തൊഴില്‍മേഖല അടിമുടി മാറും
രാജീവ് ചന്ദ്രശേഖര്‍ (ടെക്‌നോ, മാധ്യമ സംരംഭകന്‍, രാജ്യസഭാംഗം)
- ഇന്നു നമുക്ക് പരിചിതമായിരിക്കുന്ന പല തൊഴില്‍മേഖലകളും അടുത്ത പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്നുറപ്പാണ്. പകരം നമ്മള്‍ ഇന്നോളവും കേട്ടിട്ടില്ലാത്ത തരത്തില്‍ നവീനമായ തൊഴിലുകളിലേക്കാവും വരുംതലമുറകള്‍ നടന്നടുക്കുന്നത്. അവയെല്ലാം തന്നെ വൈവിധ്യമാര്‍ന്ന സര്‍ഗശേഷികളും ആഴത്തിലുള്ള അറിവും ആവശ്യംവേണ്ടുന്ന മേഖലകളുമാകും.
- സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമോഷന്‍ തുടങ്ങിയവ വരുംകാലത്ത് നമ്മുടെ കരിയര്‍ മേഖലയെത്തന്നെ മാറ്റിമറിക്കും. സര്‍ക്കാര്‍ സ്വകാര്യ തൊഴിലിടങ്ങളിലും ബിസിനസ്, കോര്‍പ്പറേറ്റ് രംഗത്തും ഈ മേഖലകളിലൂന്നിയ മാറ്റങ്ങളുണ്ടാകും.
- അടുത്ത ഒരു ദശകത്തിനുള്ളില്‍ നമ്മുടെ തൊഴില്‍ഭൂമിക എവിടേക്കു പരിണമിക്കുമെന്നു പ്രവചിക്കുകപോലും ദുഷ്‌കരമാണ്. എന്നാല്‍, ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിലും തൊഴില്‍പരിചയത്തിലും ഊന്നിയുള്ളതും സാങ്കേതികവിദ്യയിലധിഷ്ഠിതവുമായ ഒട്ടേറെ തൊഴില്‍മേഖലകള്‍ വരുംദിനങ്ങളില്‍ ഉദയം ചെയ്യും.
- ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകള്‍ നിലനില്‍ക്കുമെങ്കിലും അവയും കാലാനുവര്‍ത്തിയായ പരിണാമങ്ങള്‍ക്ക് വിധേയമാകേണ്ടിവരും. ഏതു മേഖലയായാലും അവിടെ നിലനില്‍ക്കുന്ന പ്രായോഗികപ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമുള്ള കഴിവ് വളര്‍ത്തിയെടുത്തവര്‍ക്കുംമാത്രം തൊഴിലിടങ്ങളില്‍ മേല്‍ക്കോയ്മ ലഭിക്കുന്ന അവസ്ഥയിലേക്കാവും ഇനിയുള്ള കാലം കാര്യങ്ങള്‍ നീങ്ങുക.
- നിങ്ങള്‍ ചെയ്യാന്‍ പോകുന്ന തൊഴില്‍ നിങ്ങളുടെതന്നെ മാതാപിതാക്കള്‍ ചെയ്തുപോന്നവയില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നറിയുക. ഒരേ തൊഴില്‍ മേഖലയാണെങ്കില്‍ക്കൂടി അതങ്ങനെയായിരിക്കും. അതിലേക്ക് സ്വയം സജ്ജരാവുക.
- ഏതു തൊഴിലില്‍ പ്രവേശിച്ചാലും അവിടെ സ്ഥിരമായ തുടര്‍പരിശീലനങ്ങളും വിജ്ഞാനസമാഹരണവുമെല്ലാം ഒരു നിരന്തര പ്രക്രിയയായിത്തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കണം.
- ഇനിയുള്ള കാലം പുത്തന്‍ തൊഴിലവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പ്‌രംഗത്തും നവ സംരംഭങ്ങളിലും മാത്രമായി ചുരുങ്ങാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ തൊഴില്‍മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള തൊഴില്‍ നൈപുണ്യവും അറിവും നേടുന്നതിലാവണം ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധ ചെലുത്തേണ്ടത്.
- പൊതുവിദ്യാഭ്യാസംമാത്രം കൈമുതലായുള്ള ഒരു ജനതയെ വരും നാളുകളില്‍ തൊഴില്‍വിപണി കൈയൊഴിയുമെന്നുതന്നെ ഓര്‍ക്കുക.
- രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും വ്യവസായരംഗത്തും തൊഴില്‍മേഖലകളിലും നടക്കുന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഭരണകര്‍ത്താക്കളും ഒരുപോലെ തിരിച്ചറിയുകയും അവ ഉള്‍ക്കൊള്ളുകയും ചെയ്യണം.
- ടെക്‌നോളജി, ഇന്റര്‍നെറ്റ് മേഖലകളാണ് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നത്. ഇനിയുള്ള കാലം ഏത് തൊഴില്‍മേഖല തിരഞ്ഞെടുത്താലും അത് ഇന്റര്‍നെറ്റിലും ആധുനികസാങ്കേതികവിദ്യകളിലും അധിഷ്ഠിതമായിരിക്കുമെന്നും അവ നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒരുപോലെ തിരിച്ചറിയേണ്ടതുണ്ട്. ഇത് പുതിയൊരു വ്യവസായവിപ്ലവത്തിലേക്കാണ് വഴിതെളിക്കുന്നതെന്നുതന്നെ പറഞ്ഞാലും തെറ്റില്ല.
മാറാന്‍ സമയമായി
ജി. വിജയരാഘവന്‍ (ആസൂത്രണബോര്‍ഡ് മുന്‍ അംഗം, ടെക്‌നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒ.)
- ഇന്നുകാണുന്നതില്‍ 60 മുതല്‍ 70 ശതമാനം ജോലികളും അഞ്ചുവര്‍ഷത്തിനുശേഷം നിലനില്‍ക്കില്ല. ഇന്ന് കോളേജുകളില്‍ പഠിപ്പിക്കുന്ന സിലബസുകള്‍ അഞ്ചുവര്‍ഷത്തിനുശേഷം പ്രസക്തമല്ലാതാകും. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ കോഴ്‌സുകളും പഠനരീതികളും മാറേണ്ടതുണ്ട്. ഐ.ടി. രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡാറ്റ അനലറ്റിക് തുടങ്ങിയവയ്ക്കാണ് സാധ്യത. ഏകദേശം പത്തുലക്ഷം പേര്‍ക്ക് സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ തൊഴിലവസരങ്ങളുണ്ടാകും.
- പുതിയ മേഖലകളില്‍ അവസരമുണ്ടാകുമ്പോള്‍ അതിനനുസരിച്ച് കോഴ്‌സുകള്‍ തുടങ്ങുന്നതില്‍ കാര്യമില്ല. സൈബര്‍ സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നുണ്ട്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നേടി എന്നതുകൊണ്ടുമാത്രം നേട്ടമുണ്ടാകില്ല. അമേരിക്കന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. മാസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ പ്രധാന സര്‍വകലാശാലകളെല്ലാം സൗജന്യമായിട്ടാണ് നടത്തുന്നത്. ഇത്തരം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
- ആരോഗ്യമേഖലയില്‍ കെയര്‍ ഗിവേഴ്‌സ് പുതിയതായി വികസിച്ചുവരുന്ന തൊഴില്‍ സാധ്യതയാണ്. നിലവിലെ നഴ്‌സിങ് രംഗത്തെക്കാള്‍ ഒരു പടികൂടി കടന്നാണ് ഈ മേഖല. പുറമേ അഡ്വാന്‍സ്ഡ് റോബോട്ടിക്ക് സയന്‍സും ആരോഗ്യമേഖലയിലേക്ക് എത്തുന്നുണ്ട്. റോബോട്ടുകളുടെ സഹായത്തോടെയുള്ള സര്‍ജറികള്‍ സാധാരണമായിക്കൊണ്ടിരിക്കയാണ്. മെഡിക്കല്‍ രംഗത്തുള്ളവര്‍ ഈ മേഖലയില്‍ പ്രാവീണ്യം നേടിയില്ലെങ്കില്‍ അവരുടെ നിലനില്‍പ്പിനെ ബാധിക്കും. ഓഫീസ് ജോലികള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്. 12 വര്‍ഷത്തിനുള്ളില്‍ ഡ്രൈവിങ് ഒരു തൊഴിലല്ലാതായി മാറിയേക്കും. ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്ത് കൈയടക്കും.
