ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ ജോലി മോഹിപ്പിക്കുന്ന ഒന്നായിരുന്നു. പിന്നീട് അധ്യാപനം പ്രൗഢമായ തൊഴിലായി. കാലം കുറേ കടന്നുപോയപ്പോള്‍ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമാവാനായി യുവജനങ്ങളുടെ പരിശ്രമം. അതും കഴിഞ്ഞപ്പോള്‍ ഐ.ടി വന്‍ ശമ്പളവും വിദേശജീവിതസാധ്യതകളുമായി വന്ന് വിപ്ലവമുണ്ടാക്കി. കാലവും സാഹചര്യങ്ങളും പിന്നെയും മാറിയപ്പോള്‍ ഉപരിപഠനത്തിന്റേയും തൊഴിലുകളുടേയും സ്വഭാവവും മാറി. പരമ്പരാഗത വഴികള്‍ വിട്ട് വ്യത്യസ്തമായ വഴികളിലൂടെയാണ് ഇന്നത്തെ യുവത്വം തൊഴിലിന്റെ മേഖലയില്‍ സഞ്ചരിക്കുന്നത്. സ്ഥിരം പാതകളില്‍നിന്ന് മാറി വേറിട്ട സാധ്യതകള്‍ തേടിപ്പോയി വിജയിച്ച ചിലരെക്കുറിച്ച് വായിക്കൂ. തൊഴിലിന്റെ കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ കാലമായി എന്ന് ഇവരുടെ വിജയാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
'ഹാക് എന്ന ഇംഗ്ലീഷ് വാക്കിന് 'കംപ്യൂട്ടറില്‍ ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുക്കുക' എന്നാണ് നിഘണ്ടുവില്‍ അര്‍ത്ഥം. അതുകൊണ്ടുതന്നെ മോശം പ്രതിഛായയാണ് ഹാക്കിങ്ങ് എന്ന പദത്തിനുള്ളത്. എന്നാല്‍ കൊച്ചി സ്വദേശിയായ എഡ്വിന്‍ ആന്റണിയോട് ഇത് പറഞ്ഞാല്‍ അയാള്‍ മറുപടി പറയും:'ഒരു കത്തി കൊണ്ട് ആളെക്കൊല്ലാം, ശസ്ത്രക്രിയ നടത്തുകയും ചെയ്യാം. ഉപയോഗിക്കുന്ന ആളിന്റെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. 'ലോകം പറഞ്ഞും ചെയ്തും പഴകിയ പല പല തൊഴിലുകള്‍ക്ക് പിറകേ പിന്നേയും പിന്നേയും പായുമ്പോള്‍ എത്തിക്കല്‍ ഹാക്കിങ്ങ് എന്ന പുത്തന്‍ തൊഴില്‍ സ്വീകരിച്ച എഡ്വിന്‍ തന്റെ അനുഭവം വച്ച് ലോകത്തോട് വിളിച്ചുപറയുന്നു: പുതിയ കാലത്ത് തട്ടിപ്പിന്റെ മറുപദമല്ല ഹാക്കിങ്; മറിച്ച് തട്ടിപ്പിനെ മറികടക്കാനുള്ള വിദ്യയാണ്
നന്‍മയുടെ ഹാക്കിങ് വഴികള്‍ക്ക് എത്തിക്കല്‍ ഹാക്കിങ് അല്ലെങ്കില്‍ വൈറ്റ് ഹാറ്റ് ഹാക്കിങ്ങെന്നാണ് വിളിപ്പേര്. കമ്പ്യൂട്ടറിനകത്തേക്കുള്ള അനധികൃത കടന്നുകയറ്റം തടയുകയെന്നതാണ് എത്തിക്കല്‍ ഹാക്കേഴ്‌സിന്റെ പ്രധാനജോലി. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്. വന്‍ അവസരങ്ങളാണ് ഈ രംഗത്തുള്ളതെന്ന് എഡ്‌വിന്‍ സാക്ഷ്യപ്പെടുത്തുന്നു.
