ഫരീദാബാദിനെ (ഹരിയാന) സ്മാർട്ട് സിറ്റിയാക്കാൻ 2016 ൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്ന് അവിടെ ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചിരുന്നു. അതിനായി വികസനത്തിനുതകുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനും മത്സരങ്ങൾ സംഘടിപ്പിക്കാനും ഫരീദാബാദ് സ്മാർട്ട് സിറ്റി ലിമിറ്റഡ് തീരുമാനിച്ചു.
അവിടെ തീരുമാനങ്ങൾ വന്നപ്പോൾ ഇവിടെ മൂന്നു വിദ്യാർഥിനികൾ അവസാന സെമസ്റ്ററിന്റെയും തങ്ങളുടെ സ്റ്റാർട്ട് അപ്പ് ടീം പ്രവർത്തനങ്ങളുടെയും തിരക്കിലായിരുന്നു. പഠനവും തമാശകളുമായി മുന്നോട്ടുപോകവെ അധ്യാപിക ഇ.വി. സ്വപ്‌ന ഇവർക്കിടയിലേക്ക് ഒരു ഇടപെടൽ നടത്തി.
വിദ്യ അക്കാദമിയിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ക്ലബ്ബിന്റെ (ഐ.ഇ.ഡി.സി) നോഡൽ ഓഫീസറായ അവർ വിദ്യാർഥിനികളോട് ഇതേപ്പറ്റി സംസാരിച്ചു. ആദ്യം കേട്ടപ്പോൾ പെൺകുട്ടികളൊന്ന് സംശയിച്ചു, പിന്നെ വിചാരിച്ചു ‘ഒരു കൈ നോക്കാം’.
ഇതിലെ പാർക്കും ജലാശയവുമെന്ന വിഭാഗത്തിലുള്ള ബരാഹി തലാബ് പാർക്ക് വിദ്യാർഥിനികൾ തിരഞ്ഞെടുത്തു. ഫരീദാബാദിൽ നിന്നു ലഭിച്ച പാർക്കിന്റെ മാതൃകയെപ്പറ്റി വിശദമായി പഠിച്ച് വിലയിരുത്തി. പഴയമട്ടിൽ നിലനിൽക്കുന്ന പാർക്കിന് പുതുജീവൻ പകരാൻ അവിടത്തെ പോരായ്മകൾ ചൂണ്ടിക്കാട്ടി, പരിഹാരങ്ങൾ നിർദ്ദേശിച്ച് രൂപരേഖയും വിശദീകരണവും കൊടുത്തു.
പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കുക, കാറ്റാടിയന്ത്രത്തിൽനിന്നും സൗരോർജ പാനലിൽനിന്നും പാർക്കിലേക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കുക, ജലധാരാ യന്ത്രവും കളിക്കളവും നവീകരിക്കുക, പ്രകൃതിസൗഹൃദ കുടിലുകൾ നിർമിക്കുക, ലഘുഭക്ഷണശാലയും പാർക്കിങ് സൗകര്യവും ഉദ്യാനവും ഒരുക്കുക, പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ഉൾപ്പെടെ പുനരുപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ 15 സ്ലൈഡുകളുള്ള പ്രസന്റേഷനായി സമർപ്പിച്ചു.
ഒടുവിൽ മത്സരത്തിന്റെ ഫലമറിഞ്ഞപ്പോൾ ദേശീയതലത്തിൽ മൂന്നാം സ്ഥാനം. മൂന്നു മത്സരവിഭാഗങ്ങളിലും കൂടി 62 ഓളം എൻട്രികളാണ് ഫരീദാബാദ് സ്മാർട്ട് സിറ്റി ലിമിറ്റഡിന് ലഭിച്ചത്. 20,000 രൂപയും പ്രശസ്തിപത്രവും ചേർന്ന പുരസ്‌കാരം ഉടൻ ഇവരുടെ കൈകളിലെത്തും.
ഹസ്തി ഗൃഹ
മൂവർസംഘത്തിന്റെ സ്റ്റാർട്ട് അപ്പിന്റെ പേരാണ് ഹസ്തി ഗൃഹ. ഹസ്തി എന്നാൽ ഹരിതം എന്ന് സംസ്‌കൃതത്തിലൊരു അർത്ഥമുണ്ട്. പച്ചപ്പുള്ള അഥവാ പ്രകൃതിസൗഹൃദമുള്ള വീട് എന്നതാണ് ഹസ്തി ഗൃഹ അർത്ഥമാക്കുന്നത്. സിവിൽ എൻജിനീയറിങ് രംഗത്തൊരു പെൺ സ്റ്റാർട്ട് അപ്പാണ് ഹസ്തി ഗൃഹയെന്ന് സിഇഒ കെ. ആതിര പറയുന്നു.
ആതിരയുടേതാണ് ഹസ്തി ഗൃഹ എന്ന ആശയം. നിലവിൽ കോളേജിലെ ഐ.ഇ.ഡി.സി. ക്ലബ്ബിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഠനം പൂർത്തിയാക്കിയ ശേഷം കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യും. പ്രകൃതിക്കിണങ്ങുന്ന നിർമാണമായിരിക്കും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ എക്‌സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനാണ് ഹസ്തി ഗൃഹയിൽ ചെയ്തുവരുന്നത്.
അഥീന ബാബുരാജ് (സി.ആർ.ഒ.), അമൃത കൃഷ്ണൻകുട്ടി (സി.സി.ഒ.), ഐശ്വര്യ രാജ് (സി.ഒ.ഒ.), ആദിത്യ (സി.എഫ്.ഒ.) എന്നിവരാണ് മറ്റു സാരഥികൾ. വിദ്യ അക്കാദമി പ്രിൻസിപ്പൽ സുധ ബാലഗോപാൽ അടക്കമുള്ളവരുടെ പ്രോത്സാഹനം ധൈര്യം പകരുന്നതായി വിദ്യാർഥിനികൾ പറയുന്നു. കോളേജിലെ വിവിധ സെമസ്റ്ററുകളിലുള്ള 16 സിവിൽ എൻജിനീയറിങ് വിദ്യാർഥിനികൾ സ്റ്റാർട്ട് അപ്പിൽ പുതിയ അംഗങ്ങളായിട്ടുണ്ട്. ഇ-മെയിൽ: hastigriha.official@gmail.com