- നമ്മുടെ സര്‍വകലാശാലാ സംവിധാനത്തില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. അക്കാദമിക് നിലവാരം താഴേക്ക് പോകുകയാണ്. സമൂഹത്തിന് പ്രയോജനകരമായതൊന്നും സര്‍വകലാശാലകള്‍ ചെയ്യുന്നില്ല. സര്‍വകലാശാലകളുടെ ഭരണസംവിധാനം മാറണം. നവമേഖലകളെക്കുറിച്ച് പരിജ്ഞാനമുള്ള സാങ്കേതികവിദഗ്ധര്‍ സര്‍വകലാശാലാ ഭരണനേതൃത്വത്തിലെത്തണം. അക്കാദമിക്ക് ഓട്ടോണമി അനിവാര്യമാണ്.
- പഠനരീതിയിലും മാറ്റംവേണം. ഒരു കോഴ്‌സ് പഠിച്ചു എന്നതുകൊണ്ട് പഠനം നിര്‍ത്തരുത്. ആ മേഖലയിലെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തുടര്‍പഠനങ്ങള്‍ വേണം. മിക്ക കോഴ്‌സുകളുടെയും സിലബസുകള്‍ കാലഹരണപ്പെട്ടവയാണ്.
- ഹോംസ്‌കൂളില്‍ തിരിച്ചെത്തുന്നതാണ് മറ്റൊരു മാറ്റം. കേരളത്തിലും ബെംഗളൂരുവിലും ഇത് വര്‍ധിക്കുന്നുണ്ട്. സ്‌കൂള്‍ ഭാവിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസനയം ആവിഷ്‌കരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴില്‍സാധ്യതകള്‍ മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസനയം മാറ്റണം. ചൈനയില്‍ സെമികണ്ടക്ടര്‍ വ്യവസായത്തിന് അനുസൃതമായി വിദ്യാഭ്യാസസംവിധാനം മാറ്റാനും നിരവധി സാങ്കേതികവിദഗ്ധരെ വാര്‍ത്തെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതൊക്കെ നമ്മള്‍ക്കും മാതൃകയാക്കാം. 20302050 കാലഘട്ടത്തിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള വികസന പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കേണ്ടത്.
പ്രതീക്ഷയോടെ
ഡോ. ടി.പി. സേതുമാധവന്‍(കരിയര്‍ കണ്‍സള്‍ട്ടന്റ്)
- സേവന മേഖലയിലായിരിക്കും 75 ശതമാനം തൊഴിലുകളും രൂപപ്പെടുന്നത്. സ്മാര്‍ട്ട് തൊഴിലുകള്‍ കൂടുതലായി രൂപപ്പെടും. ഡേറ്റാ സയന്‍സ്, ഐ.ടി., ഐ.ടി. അധിഷ്ഠിതം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിങ്, ടൂറിസം, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, ഹോസ്പിറ്റാലിറ്റി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലുള്ള നിര്‍മാണം, ഭക്ഷ്യസംസ്‌കരണം, ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം, ഡെവലപ്‌മെന്റ് സയന്‍സ്, ബിസിനസ് ഇക്കണോമിക്‌സ്, സ്‌കില്‍ വികസന കോഴ്‌സുകള്‍, ആരോഗ്യം എന്നിവയ്ക്ക് സാധ്യതയേറും.
- ഓട്ടോമേഷന്‍ പ്രാവര്‍ത്തികമാക്കുന്നത് ഐ.ടി. മേഖലയില്‍ മാത്രമല്ല കാര്‍ഷിക മേഖലയിലടക്കം പുത്തന്‍ തൊഴില്‍ പ്രവണതകള്‍ക്കിടവരുത്തും. കൃത്യമായ കൃഷിക്കുള്ള പ്രിസിഷന്‍ അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജിയില്‍ ഡ്രോണുകള്‍ കൂടുതലായി ഉപയോഗിക്കും. ഓട്ടോമൊബൈല്‍ ഡിസൈന്‍, ടെക്‌നോളജി രംഗത്ത് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഉപയോഗം കുറച്ചുള്ള ഇലക്ട്രിക്/ഹൈബ്രിഡ്/സോളാര്‍ കാറുകള്‍ വരുന്നത് സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തുന്നത്. ഡിജിറ്റല്‍ ഇന്നൊവേഷന്‍, ഡിസൈന്‍, ടെക്‌നോളജി രംഗത്താണ് ഭാവിയില്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത.
