലാബ്, ഗുരു ലേണിങ്, സ്ലാം ഡങ്ക്, കോള്‍ ഇങ്ക് ലാബ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ വേരുറപ്പിച്ചു.
യുവാക്കള്‍ക്ക് മാത്രമല്ല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായും നിരവധി അവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതി നല്‍കുന്നുണ്ട്. രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ച് ലക്ഷം സ്‌കൂളുകളില്‍ ഇന്‍ക്യൂബേറ്ററുകളുടെ സഹായത്തോടെ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ട്.
സംരംഭകത്വരംഗത്ത് എന്നും അവഗണിക്കപ്പെട്ടിരുന്ന പിന്നാക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും തണലേകാന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ തണലില്‍ കേന്ദ്രസര്‍ക്കാര്‍ വളര്‍ത്തിയ പദ്ധതിയാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വന്‍ വിജയമായതിനു പിന്നാലെ 2016 ഏപ്രില്‍ അഞ്ചിനാണ് സ്റ്റാന്‍ഡപ്പ് ഇന്ത്യ ആരംഭിക്കുന്നത്.
ഇതിനായി പ്രത്യേക വെബ് പോര്‍ട്ടലും ആവിഷ്‌കരിച്ചിരുന്നു. പദ്ധതി മുഖാന്തരം സ്ത്രീകള്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും 10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ലോണായി ലഭിക്കും. മാത്രമല്ല സ്റ്റാര്‍ട്ടപ്പ് പദ്ധതിയ്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും.
ഓരോ ഇന്ത്യക്കാരനും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ലക്ഷ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കുന്നത്. അതിനായി ഒന്നേകാല്‍ ലക്ഷം ബാങ്കുകള്‍ ഇവരുടെ സഹായത്തിനെത്തും. പിന്നാക്ക/സ്ത്രീ വിഭാഗങ്ങളില്‍നിന്നും രണ്ടര ലക്ഷത്തോളം പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയുടെ ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പ് കേരളത്തില്‍
രാജ്യത്ത് ബജറ്റിന്റെ ഒരുശതമാനം സംരംഭക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്ന ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനതലത്തില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളും പദ്ധതികളും സര്‍ക്കാരിന്റേതായിട്ടുണ്ട്.
ഇതിലൂടെ കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാക്കിമാറ്റുവാന്‍ ലക്ഷ്യമിടുന്നു. അതുകൊണ്ട് സ്റ്റാര്‍ട്ടപ്പ് സൗഹൃദസംസ്ഥാനമാണ് നമ്മുടേതെന്ന കാര്യത്തില്‍ സംശയമില്ല. ആശയങ്ങള്‍ മാത്രം മതി, ബാക്കിയെല്ലാസഹായങ്ങള്‍ക്കും ഇന്‍ക്യുബേറ്ററുകള്‍ റെഡിയാണ്.
സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്ക് തിരഞ്ഞെടുക്കുന്ന സംരംഭകര്‍ക്ക് സാമ്പത്തിക സഹായം മാത്രമല്ല കെട്ടിട സൗകര്യം മുതല്‍ ഇലക്ട്രിസിറ്റിയും ഇന്റര്‍നെറ്റുംവരെ ഇവിടെനിന്നും ലഭ്യമാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതികള്‍ ഏകീകരിക്കുന്നതിനും ആവിഷ്‌കരിച്ചിട്ടുള്ളതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ആദ്യ നോണ്‍ അക്കാദമിക് ബിസിനസ്സ് ഇന്‍ക്യുബേറ്ററാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍. ടെക്‌നോപാര്‍ക്കിന്റെയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനം. 2007 ല്‍ തുടക്കം കുറിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരമപ്രധാനമായ ലക്ഷ്യം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രധാനമായും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുക എന്നതാണ്.
മിഷന്റെ ഭാഗമാകാം
ആശയങ്ങളില്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. പ്രാഥമിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ ടി.ബി.ഐയുമായി നോണ്‍ ഡിസ്‌ക്ലോഷര്‍ ധാരണാപത്രം ഒപ്പിടാം. തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും സംരംഭകന്റെ ആശയം ആരുമായും പങ്കുവെക്കില്ലെന്ന ഉറപ്പിന് വേണ്ടിയാണിത്. ഇതിനുശേഷം ബിസിനസ് പ്ലാനടക്കം വിശദമായ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടി.ബി.ഐയുടെ വിദഗ്ധ സമിതിയായിരിക്കും പദ്ധതി വിശകലനം ചെയ്ത് അന്തിമ തീരുമാനം എടുക്കുക. തിരഞ്ഞെടുക്കപ്പെട്ടശേഷവും പ്രവര്‍ത്തനങ്ങളുടെമേല്‍ തുടര്‍ച്ചയായ നിരീക്ഷണം ഉണ്ടായിരിക്കും.
ആശയത്തെ അടവെച്ച് വിരിയിച്ചെടുക്കുന്നതിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്.