അതാത് കമ്പ്യൂട്ടര്‍ ശൃംഖലയുടെ ഉടമകളുടെ അനുവാദത്തോടെയാണ് എത്തിക്കല്‍ ഹാക്കേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍. വെബ്‌സൈറ്റുകള്‍ തികച്ചും പ്രൊഫഷണലാക്കാനും ചിലര്‍ ഹാക്കര്‍മാരുടെ സഹായം തേടാറുണ്ട്. വിദേശരാജ്യങ്ങളിലാണ് അവസരങ്ങള്‍ ഏറെയും. ഹാക്കിങ്ങില്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകളും വിദേശ സര്‍വ്വകലാശാലകളിലുണ്ട്. കൊച്ചിയില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ എത്തിക്കല്‍ ഹാക്കിങ് കോഴ്‌സുകളുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തില്‍ അധ്യാപകനാണ് എഡ്വിന്‍ ഇപ്പോള്‍.
എത്തിക്കല്‍ ഹാക്കര്‍/വൈറ്റ് ഹാക്കര്‍
കമ്പ്യൂട്ടറിലും സെര്‍വറിലും ഇന്റര്‍നെറ്റ് ശൃംഖലയിലും നുഴഞ്ഞുകയറി വിവരങ്ങള്‍ മോഷ്ടിക്കുന്ന ബ്ലാക്ക് ഹാക്കര്‍/ ക്രാക്കര്‍മാരെ പ്രതിരോധിക്കുന്നവരാണ് എത്തിക്കല്‍ ഹാക്കര്‍/ വൈറ്റ് ഹാക്കര്‍മാര്‍. വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാനുള്ള സാധ്യത കണ്ടെത്തി തടഞ്ഞ് സുരക്ഷ ഒരുക്കുന്നവരാണ് ഇവര്‍.
യോഗ്യത
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോട് താത്പര്യവും ഇന്റര്‍നെറ്റ്, സെര്‍വര്‍ എന്നിവയെക്കുറിച്ച് പൊതുവായ ധാരണയും ഉള്ളവര്‍ക്ക് എത്തിക്കല്‍ ഹാക്കര്‍മാരാവാം. പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിക്കുന്നില്ല. കമ്പ്യൂട്ടറിന്റെ അടിസ്ഥാനതത്വങ്ങള്‍ക്കൊപ്പം ഹാക്കിങും എത്തിക്കല്‍ ഹാക്കിങും പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനങ്ങളുണ്ട്. 18 വയസ്സ് തികഞ്ഞവരാവണം. അതേസമയം യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിരുദത്തിന്റെ ഭാഗമായേ ഈ കോഴ്‌സ് പഠിക്കാനാവൂ
പഠനം
എ.പി.ജെ.അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എത്തിക്കല്‍ ഹാക്കിങ് പഠിക്കാം. കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി കേരളത്തിലെ ഒട്ടെല്ലാ നഗരങ്ങളിലും എത്തിക്കല്‍ ഹാക്കിങ് പഠിപ്പിക്കുന്ന ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഓണ്‍ലൈനിലും പഠിക്കാം. ഇലക്ട്രോണിക് ആന്റ് കമ്മേഴ്‌സ് കൗണ്‍സില്‍ (ഇ.സി.കൗണ്‍സില്‍) ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ജോലി
കേരളത്തില്‍ തന്നെ ഇന്‍ഫൊ പാര്‍ക്കുകളിലും വലിയ കമ്പനികളിലും ധാരാളം തൊഴിലവസരമുണ്ട്. ബെംഗളൂരു പോലുള്ള ടെക് നഗരങ്ങളിലായാല്‍ അവസരങ്ങള്‍ ഏറും. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും കേരളത്തില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ശമ്പളം
തുടക്കക്കാരന് ഇപ്പോള്‍ 35,000 മുതല്‍ 40,000 വരെ മാസശമ്പളം ലഭിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇത് ഒരു ലക്ഷം രൂപക്ക് മുകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