- ഇനി രൂപപ്പെടുന്ന തൊഴിലുകള്‍ ആഗോളതലത്തില്‍ തൊഴിലുകള്‍ ലഭിക്കാനുതകുന്നവയാണ്. സംരംഭകരുടെ എണ്ണം വര്‍ധിക്കും. അക്കൗണ്ടിങ്, ബാങ്കിങ്, മാനേജ്‌മെന്റ്, മെഷീന്‍ ലേണിങ്, ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആയുര്‍വേദം, യോഗ, ആന്‍ഡ്രോയിഡ് വികസനം, ക്ലൗഡ് കംപ്യൂട്ടിങ്, അഗ്രി ബിസിനസ്, പൊളിറ്റിക്കല്‍ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ഡയറ്റെറ്റിക്‌സ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടാകും.
- കോഴ്‌സുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണം. വരുന്ന 15 വര്‍ഷക്കാലത്തേക്കിണങ്ങിയ നൂതന കോഴ്‌സുകള്‍ തുടങ്ങണം. വ്യവസായ സ്ഥാപനങ്ങളുമായി സഹകരണം, വിദേശ പഠനം എന്നിവ പ്രോത്സാഹിപ്പിക്കണം.
വേണ്ടത് വിജ്ഞാന മിശ്രവിവാഹം
ഡോ. അച്യുത് ശങ്കര്‍ (കേരള യൂണിവേഴ്‌സിറ്റി ബയോ ഇന്‍ഫോമാറ്റിക് വകുപ്പ് തലവന്‍)
- അടിസ്ഥാന നൈപുണികളും മാറ്റത്തിന് സന്നദ്ധതയുമുള്ള ഒരാള്‍ക്കും ആശങ്കപ്പെടേണ്ടതല്ല ന്യൂജെന്‍ തൊഴില്‍ കമ്പോളം. പരമ്പരാഗത വിജ്ഞാനമേഖലകളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണ് മിക്ക ന്യൂജെന്‍ തൊഴിലുകളും. ഫോറന്‍സിക് ശാസ്ത്രത്തില്‍ കഴിവുനേടാന്‍ കംപ്യൂട്ടറോ കെമിസ്ട്രിയോ ബയോളജിയോ വെവ്വേറെ പഠിച്ചാല്‍ പോരാ. കൂടാതെ നിരന്തരം പുതിയ നൈപുണികള്‍ നേടാന്‍ തയ്യാറുമായിരിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ വിജ്ഞാന ജാതിവ്യവസ്ഥ മറികടന്ന് വിജ്ഞാന മിശ്രവിവാഹം വേണം.
- ന്യൂജെന്‍ തൊഴിലവസരങ്ങളുടെ പ്രത്യേകത അവയെല്ലാം തന്നെ മിക്കവാറും സ്വകാര്യമേഖലയിലാണെന്നതാണ്. അതിന്റേതായ സാധ്യതകളും പ്രശ്‌നങ്ങളും സ്വാഭാവികം. തൊഴില്‍സ്ഥിരത ഉറപ്പുപറയാന്‍ സാധിക്കില്ല. അതേസമയം തൊഴിലില്‍ വൈദഗ്ധ്യം ഉണ്ടെങ്കില്‍ മികച്ച സാമ്പത്തികനേട്ടം ലഭിക്കാമെന്നുമാത്രമല്ല സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുക്കാനും കൊടുമുടികയറാനുമുള്ള സാധ്യത എപ്പോഴും കാണുകയും ചെയ്യും.
- ന്യൂജെന്‍ കരിയറില്‍ താത്പര്യമുദിക്കുന്നവര്‍ ആ മേഖലയുമായി ബന്ധപ്പെട്ട് കോഴ്‌സുകളില്‍ ചേരാറുണ്ട്. ഒന്നാം ഡിഗ്രി പരമ്പരാഗതമല്ലാത്ത വിഷയങ്ങളില്‍ ചെയ്യുന്നത് നല്ല ശീലമല്ല. പരമ്പരാഗതവിഷയത്തില്‍ മികവുനേടിയശേഷം വേണം ന്യൂജെന്‍ വിഷയത്തില്‍ ഡിഗ്രിതേടാന്‍.
- വിദ്യാഭ്യാസമേഖല പഴയ തൊഴില്‍മേഖലയ്ക്കുതന്നെ ഉതകുന്നതല്ല. അപ്പോള്‍ പുതിയകാലത്തിനായി തീര്‍ച്ചയായും ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. പക്ഷേ, മിടുക്കര്‍ അതിനായി കാത്തിരിക്കണമെന്നില്ല. ഇന്ന് ഒന്നാംകിട വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (മിക്കവയും സൗജന്യം) ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍മാത്രംമതി. MOOC എന്നറിയപ്പെടുന്ന ഈ കോഴ്‌സുകളിലൂടെ എന്തും പഠിക്കാം.
