ഭക്ഷണത്തിന്റെ രുചിപോലെ പ്രധാനപ്പെട്ടതാണ് അതിന്റെ കാഴ്ചാഭംഗിയും. രസക്കൂട്ടിനൊപ്പം അഴകിന്റെ ചമയമിട്ടൊരുങ്ങുന്ന ഭക്ഷണവിഭവങ്ങള്‍. ഇതാണ് ഫുഡ് സ്റ്റൈലിസ്റ്റിന്റെ ജോലി. സന്ധ്യ എസ്.കുമാര്‍ ഫുഡ്‌സ്‌റ്റൈലിങ്ങിനെ ഒരുതൊഴിലായി വികസിപ്പിച്ച് വിജയിച്ചയാളാണ്
നാവിലേക്കെത്തും മുന്‍പ് കണ്ണിന്റെ ഫ്രെയിമിലും മൂക്കിന്റെ ഇത്തിരിവട്ടത്തിലുമെത്തണം ഭക്ഷണമെന്നാണ് പ്രമാണം. കാഴ്ചയെ കീഴടക്കാന്‍ തന്ത്രങ്ങള്‍ ഏറെയുണ്ട്. രുചിയുടെ രസക്കൂട്ടിനൊപ്പം അഴകിന്റെ തൊങ്ങലിട്ട് ഒരുക്കുന്ന വിഭവങ്ങള്‍. കണ്ണിനും നാവിനുമൊരേപോലെ അതൊരു വിരുന്നാവും; രുചിക്കനവുകളിലെ മറക്കാനാകാത്ത ഒരീണമാകാം.
അതുമല്ലെങ്കില്‍ കാഴ്ചയുടെ തൂശനിലയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്നൊരു ദൃശ്യം. രുചിക്കൂട്ടുകള്‍ അഴകളവുകള്‍ തികച്ച് ഭക്ഷണമേശയില്‍ എത്തിക്കാനായാല്‍ അത് ഫുഡ് സ്‌റ്റൈലിങ്ങായെന്ന് പറയും സന്ധ്യ എസ്.കുമാര്‍. ഫുഡ് സ്‌റ്റൈലിങ് എന്ന പുതുമേഖലയുടെ പ്രതിനിധിയാണ് സന്ധ്യ. ജോലിപ്പേര് ഫുഡ് സ്‌റ്റൈലിസ്റ്റ്.
'ഒരു മണവാട്ടിയെ ഒരുക്കും പോലെ തന്നെയാണിത്. അണിയിച്ചൊരുക്കുന്നത് ഭക്ഷണമാണെന്ന് മാത്രം. ഏറ്റവും സുന്ദരമായ രൂപത്തിലാകണം ഓരോ വിഭവവും. കാണുമ്പോള്‍ തന്നെ രുചി നാവിലേക്കെത്തണം.' അവസരങ്ങള്‍ ഏറെയുണ്ടെങ്കിലും ഈ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നവര്‍ വളരെ കുറവാണെന്നും സന്ധ്യയുടെ വാക്കുകള്‍.
തിരുവനന്തപുരത്തെ വീടിന്റെ അടുക്കളയില്‍ നിന്നുതുടങ്ങിയതാണ് സന്ധ്യയുടെ യാത്ര. കേരളത്തിന്റെ നാലതിരുകളും ഭേദിച്ചത് ബോളിവുഡിലെത്തിനില്‍ക്കുന്നു. സെയ്ഫ് അലിഖാന്‍ ചിത്രമായ 'ഷെഫി'ല്‍ അഭിനയിച്ച ഭക്ഷണമെല്ലാം സന്ധ്യയുടെ കരവിരുതിലാണ് ഒരുങ്ങിയത്. ഭക്ഷണത്തോടും പാചകത്തോടുമുള്ള പ്രണയം ചെറുപ്പത്തിലേ തുടങ്ങിയതാണ്. താല്‍പ്പര്യം ആദ്യം തിരിച്ചറിഞ്ഞത് അമ്മൂമ്മയാണ്. വീട്ടിലെ പരീക്ഷണങ്ങളെല്ലാം ഹിറ്റായപ്പോള്‍ വഴി ഇതുതന്നെയെന്ന് ഉറപ്പിച്ചു.
ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദത്തിന് ചേര്‍ന്നു. കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം. ബെംഗളൂരുവിലെ ഒബ്‌റോയ് ഹോട്ടലിലെയും ചെന്നൈ മാരിയറ്റിലെയും പ്രമുഖ ഷെഫുമാരുടെ കീഴിലായിരുന്നു പരിശീലനം.
മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ഷെഫായിട്ടായിരുന്നു തുടക്കം. ജാപ്പനീസ്, ചൈനീസ്, തായ്, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നിങ്ങനെ അന്താരാഷ്ട്ര രുചികളെല്ലാം പഠിച്ചത് ഈ കാലയളവിലാണ്. ഇതിനിടെ മുംബൈയിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫിയില്‍ നിന്നും ഫോട്ടോഗ്രഫി പഠിച്ചു. ഫോട്ടോഗ്രഫി താല്‍പ്പര്യമാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് സന്ധ്യ പറയുന്നു.
പരസ്യങ്ങള്‍ക്കും മറ്റുമായി ഫുഡ് സ്‌റ്റൈലിങ് ചെയ്തുതുടങ്ങി. ഭക്ഷണത്തെക്കുറിച്ചും ഫോട്ടോഗ്രഫിയെക്കുറിച്ചുമുള്ള അറിവ് ഏറെ ഗുണം ചെയ്തു. എട്ടുകൊല്ലം ഫോര്‍ സീസണ്‍സിലെ ജോലി തുടര്‍ന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമായപ്പോള്‍ ജോലി ഉപേക്ഷിച്ചു. നാട്ടിലെത്തി 'ഇന്‍ഡള്‍ജ് ഇന്‍' എന്ന പേരിലൊരു കമ്പനി തുടങ്ങി. ഫുഡ് സ്‌റ്റൈലിങ്ങിനൊപ്പം, കാറ്ററിങ്, ഹോട്ടല്‍ കണ്‍സള്‍ട്ടന്‍സി ജോലികളും ഏറ്റെടുത്തു തുടങ്ങി. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കും ഇപ്പോള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെയാണ് സിനിമയിലേക്ക് വിളിയെത്തുന്നത്. 'ഷെഫി'ന്റെ സംവിധായകന്‍ രാജാകൃഷ്ണ മേനോന്റെ ഭാര്യ അനുരാധയാണ് സിനിമയിലേക്ക് സന്ധ്യയെ നിര്‍ദേശിച്ചത്. ഭക്ഷണം പ്രമേയമായതിനാല്‍ സന്ധ്യ തന്നെയായിരുന്നു സെറ്റില്‍ താരം. കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഉള്‍പ്പെടെ സിനിമയ്ക്കായി ഒരുക്കി. ഭക്ഷണമെല്ലാം കണ്ണിനെ മയക്കുന്നതാകണമെന്നായിരുന്നു നിര്‍ദേശം.
കൊതിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും വേണമെന്നും. സ്‌ക്രീനില്‍ കാണുമ്പോള്‍ കൊതി തോന്നുന്ന ഭക്ഷണം, കൃത്രിമമായ നിറങ്ങള്‍ കഴിവതും ഒഴിവാക്കി യഥാര്‍ത്ഥ ചേരുവകളില്‍ ഒരുക്കുകയെന്നത് വെല്ലുവിളിയായിരുന്നു. സിനിമ പുറത്തുവന്നതോടെ ഫുഡ് സ്‌റ്റൈലിങ് എന്താണെന്ന് പറഞ്ഞുമനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവായെന്ന് സന്ധ്യ പറയുന്നു.
ഫുഡ് സ്‌റ്റൈലിസ്റ്റ്
പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണം ആരെയും ആകര്‍ഷിക്കും വിധത്തില്‍, കൊതിയൂറും രീതിയില്‍ അവതരിപ്പിക്കുകയാണ് ജോലി. ഇത് ചിലപ്പോള്‍ അതിഥികളെ ആകര്‍ഷിക്കാനാകാം. അല്ലെങ്കില്‍ ഫോട്ടോഷൂട്ടുകള്‍ക്കോ പരസ്യങ്ങള്‍ക്കോ സിനിമയ്‌ക്കോ വേണ്ടിയാകാം.
കോഴ്‌സ്
ഫുഡ് സ്‌റ്റൈലിങ്ങിനായി ഇന്ത്യയില്‍ കോഴ്‌സുകളൊന്നുമില്ല. സ്വയം വികസിപ്പിച്ചെടുക്കേണ്ട കഴിവാണ് ഫുഡ് സ്‌റ്റൈലിങ്. കുറച്ചൊക്കെ കലാപരമായി ചിന്തിക്കേണ്ട മേഖല. ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെ നല്ല അറിവുള്ളത് ഗുണം ചെയ്യും. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദമുണ്ടാകുന്നത് നല്ലതാണ്.
അവസരങ്ങള്‍
അധികമാരും കടന്നെത്താത്ത മേഖലയാണെന്നത് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. വന്‍കിട ഹോട്ടലുകളിലെല്ലാം അവസരങ്ങളുണ്ട്. ഫുഡ് സ്‌റ്റൈലിങ്ങിനൊപ്പം പാചകം കൂടി വഴങ്ങിയാല്‍ അവസരങ്ങള്‍ ഇരട്ടിയാകും. സിനിമയിലേക്കും പരസ്യരംഗത്തേക്കുമൊക്കെ നീണ്ടുകിടക്കുകയാണ് അവസരങ്ങളുടെ നിര.
ശമ്പളം
ഫുഡ് സ്‌റ്റൈലിങ് ചെയ്യുന്നവര്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാര്‍ക്ക് 30,000 രൂപ മുതല്‍ ലഭിക്കാം. ഒരു ലക്ഷം രൂപ മാസം ശമ്പളം വാങ്ങുന്നവരുമുണ്ട്. വിദേശങ്ങളിലാണെങ്കില്‍ മാസം മൂന്നു ലക്ഷം രൂപ വരെ സമ്പാദിക്കാം.
വെല്ലുവിളികള്‍
കഠിനാധ്വാനം ഏറെ ആവശ്യമുള്ള മേഖലയാണിത്. നിശ്ചിത ജോലിസമയമെന്നതൊന്നും നടപ്പില്ല. മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരും. തുടര്‍ച്ചയായി നിന്ന് ജോലി ചെയ്തു കാലിന്റെ തൊലി വരെ പോയിട്ടുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോഴും കുറേ കഷ്ടപ്പെട്ടു. മാസം ശമ്പളമൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥ. മെച്ചപ്പെട്ട വരുമാനം നേടാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവന്നു.