അതുവരെ കാണാത്തതരത്തിലുള്ള ചില തൊഴിലുകാരുടെ മുന്നില്‍ നിന്നതിന്റെ പകപ്പിലായിരുന്നു ആ കുട്ടികള്‍: എത്തിക്കല്‍ ഹാക്കര്‍, വെഡ്ഡിങ്ങ് പ്ലാനര്‍, ടീ ടേസ്റ്റര്‍, യോഗ ട്രെയിനര്‍, ഫുഡ് സ്റ്റൈലിസ്റ്റ്....ഡോക്ടറും എഞ്ചിനിയറും ഐ.ടി യും മാത്രമാണ് തൊഴില്‍ വഴികള്‍ എന്ന് കരുതിയിരുന്ന അവര്‍ക്ക് ഈ മുഖങ്ങള്‍ പുതിയ വെളിച്ചവും വഴികളുമായി.
മാറിച്ചിന്തിക്കാനുള്ള പ്രചോദനമായി 'മാതൃഭൂമി' സംഘടിപ്പിച്ച കൂട്ടായ്മയാണ് പുതിയ തലമുറയ്ക്ക് പ്രചോദകമായത്. മാറുന്ന തൊഴില്‍ സങ്കല്പ്പങ്ങള്‍ പരിചയപ്പെടുത്താന്‍ 'മാതൃഭൂമി' അവതരിപ്പിക്കുന്ന 'റീഇമാജിന് ദ് ഫ്യൂച്ചര്' പരമ്പരയെ അടിസ്ഥാനമാക്കിയായിരുന്നു കൂട്ടായ്മ. മാതൃഭൂമി ചാനലിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സംവദിക്കാനെത്തിയത് നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്.
എത്തിക്കല്‍ ഹാക്കര്‍ എഡ്വിന്‍ ആന്റണി, വെഡ്ഡിങ് പ്ലാനര്‍ റൈനോ രാജന്‍, ടീ ടേസ്റ്റര്‍ ഷാനവാസ് ബാവു, യോഗ ട്രെയിനര്‍ നൂതന്‍ മനോഹര്‍, ഫുഡ് സ്‌റ്റൈലിസ്റ്റ് സന്ധ്യ എസ്. കുമാര്‍ എന്നിവര്‍ പുതിയ തൊഴില്‍ മേഖലകളുടെ പ്രതിനിധികളായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തി.
'പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസ്സാണ് ആവശ്യം. അവസരങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്' ടീ ടേസ്റ്റിങ് എന്ന മേഖലയില്‍ സ്വന്തമിടം കണ്ടെത്തിയ ഷാനവാസിന്റെ വാക്കുകള്‍ക്ക് അനുഭവത്തിന്റെ തെളിച്ചമുണ്ട്. തൊഴില്‍മേഖലയുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനം 'സ്വപ്നമെന്തെന്ന്, മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇഷ്ടമെന്തെന്ന് തിരിച്ചറിയുകയാണെന്ന്' സന്ധ്യയുടെ വാക്കുകള്‍. ഭക്ഷണമാണ് തന്റെയിടമെന്ന് പ്ലസ്ടു പഠനകാലയളവിലേ തിരിച്ചറിഞ്ഞത് മുന്നോട്ടുള്ള യാത്ര എളുപ്പമാക്കിയെന്നും സന്ധ്യ.
ലക്ഷ്യത്തിലെത്താനുള്ള നുറുങ്ങു വിദ്യകള്‍ക്കൊപ്പം ഓരോ കോഴ്‌സുകള്‍ എവിടെ പഠിക്കുമെന്നും എങ്ങിനെ പഠിക്കുമെന്നുമെല്ലാം വരെ ഇവര്‍ വിശദീകരിച്ചു. ഒടുവില്‍ കൂട്ടായ്മയ്ക്ക് തിരശ്ശീല വീഴുമ്പോള്‍ കുട്ടിസംഘത്തിനും ഒരേ സ്വരം 'സ്വപ്നങ്ങള്‍ക്ക് അതിര് ആകാശത്തോളമാണെന്ന്...'