ഫിറ്റ്‌നസ് സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍


By ജോസഫ് മാത്യു

3 min read
Read later
Print
Share

പരമ്പരാഗതവഴികള്‍ വിട്ടാണ് ഇന്നത്തെ യുവത്വം തൊഴിലിന്റെ മേഖലയില്‍ സഞ്ചരിക്കുന്നത്. സ്ഥിരം പാതകളില്‍നിന്ന് മാറി വേറിട്ടസാധ്യതകള്‍ തേടിപ്പോയി വിജയിച്ച ചിലരെക്കുറിച്ച് ഇന്ന് മുതല്‍ വായിക്കൂ. തൊഴിലിന്റെ കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ കാലമായി എന്ന് ഇവരുടെ വിജയാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു

ഗിറ്റാറിസ്റ്റാകാന്‍ മോഹിച്ചു.ആ വഴി തുറന്നുകിട്ടാഞ്ഞപ്പോള്‍ തന്റെ പാഷന്റെ വഴിയിലൂടെ അലക്‌സാണ്ടര്‍ നടന്നു. ഫിറ്റ്നസ്സ് ട്രെയിനിങ്ങില്‍ ഡിപ്ലോമ നേടി. പുറം ലോകത്ത് പോയി ഈ മേഖലയിലെ പുതിയ പാഠങ്ങള്‍ പഠിച്ചു. ഫിറ്റ്‌നസ്സ് ട്രെയിനിങ്ങ് അലക്‌സാണ്ടര്‍ക്ക് ഇന്ന് പാഷന്‍ മാത്രമല്ല, തൊഴില്‍കൂടിയാണ്

അലക്‌സാണ്ടറിന് ഗിറ്റാറിസ്റ്റായ ഒരു സുഹൃത്തുണ്ടായിരുന്നു. ആ ബന്ധം കാരണം പ്രൊഫഷണല്‍ ഗിറ്റാറിസ്റ്റാകണമെന്നായിരുന്നു അലക്‌സാണ്ടറിന്റേയും ആഗ്രഹം. വീട്ടുകാരെല്ലാം എതിരായതോടെ ആ മോഹം ഉപേക്ഷിച്ചു. ജീവിതത്തില്‍ ഏതു വഴിയിലേക്ക് തിരിയണമെന്ന് ആലോചിച്ചുനില്‍ക്കെ അലക്‌സാണ്ടര്‍ ഗിറ്റാറിസ്റ്റ് സുഹൃത്തിനോട് അഭിപ്രായം ചോദിച്ചു: 'നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാ'നായിരുന്നു ഉപദേശം. അതൊരു വഴിത്തിരിവായിരുന്നു. ഫിറ്റ്‌നസ് ട്രെയിനറാകാനുള്ള തീരുമാനം അന്നെടുത്തതാണ്.

മസിലു പെടപ്പിക്കലും സിക്‌സ് പാക്കുമല്ല, മറിച്ച് രോഗമില്ലാത്ത ജീവിതത്തിന് ഫിറ്റ്‌നസാണ് കൂടുതല്‍ പ്രാധാന്യം എന്ന വിശ്വാസക്കാരനാണ് അലക്‌സാണ്ടര്‍. തന്റെ സാമ്രാജ്യമായ 'ബൗണ്‍സ് സ്റ്റുഡിയോ'യില്‍ ഫിറ്റ്‌നസിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരായതിനാല്‍ അവര്‍ക്കനുസരിച്ചാണ് പരിശീലനങ്ങള്‍ക്ക് രൂപം നല്‍കുക. യന്ത്രങ്ങളുടെ ഉപയോഗം പരമാവധി കുറച്ചാണ് അലക്‌സാണ്ടറുടെ ഫിറ്റ്‌നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പകുതി ജോലി അതു ചെയ്യുന്നുവെന്നും ഉദ്ദേശിച്ച ഫലം ശരീരത്തിനു കിട്ടാതെ പോകുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ സങ്കല്‍പ്പം.

സാധാരണ ജോലികള്‍ ചെയ്യുന്നവര്‍ പ്രോട്ടീന്‍ പൗഡര്‍ പോലെയുള്ള ഫുഡ് സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതിനും അദ്ദേഹം എതിരാണ്. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ ബോഡി ബില്‍ഡിങ് അലക്‌സാണ്ടര്‍ക്ക് ഒരു പാഷനായിരുന്നു. അന്നൊക്കെ ജിമ്മുകള്‍ പരമിതം.പേഴ്‌സണല്‍ ട്രെയിനര്‍മാരൊന്നും ഇല്ല. ഒരിടത്ത് പരിശീലിക്കുമ്പോള്‍ നടുവിന് പരിക്കേറ്റു. വീട്ടില്‍പ്പറയാതെയാണ് ജിമ്മില്‍ പോകുന്നതെന്നതിനാല്‍ ഇക്കാര്യം മിണ്ടിയില്ല. നടുവിന് കടുത്ത വേദനയുമായി നടന്നു. പിന്നീടാണ് ഓരോരുത്തര്‍ക്കും യുക്തമായ രീതിയില്‍ ശാസ്ത്രീയമായി പരിശീലനം നേടണമെന്ന് തീരുമാനിച്ചത്. തനിക്ക് യോജിച്ച വ്യായാമങ്ങള്‍ തിരഞ്ഞെടുത്തു. ഇതിനു ഗുണമുണ്ടായി. നടുവേദന മാറി.

Read More | ഹാക്കിങ്‌ അത്ര മോശം കാര്യമല്ല

ജിമ്മുകളില്‍ ആരെങ്കിലും തെറ്റായ രീതിയില്‍ പരിശീലിക്കുന്നത് കണ്ടാല്‍ അലക്‌സാണ്ടര്‍ തിരുത്തിത്തുടങ്ങി. അങ്ങനെ യാദൃശ്ചികമായാണ് ട്രെയിനര്‍ എന്ന നിലയിലേക്കുയര്‍ന്നത്. എറണാകുളം തവാല്‍ക്കറില്‍ മാനേജരും ട്രെയിനറുമായി. ഫിറ്റ്‌നസ് ട്രെയിനിങ്ങില്‍ ഡിപ്ലോമ നേടി. പിന്നീടാണ് ദുബായിലേക്ക് പറന്നത്. അവിടെ പവര്‍ഹൗസ് എന്ന ജിമ്മില്‍ മാനേജരും ട്രെയിനറുമായി. അന്താരാഷ്ട്രനിലവാരമുള്ള രീതികള്‍ മനസ്സിലാക്കി. ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകള്‍ സ്വായത്തമാക്കിയാണ് തിരിച്ച് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് പനമ്പിള്ളി നഗറില്‍ ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങുകയായിരുന്നു.

ആദ്യമൊക്കെ വീട്ടുകാര്‍ എതിരായിരുന്നു. ഇതുകൊണ്ടൊക്കെ എങ്ങനെ ജീവിക്കുമെന്നായിരുന്നു എല്ലാവരുടെയും സംശയം. പക്ഷേ ഇന്ന് അലക്‌സാണ്ടറുടെ ട്രെയിനിങ് നേടുന്നവരില്‍ കൊച്ചിയിലെ വി.ഐ.പി.കള്‍ ഉള്‍പ്പെടെ എല്ലാത്തരക്കാരുമുണ്ട്. സെന്ററില്‍ ഒരു ബോര്‍ഡു പോലും വെച്ചിട്ടില്ല. അറിഞ്ഞെത്തുന്നവരാണ് ഏറെ. മൂന്നു മാസത്തേക്കാണ് ഓരോരുത്തര്‍ക്കും ട്രെയിനിങ്. ആദ്യം ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി ചോദിച്ചറിയും.

സ്ഥിരം ചികിത്സ തേടുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്. ഭക്ഷണക്രമം നിര്‍ദ്ദേശിക്കും. മൂന്നു മാസം കഴിഞ്ഞാലും താല്‍പ്പര്യമുണ്ടെങ്കില്‍ തുടരാം. മിസ്റ്റര്‍ കൊച്ചി, മിസ്റ്റര്‍ കേരള പദവികള്‍ നേടിയിട്ടുണ്ട് അലക്‌സാണ്ടര്‍.

യോഗ്യത

ശരീരത്തോടുള്ള ഇഷ്ടമാണ് ഫിറ്റ്‌നസ് ട്രെയിനര്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. നല്ല ആരോഗ്യവും വായിക്കാനും എഴുതാനും കണക്കുകൂട്ടാനും കഴിവുമുള്ളവര്‍ക്ക് ഈ രംഗത്തേക്ക് വരാം. എന്നാല്‍ കരിയര്‍ തിളങ്ങണമെങ്കില്‍ ഡിപ്ലോമ തന്നെ വേണം. അതിന് അടിസ്ഥാന യോഗ്യത പ്ലസ്ടു വിജയമാണ്.

പഠനം

ജിംനേഷ്യങ്ങളില്‍ പോയാല്‍ പ്രാഥമിക പാഠങ്ങളേ പഠിക്കാനാവൂ. സര്‍വകലാശാലകളില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് ഫിറ്റ്‌നസ് കോഴ്‌സുകള്‍ ഉണ്ട്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. ജിം ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് പുണെ യൂണിവേഴ്‌സിറ്റിയിലുണ്ട്. അനാട്ടമി, ഫിസിയോളജി, സ്‌പോര്‍ട്‌സ് മെഡിസിന്‍, ബയോമെക്കാനിക്‌സ് ആന്‍ഡ് കൈനിസിയോളജി, ഫിറ്റ്‌നസ് ആന്ഡ് എക്‌സര്‍സൈസ് ട്രെയിനിങ്, ട്രെയിനിങ് മെത്തേഡ്‌സ്, മാനേജ്‌മെന്റ് ആന്ഡ് ഇവാല്വേഷന്‍ എന്നിവയെല്ലാം പഠിക്കേണ്ടതുണ്ട്. ലെവല്‍ 3 ഡിപ്ലോമ ഇന്‍ ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടിങ് ആന്‍ഡ് പേഴ്‌സണല്‍ ട്രെയിനിങ് (Dip.FIPT) ആണ് ഇതിലെ ഏറ്റവും പ്രധാന കോഴ്‌സ്.

ശമ്പളം

ഫിറ്റ്‌നസ് ട്രെയിനര്‍ക്ക് തുടക്കത്തില്‍ത്തന്നെ കൊച്ചിപോലുള്ള നഗരങ്ങളില്‍ മികച്ച ശമ്പളം പ്രതീക്ഷിക്കാം. ജിംനേഷ്യങ്ങളിലാണ് കൂടുതലും അവസരം. പരിചയത്തിനനുസരിച്ച് ശമ്പളം വര്‍ധിക്കും. പേഴ്‌സണല്‍ ട്രെയിനറാവുകയെന്നതാണ് മറ്റൊരു സാധ്യത. മാസം ഒരാളില്‍നിന്ന് 15,000 രൂപവരെ ഫീസ് ഈടാക്കുന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയിനര്‍മാര്‍ കൊച്ചിയില്‍ തന്നെയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ......

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram