ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യുടെ പിന്തുണ തേടുന്നു. എല്‍.ഐ.സി.യെക്കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകളില്‍ മൂലധന നിക്ഷേപം നടത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. വ്യവസായ നയപ്രോത്സാഹന വകുപ്പ് സെക്രട്ടറി രമേഷ് അഭിഷേകാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
പതിനഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എല്‍.ഐ.സി. കൈകാര്യം ചെയ്യുന്നത്. ഇത് ഓഹരി നിക്ഷേപത്തിനായും കമ്പനി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഒരു സ്റ്റാര്‍ട്ട് അപ്പില്‍ പോലും ഇതുവരെ നിക്ഷേപിച്ചിട്ടില്ല. നഷ്ടസാധ്യത കൂടുതലായതിനാലാണ് സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിക്കാന്‍ പല സ്ഥാപനങ്ങളും മടിക്കുന്നത്.
എല്‍.ഐ.സി. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ചെറിയൊരു പങ്ക് എങ്കിലും സ്റ്റാര്‍ട്ട് അപ്പ് ഫണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ മൂലധനമാണ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന് പരിഹാരമുണ്ടാക്കാനായാല്‍ ഇന്ത്യക്ക് ഈ രംഗത്ത് വലിയ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
എല്‍.ഐ.സി.ക്കു പുറമെ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സ്റ്റാര്‍ട്ട് അപ്പുകളില്‍ പണം മുടക്കണമെന്നാണ് സര്‍ക്കാറിന്റെ ആലോചന. വന്‍കിട കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ (സി.എസ്.ആര്‍.) ഫണ്ടും സ്റ്റാര്‍ട്ട് അപ്പ് മേഖലകളുടെ വളര്‍ച്ചയ്ക്കായി ചെലവഴിക്കണമെന്ന് അഭിഷേക് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ നൂറിലേറെ കമ്പനികള്‍ക്ക് ഇതാവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.