1. പ്രി ഇന്‍ക്യുബേഷന്‍ സ്റ്റേജ്
ആശയവികസനമാണ് ആദ്യപടി. 3 മുതല്‍ 6 മാസം വരെയായിരിക്കും ആദ്യഘട്ടം.
2. ഇന്‍ക്യുബേഷന്‍ സ്റ്റേജ്
സ്റ്റാര്‍ട്ടപ്പിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഘട്ടം. ആശയത്തെ പ്രാവര്‍ത്തികമാക്കിമാറ്റുക മാത്രമല്ല, അവയെ നന്നായി മാര്‍ക്കറ്റ് ചെയ്യുവാനും സാധിക്കണം. കമ്പോള സൗഹൃദ മാതൃകയ്ക്കായി സംരംഭകന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. 6 മുതല്‍ 12 മാസംവരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.
3. ആക്‌സിലറേറ്റര്‍ സ്റ്റേജ്
സ്വന്തം കാലില്‍ നില്‍ക്കാറായ കമ്പനികള്‍ക്ക് ഭാവി പ്ലാന്‍ ചെയ്യാന്‍സഹായിക്കുന്ന ഘട്ടമാണിത്. ആയാസരഹിതമായ വളര്‍ച്ചയായിരിക്കും ഇതിന്റെ ലക്ഷ്യം. ആക്‌സിലറേറ്റര്‍ സ്റ്റേജ് പൂര്‍ത്തിയാവുന്നതിന് മൂന്നു മുതല്‍ ആറുമാസംവരെയാണ് സമയം.
കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ സംരംഭങ്ങളുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയുണ്ടാക്കിയെടുക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കുമ്പോള്‍ ഒന്നില്‍ നിന്നിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ആറുവര്‍ഷം കൊണ്ട് 150 ആയി ഉയര്‍ന്നു.
സ്റ്റാര്‍ട്ടപ്പ് വില്ലേജ്
ന്യൂജനറേഷന്‍ സംരംഭങ്ങളെ സംബന്ധിക്കുന്ന ഒരു സര്‍വകലാശാലതന്നെയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ്. 2012 ലാണ് കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിന് തുടക്കം കുറിക്കുന്നത്. സംരംഭങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായസഹകരണങ്ങളും ഇവിടെനിന്നും ലഭ്യമാണ്.
വിദ്യാര്‍ഥിസമൂഹത്തില്‍തന്നെ സ്റ്റാര്‍ട്ടപ്പ് വിത്തുകള്‍ പാകുന്നതാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനരീതി. കേരളത്തിലെ മുഴുവന്‍ എഞ്ചിനിയറിങ് കോളേജുകളും നവസംരംഭങ്ങളുടെ വിളനിലമാക്കാനാണ് ഇവരുടെ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് പഠിപ്പിക്കുന്ന ഓണ്‍ലൈന്‍ സംവിധാനവും ഇവര്‍ക്കുണ്ട്.
അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍നിന്നുവരെയുള്ള പിന്തുണ ദൈവത്തിന്റെ നാട്ടിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിനുണ്ട്. കൊച്ചിയിലെ കളമശ്ശേരിയിലാണ് ആസ്ഥാനം.
- NIT TBI കോഴിക്കോട് ഐ.ടി., ഇലക്ട്രോണിക്സ് സ്റ്റാര്‍ട്ടപ്പുകള്‍
- അമൃത വിശ്വവിദ്യാപീഠം TBI ഐ.ടി., ഇലേണിങ്, ഇന്നവേറ്റിവ് ടെക്‌നോളജി.
- CET TBI, തിരുവനന്തപുരം ഗ്രീന്‍ ടെക്‌നോളജി
- അമല്‍ ജ്യോതി റൂറല്‍ ടെക്നോളജീസ് ബിസിനസ് ഇന്‍ക്യുബേറ്റര്‍, കാഞ്ഞിരപ്പള്ളി.
- ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി TBI, തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍.
സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍
ഒരു കുഞ്ഞ് ജനിച്ച് പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ മുതിര്‍ന്നവരുടെ പരിരക്ഷയും സംരക്ഷണവും ആവശ്യമാണ്. അതുപോലെ മുളപൊട്ടിവരുന്ന ഓരോ പുതിയ സംരംഭത്തിനും സംരക്ഷണവും വളര്‍ച്ചയും നല്‍കാന്‍ കെല്‍പ്പുള്ള സംഘടനകളാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേറ്ററുകള്‍.
പുതിയ സംരംഭത്തിന് ആവശ്യമായ ഇടം നല്‍കി അവിടെ മൂലധനത്തിന്റെ വിത്തെറിഞ്ഞ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി പരിപോഷിപ്പിച്ചെടുക്കുക എന്ന കടമയാണ് ഓരോ ഇന്‍ക്യുബേറ്ററും ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകള്‍ പൊതുവേ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളാണ്. ഇന്ത്യയില്‍ പ്രധാനമായും ടെക് ഇന്‍ക്യുബേറ്ററുകളാണുള്ളത്. എന്നാല്‍ മറ്റുള്ള മേഖലകളിലും ഇന്‍ക്യുബേറ്ററുകള്‍ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രതയുടെ വാതില്‍ തുറന്നുകൊടുക്കുന്നു.
