കളമശ്ശേരി: ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയമായി കുസാറ്റ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കൊളാബറേഷന്‍ (സിടിക്) കേന്ദ്രം. സര്‍വകലാശാലയിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ മുതല്‍ ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്കുവരെ തങ്ങളുടെ ആശയങ്ങളിലൂടെ സ്വന്തമായി കമ്പനി എന്ന ലക്ഷ്യത്തിലേക്ക് സിടിക് കേന്ദ്രത്തിലൂടെ എത്താം.
നൂതനാശയങ്ങളുമായെത്തുന്നവരെ നല്ല സംരംഭകരാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സിടിക് ഡയറക്ടര്‍ ഡോ. പി അബ്ദുള്ള പറഞ്ഞു. 2012-ല്‍ അന്ന് വൈസ് ചാന്‍സലറായിരുന്ന ഡോ. രാമചന്ദ്രന്‍ തെക്കേടത്താണ് ഈ ആശയം മുന്നോട്ടുവച്ചത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കുസാറ്റിലാണ് ആദ്യമായി ഇത്തരത്തില്‍ ഒരു കേന്ദ്രം ആരംഭിക്കുന്നത്.
ബി.ടെക് ബാച്ചില്‍ പ്രവേശനം നേടുമ്പോള്‍ത്തന്നെ ഈ സ്റ്റാര്‍ട്ട പ്പ് കേന്ദ്രത്തെക്കുറിച്ച് ബോധ്യപ്പെടുത്തും. കമ്പനി തുടങ്ങാന്‍ താത്പര്യമുള്ള ഏതൊരു വിദ്യാര്‍ഥിക്കും തങ്ങളുടെ പ്രോജക്ടുമായി കേന്ദ്രത്തെ സമീപിക്കാം. അപേക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം പ്രോജക്ടിനെ കുറിച്ച് അപേക്ഷകന്‍ വിദഗ്ദ്ധ സമിതിക്കു മുമ്പാകെ വിശദീകരിക്കണം. സമിതി അംഗീകരിച്ചാല്‍ സംരംഭവുമായി മുന്നോട്ടു പോകാം.
സംരംഭത്തിനാവശ്യമായ സ്ഥലം, വൈദ്യുതി മുതലായവ കേന്ദ്രം തന്നെ നല്‍കും. അപേക്ഷകന്‍ കുസാറ്റില്‍ തന്നെയുള്ളയാളാണെങ്കില്‍ 250 രൂപയും പുറത്തുള്ളയാള്‍ക്ക് 1,000 രൂപയുമാണ് പ്രതിമാസ ഫീസ്. സാങ്കേതിക സഹായം വേണ്ടവര്‍ക്ക് അതും ലഭ്യമാക്കും. ഈ പ്രോജക്ടുകള്‍ സിടികി കേന്ദ്രം സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രദ്ധയില്‍ പെടുത്തും. അവിടെയും തങ്ങളുടെ ആശയങ്ങള്‍ ബോധ്യപ്പെടുത്താന്‍ അപേക്ഷകനായാല്‍ പിന്നീടുള്ള ചെലവുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കും.
24 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയത്. ഇതില്‍ 20 എണ്ണവും കുസാറ്റിന്റേതായിരുന്നു. എന്‍.ഐ.ടി., കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം എന്നിവയുടേതാണ് ബാക്കിയുള്ളവ. തങ്ങളുടെ പ്രോജക്ടുകള്‍ക്ക്് സ്വകാര്യ അവകാശം നേടിയവരും സിടികില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
കുസാറ്റിലെ മറ്റ് കേന്ദ്രങ്ങളും സ്ഥലങ്ങളും കൂട്ടിയിണക്കി സിടിക് കേന്ദ്രം 'കുസാറ്റിഫൈഡ്' എന്ന മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ബി.ടെക് അഡ്മിഷന്‍ സമയത്ത് കാമ്പസിലെത്തുന്ന അന്യ സംസ്ഥാനക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍വകലാശാലയില്‍ ദിക്കറിയാതെ ബുദ്ധിമുട്ടുന്നുവെന്ന് തിരിച്ചറിഞ്ഞ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുടെ നിര്‍ദേശമനുസരിച്ച് അവരെ സഹായിക്കാന്‍ തയ്യാറാക്കിയതാണ് കുസാറ്റിഫൈഡ്. ഇതിലൂടെ കാമ്പസില്‍ ഹോസ്റ്റല്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, വിവിധ പഠന വകുപ്പുകള്‍ തുടങ്ങിയവയെല്ലാം മാപ്പ് സഹിതം ഫോണിലെത്തും.