- ന്യൂജെന്‍ തൊഴിലുകള്‍ തേടുമ്പോള്‍ ആഗോള തൊഴില്‍വേട്ടയാണ് മിക്കവാറും എല്ലാവരും നടത്തുക. ഇത്തരത്തില്‍ ഒരു വിദേശഭാഷ സ്വായത്തമാക്കുന്നത് ഏറെ ഗുണംചെയ്യും. ചൈനീസ് ആണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്. ജര്‍മന്‍, അറബിക്, ഫ്രഞ്ച് ഒക്കെയാകാം.
മുഖം മിനുക്കണം പാഠ്യപദ്ധതി
ഡോ. ജെയിംസ് വര്‍ഗീസ് (കുസാറ്റ് ചീഫ് പ്ലേസ്‌മെന്റ് ഓഫീസര്‍)
- പുതിയ സാങ്കേതികതയ്ക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യമാണിന്ന്. വിവിധ മേഖലകളില്‍ ലോകത്തിന്റെ പലഭാഗത്തുനടക്കുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരാനാകണം. നിലവിലുള്ള കോഴ്‌സുകള്‍ക്കൊപ്പം പുതിയ സാങ്കേതികതയുമായി ബന്ധപ്പെട്ട പ്രോജക്ട് ജോലികള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും.
- കംപ്യൂട്ടര്‍ മേഖലയില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി.), മെഷീന്‍ ലേണിങ്, ബിഗ് ഡേറ്റ എന്നിവയില്‍ സാധ്യതകള്‍ ഏറെയുണ്ട്. ഇത്തരം കഴിവുകളുള്ളവര്‍ക്ക് ഐ.ടി. കമ്പനികളില്‍ ജോലി സാധ്യതയുമുണ്ട്.
- എന്‍ജിനീയറിങ് മേഖലയില്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ആണ് സാധ്യതയുള്ള മറ്റൊരു മേഖല. പരിസ്ഥിതിയുടെയും ഊര്‍ജത്തിന്റെയും പ്രാധാന്യം വരും കാലങ്ങളില്‍ വര്‍ധിക്കുകയേ ഉള്ളൂ. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്ന മേഖലകളില്‍ ഒന്നുകൂടിയാണിത്.
ലോകം മാറിമറിയും
സന്തോഷ് കുറുപ്പ് (സി.ഇ.ഒ., ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരള)
- വിപ്ലവകരമായ മാറ്റങ്ങളാണ് സാങ്കേതികരംഗത്ത് നടക്കുന്നത്. പുത്തന്‍ സാങ്കേതികതകള്‍ ഭാവിയില്‍ ലോകംതന്നെ മാറ്റിമറിക്കും. അവസരങ്ങളുടെ ഖനിയാവും അത് തുറന്നുതരിക. അഞ്ചുവര്‍ഷത്തിനുള്ളില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം.
- ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി.), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെല്ലാം ഭാവിയുടെ സാങ്കേതികതകളാണ്. ദിനംപ്രതിയെന്നോണമാണ് ഈ മേഖലകളില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നത്. ഇവ ഉള്‍ക്കൊള്ളാന്‍ തലമുറയെ സജ്ജരാക്കുകയാണ് ആദ്യം വേണ്ടത്.
- പാഠ്യപദ്ധതികളിലും പഠനരീതികളിലും കാലികമായ മാറ്റങ്ങള്‍ വരണം. സാങ്കേതികതയ്ക്കായിരിക്കണം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. വ്യത്യസ്തമായ കോഴ്‌സുകള്‍ ഉണ്ടാവണം. ഇതിനായി സര്‍വകലാശാലകള്‍ മുന്നോട്ടുവരണം.
- സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള ഫാബ് ലാബുകള്‍ ഇതിന്റെ ഭാഗമാണ്.
- എന്‍ജിനീയറിങ് രംഗത്ത് നടപ്പാക്കുന്ന ശേഷിവികസനപദ്ധതിയാണ് മറ്റൊന്ന്. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മികവ് വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. സംസ്ഥാനത്തെ 150 എന്‍ജിനീയറിങ് കോളേജുകളെ ബന്ധിപ്പിച്ചാണ് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ കോളേജുകളില്‍ അടുത്തവര്‍ഷം പദ്ധതി തുടങ്ങുകയാണ് ലക്ഷ്യം.