ശരീരത്തിന്റെ ക്യാന്‍വാസിലെ നിറങ്ങള്‍


By ജോസഫ് മാത്യു

3 min read
Read later
Print
Share

പരമ്പരാഗത വഴികള്‍ വിട്ട് വ്യത്യസ്തമായ വഴികളിലൂടെയാണ് ഇന്നത്തെ യുവത്വം തൊഴിലിന്റെ മേഖലയില്‍ സഞ്ചരിക്കുന്നത്. സ്ഥിരം പാതകളില്‍നിന്ന് മാറി വേറിട്ട സാധ്യതകള്‍ തേടിപ്പോയി വിജയിച്ച ചിലരെക്കുറിച്ച് വായിക്കൂ

രിക്കുമ്പോള്‍ മനുഷ്യന്‍ ഒന്നും കൊണ്ടുപോവുന്നില്ല എന്ന സത്യത്തെ മറിച്ചിട്ടവരാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍. ശരീരത്തിനൊപ്പം ടാറ്റൂവും കൊണ്ടുപോകുന്നു എന്നവര്‍ ചിരിച്ചുകൊണ്ട് പറയുന്നു. സ്വപ്‌നങ്ങളും സ്‌നേഹവും ഭക്തിയുമൊക്കെയാണ് ഇവര്‍ ശരീരത്തിന്റെ കാന്‍വാസില്‍ വരയ്ക്കുന്നത്. ടാറ്റുവിനെ വിജയകരമാക്കിയ വ്യക്തിയാണ് ശ്യാമ ദേവി

'ഡ്രീം ക്യാച്ചര്‍' എന്ന പേരില്‍ത്തന്നെയുണ്ട് സ്വപ്‌നങ്ങള്‍ പിടിച്ചടക്കാനുള്ള ശ്യാമദേവിയുടെ മനസ്സ്. തന്റെ ടാറ്റൂ സ്റ്റുഡിയോയ്ക്ക് ശ്യാമ പേരിട്ടിരിക്കുന്നത് റെഡ് ഇന്ത്യന്‍ മിത്തോളജിയെ കൂട്ടുപിടിച്ചാണ്. ഇതിന്റെ അടയാളം സ്റ്റുഡിയോയില്‍ തൂക്കിയിട്ടുമുണ്ട്.

2012-ല്‍ ശരീരത്തിലെ ചിത്രം വരയ്ക്കല്‍ പ്രൊഫഷനാക്കി കൊച്ചിയില്‍ സ്റ്റുഡിയോ തുടങ്ങുമ്പോള്‍ സ്വപ്‌നങ്ങളേറെയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞതോടെ ശ്യാമയുടെ തലേവരയും മാറി. അപ്പോയ്ന്റ്‌മെന്റ് എടുത്തുവരുന്ന മൂന്നോ നാലോ പേര്‍ക്ക് ടാറ്റു വരയ്ക്കാനുള്ള സമയമെ ഇപ്പോള്‍ കിട്ടുന്നുള്ളൂ. ഒരു ചതുരശ്ര ഇഞ്ചിനാണ് തുക ഈടാക്കുന്നത്. ഇടപാടുകാരില്‍ സിനിമാ താരങ്ങള്‍ മുതല്‍ ഇടത്തരക്കാര്‍ വരെ. 'മരിക്കുമ്പോള്‍ നമ്മള്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന് പറയുന്നത് ശരിയല്ല. ടാറ്റൂ കൊണ്ടുപോകുന്നുണ്ടല്ലോ'-37 കാരിയായ ശ്യാമ തമാശ പൊട്ടിക്കുന്നു.

ബെംഗളുരുവില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ടാറ്റൂ പഠിക്കണമെന്ന മോഹം തോന്നിയത്. അവിടെ പുനീത് എന്നയാളായിരുന്നു ഗുരു. മൂന്നു മാസത്തെ പഠനം. ജോലിയും ഒഴിവുസമയത്ത് ടാറ്റൂയിങ്ങുമായി അഞ്ചു വര്‍ഷത്തോളം ബെംഗളുരുവില്‍ കഴിഞ്ഞു.

2012-ലാണ് കൊച്ചിയിലേക്ക് മടങ്ങിയത്. സര്‍ക്കാരിന്റെ 'അസാപ്' പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷത്തോളം അധ്യാപികയായി. ഇതിനിടെ പനമ്പിള്ളി നഗറില്‍ സ്റ്റുഡിയോ തുടങ്ങിയെങ്കിലും തുടക്കത്തില്‍ കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. ജോലിയും കളഞ്ഞുവന്ന് ഇങ്ങനെയൊരു ജോലി ചെയ്യുന്നതില്‍ വീട്ടുകാര്‍ക്ക് സ്വാഭാവികമായി എതിര്‍പ്പുണ്ടായിരുന്നു.

എന്നാല്‍, രണ്ടുവര്‍ഷത്തിനു ശേഷം സ്ഥിതിമാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ കടവന്ത്രയിലാണ് സ്റ്റുഡിയോ. ചെറുപ്പം മുതല്‍ ചിത്രകലയിലുള്ള താല്‍പ്പര്യം ടാറ്റൂയിങ്ങിനു ഗുണമായെന്ന് ശ്യാമ പറയുന്നു. അടുത്തയിടെ തായ്‌ലന്‍ഡില്‍ പോയി ഒരു അഡ്വാന്‍സ്ഡ് കോഴ്‌സ് ചെയ്തു. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശിയാണ്. രവീന്ദ്രനാഥ്-പ്രേമ ദമ്പതിമാരുടെ മകള്‍. സഹോദരന്‍ ഗോകുല്‍നാഥ് അമ്പെയ്ത്ത് പരിശീലകന്‍.