അടുത്തിടെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍ക്യുബേറ്റര്‍ അവിടത്തെ വീട്ടമ്മമാര്‍ക്കായി പ്രത്യേക സ്റ്റാര്‍ട്ടപ്പ് പദ്ധതി ആരംഭിക്കുകയുണ്ടായി. വീടുകളില്‍തന്നെ ചെറിയ റെസ്റ്റോറന്റുകളെയും ബ്യൂട്ടീ പാര്‍ലറുകളെയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ചുരുങ്ങിയ കാലയളവില്‍തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്.
1959 ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ രൂപവത്കരിച്ച 'ദ ബറ്റാവിയ ഇന്‍ഡസ്ട്രിയല്‍ സെന്റര്‍' ആണ് ലോകത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍. എന്നാല്‍ പ്രതീക്ഷിച്ചത്ര സ്വീകാര്യത ആദ്യകാലത്ത് സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് ലഭിച്ചില്ല. പിന്നീട് ലോകം സാമ്പത്തിക മാന്ദ്യത്തിനു മുന്നില്‍ അടിയറവു പറഞ്ഞപ്പോഴും ചെറുകിട സംരംഭങ്ങളെ വളര്‍ത്തിയെടുത്ത് ഇന്‍ക്യുബേറ്ററുകള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തി.
അതോടെ ലോകത്തിന്റെ നാനാഭാഗത്തും സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകള്‍ വേരുറപ്പിച്ചു. വൈകോമ്പിനേറ്റര്‍, 500 സ്റ്റാര്‍ട്ടപ്പ്‌സ്, ടെക്സ്റ്റാര്‍സ്,എക്‌സലറേറ്റ് ലാബ്, ക്യാപ്പിറ്റല്‍ ഫാക്ടറി മുതലായവ ഇന്ന് ലോകത്തിലെതന്നെ പ്രധാന സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യൂബേറ്ററുകളാണ്.
- യൂബെര്‍ ക്യാബ്, അമേരിക്ക (2009) ട്രാവിസ് ക്യലാനിക്ക്, ഗാരെറ്റ് ക്യാമ്പ്
- ഷവോമി സ്മാര്‍ട് ഫോണ്‍, ചൈന (2010) ലെയ് ജുന്‍
- എയര്‍ ബി.എന്‍.ബി. സോഷ്യല്‍ വെബ്‌സൈറ്റ്,അമേരിക്ക (2008) ബ്രയാന്‍ ചെസ്‌കി, ജോ ഗെബ്ബിയ,നഥാന്‍ ബ്ലെക്കാര്‍സിക്ക്
- പാലന്റിര്‍ സോഫ്‌റ്റ്വെയര്‍ കമ്പനി, അമേരിക്ക (2004) അലക്‌സ് കാര്‍പ്പ്
- മെയ്റ്റുവാന്‍ ഡയപിങ് വെബ്‌സൈറ്റ്, ചൈന (2015) താവോ ഷാങ്
സിലിക്കണ്‍ വാലി: ടെക്‌നോളജിയുടെ താഴ്വരയാണ് കാലിഫോര്‍ണിയയുടെ വടക്കന്‍ പ്രദേശമായ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ. സിലിക്കണ്‍ വാലി എന്നത് ഈ പ്രദേശത്തിന്റെ വിളിപ്പേരാണ്. ഗൂഗിള്‍, അഡോബി, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ തുടങ്ങി ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തലസ്ഥാനമാണ് സിലിക്കണ്‍ വാലി.
സ്റ്റാര്‍ട്ടപ്പ് ഏഞ്ചല്‍സ്: ഒരു സ്റ്റാര്‍ട്ട് അപ്പിന് ആവശ്യമായ പ്രാരംഭമൂലധനം നല്‍കുന്നവരെയാണ് സ്റ്റാര്‍ട്ട് അപ്പ് ഏഞ്ചല്‍സ് എന്ന് വിളിക്കുന്നത്.
മെന്റേഴ്‌സ്: ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളെ കൈപിടിച്ചുനടത്തുന്ന വല്യേട്ടന്‍ കമ്പനികളെയാണ് സ്റ്റാര്‍ട്ടപ്പ് മെന്റേഴ്‌സ് എന്ന് വിളിക്കുന്നത്. പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ പ്രദാനം ചെയ്യുന്നു. പൊതുസ്വകാര്യ മേഖലകളിലുള്ള പല കമ്പനികളും സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്ബ: ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണേഴ്‌സ് പാര്‍ക്ക്‌സ് ആന്‍ഡ് ബിസിനസ് ഇന്‍ക്യുബേറ്റര്‍ അസോസിയേഷന്‍. ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ 2004ലാണ് ഇസ്ബ സ്ഥാപിതമായത്. സംരംഭക പ്രോത്സാഹന പരിപാടികള്‍ ഏകോപിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 70 ലധികം സ്ഥാപനങ്ങള്‍ അംഗങ്ങളായി ഇന്ന് ഇസ്ബയിലുണ്ട്.