ടാറ്റൂയിങ്ങിലെ ട്രെന്‍ഡ്

മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തത തേടുന്നവരാണ് ടാറ്റൂ ഇടാന്‍ വരിക. കപ്പിള്‍ ടാറ്റൂകളാണ് ഇപ്പോള്‍ കൂടുതല്‍. ഭാര്യ-ഭര്‍ത്താവ്, കാമുകന്‍-കാമുകി തുടങ്ങിയവ. കാമുകനോ കാമുകിയോ പിണങ്ങിയാല്‍ ടാറ്റൂ മറ്റെന്തെങ്കിലും രൂപത്തിലാക്കാന്‍ ആളുകള്‍ വരാറുണ്ട്. (ടാറ്റൂ മായ്ക്കണമെങ്കില്‍ ലേസര്‍ ചികിത്സ വേണ്ടി വരും. അതിനാല്‍ രൂപംമാറ്റലാണ് എളുപ്പം). ഇമോഷണല്‍ ടാറ്റൂ(മരിച്ചുപോയ മാതാപിതാക്കളില്‍ ആരുടെയെങ്കിലും ചിത്രം), പുരാണ കഥാപാത്രങ്ങളുടെ ടാറ്റു(ശിവനാണ് ഏറ്റവും പോപ്പുലര്‍) തുടങ്ങിയവയും ഏറെയുണ്ട്.

ശരീരത്തിലെ പാടുകള്‍ മറയ്ക്കാനും ചുണ്ടിന് നിറം കൂട്ടാനും ഇതുപയോഗിക്കുന്നവരുണ്ട്. 25-40 വയസ്സുകാരാണ് കൂടുതല്‍ വരുന്നത്. ഒരാള്‍ക്ക് ഒരു സൂചിയെ ഉപയോഗിക്കു. മഷി വിദേശത്തുനിന്ന് വരുന്നതാണ്. ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേണം ടാറ്റൂ ഇടാന്‍. തനിക്ക് ഇഷ്ടമുള്ള ചിത്രത്തിന്റെ പ്രിന്റുമായി വരുന്നവരും പ്രത്യേകം തീം നിര്‍ദ്ദേശിച്ച് അതിനനുസരിച്ച് ടാറ്റൂ ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നവരുമുണ്ട്. ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊഫഷനാണിതെന്ന് ശ്യാമ പറയുന്നു. വരകള്‍ തെറ്റിപ്പോകാന്‍ പാടില്ല. തെറ്റിയാല്‍ മായ്ക്കാനാകില്ലല്ലോ.

യോഗ്യത

അടിസ്ഥാനവിദ്യാഭ്യാസയോഗ്യത നിഷ്‌കര്‍ഷിക്കുന്നില്ലെങ്കിലും ആശയവിനിമയപാടവം നിര്‍ബന്ധമായതിനാല്‍ കുറഞ്ഞത് പ്ലസ്ടുവെങ്കിലും ഉള്ളതാണ് നല്ലത്. കലാപരമായ മനസ്സാണ് ഏറ്റവും ആദ്യം വേണ്ടത്. ചിത്രം വരയ്ക്കാന്‍ കഴിയുന്നത് മേല്‍ക്കോയ്മ നല്‍കും. മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലിചെയ്യാനുള്ള ക്ഷമയുണ്ടാവണം. മാറ്റത്തിനനുസരിച്ച് പുതിയകാര്യങ്ങള്‍ ഉള്‍ക്കൊള്ളാനാവണം. എല്ലാത്തിനുമുപരി ആവശ്യമായെത്തുന്നവരുടെ മനസ്സ് അറിയാനാവണം.

പഠനം

കേരളത്തില്‍ തന്നെ ഇപ്പോള്‍ ഒട്ടേറെ ടാറ്റൂ സ്റ്റുഡിയോകള്‍ ഉണ്ട്. ഡല്‍ഹി, ബെംഗളൂരു, മുംബൈ തുടങ്ങിയ മഹാനഗരങ്ങളില്‍ കുറച്ചുകൂടി സാധ്യതകൂടും. സിങ്കപ്പൂര്‍, തായ്‌ലാന്‍ഡ്, യു.കെ., യു.എസ്.എന്നിവിടങ്ങളാണ് ഇതിന്റെ ട്രെന്‍ഡ്‌സെറ്റര്‍ എന്ന് വേണമെങ്കില്‍ പറയാം. ഒരു സ്റ്റുഡിയോയില്‍ രണ്ടോ മൂന്നോ വര്‍ഷം ജോലിചെയ്താല്‍ നല്ലൊരു ടാറ്റൂ ആര്‍ട്ടിസ്റ്റ് ആവാം. പുസ്തകം, ഇന്റര്‍നെറ്റ് എന്നിവ പുതുവഴികള്‍ പകര്‍ന്നു നല്‍കും. അഞ്ച് ആഴ്ചയോളമാണ് ഒരു കോഴ്‌സിന്റെ ദൈര്‍ഘ്യം. വിദേശരാജ്യങ്ങളില്‍ നടക്കുന്ന ടാറ്റൂ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത് ഇതിലെ പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കാന്‍ സഹായിക്കും.

ശമ്പളം

കൃത്യമായി ശമ്പളം പറയാന്‍ പറ്റാത്തൊരു ജോലിയാണിത്. മണിക്കൂറില്‍ 500മുതല്‍ 600രൂപ വരെ തുടക്കത്തില്‍ തന്നെ വാങ്ങുന്നവരാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുമാര്‍. സ്റ്റുഡിയോകളില്‍ തന്നെ മാസം 40,000 മുതല്‍ 50,000 വരെ ശമ്പളം വാങ്ങുന്നവരുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram