സ്വാസ്ഥ്യം നല്‍കുന്ന ശാസ്ത്രീയ ആരോഗ്യ പരിശീലന മാര്‍ഗമായി പതഞ്ജലി മഹര്‍ഷി ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച യോഗ ഇന്ന് വലിയ തൊഴില്‍ മേഖലയാണ്. ലോകവ്യാപകമായി ലഭിച്ച അംഗീകാരവും ആധുനികകാലത്ത് മനുഷ്യന്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും ഇതിന്റെ സാധ്യത വര്‍ധിപ്പിച്ചു. മാര്‍ക്കറ്റിങ്/ബ്രാന്‍ഡിങ് മേഖല ഉപേക്ഷിച്ചാണ് കൊച്ചി സ്വദേശി നൂതന്‍ മനോഹര്‍ യോഗ തൊഴിലാക്കിയത്.
കോര്‍പ്പറേറ്റ് മേഖലയിലെ സമ്മര്‍ദവും തുടര്‍ന്ന് ആരോഗ്യത്തിനുണ്ടായ പ്രശ്‌നങ്ങളുമായി പ്രയാസപ്പെട്ട കൊച്ചി സ്വദേശി നൂതന്‍ മനോഹര്‍ എന്ന പെണ്‍കുട്ടി. ചികിത്സകള്‍ക്കും മരുന്നുകള്‍ക്കുമൊന്നും ഒരു ഫലവുമുണ്ടാക്കാനായില്ല. അപ്പോഴാണ് അവര്‍ക്ക് മുന്നില്‍ യോഗയുടെ വാതില്‍ തുറന്നത്. ശരീവും മനസ്സും സംഗമിക്കുന്ന ഇടം. ചിത്തവൃത്തികള്‍ നിരോധിച്ച് സ്വാസ്ഥ്യം വീണ്ടെടുക്കല്‍. ഈ വഴിയിലൂടെ ഏറെ ദൂരം നൂതന്‍ മുന്നോട്ട് പോയി. ആറുകൊല്ലത്തിന് ശേഷം, ഇന്ന് യോഗ എന്ന വിഷയവുമായി ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് ഈ പെണ്‍കുട്ടി.
യോഗ എന്തെന്ന് ചോദിച്ചാല്‍ നൂതന്റെ ഉത്തരം 'യോഗ: കര്‍മസു കൗശലം' എന്നതായിരിക്കും. ചെയ്യുന്നത് എന്താണോ അതില്‍ മികച്ചു നില്‍ക്കുക എന്നതാണ് യോഗ കൊണ്ട് അര്‍ഥമാക്കുന്നത്. സ്ഥിരം ആസനങ്ങള്‍ കോര്‍ത്തിണക്കിയ മാര്‍ക്കറ്റിങ് അല്ല യോഗ. മനസ്സ്, ശരീരം, ആയുര്‍വേദം, പ്രകൃതി തുടങ്ങി വിവിധ മേഖലയുടെ കൂടിച്ചേരലാണിത്. ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ജോലിയാണ് യോഗ ട്രെയിനര്‍ അല്ലെങ്കില്‍ വെല്‍നെസ് എക്‌സ്‌പേര്‍ട്ട് എന്നത്. അതായത് ഒരാളുടെ ശരീരവും മനസ്സും സന്തുലിതമാക്കല്‍. ''ഇന്നത്തെ കാലത്ത് വളരെ സാധ്യതകളുള്ള ഒരു മേഖലയാണിത്. സമൂഹത്തിലെ ഓരോരുത്തരും ഇന്ന് മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണ്. ഇതില്‍ നിന്ന് മുക്തി തേടാനാണ് പലരും വെല്‍നെസ്സ് ട്രെയ്‌നേഴ്‌സിനെ തേടിയെത്തുന്നത്'' നൂതന്‍ പറയുന്നു.
ഹോങ് കോങ്ങില്‍ നടന്ന പ്യൂവര്‍ യോഗ എന്ന ശില്പശാലയില്‍ പങ്കെടുത്തതാണ് യോഗ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കാന്‍ നൂതനെ പ്രേരിപ്പിച്ചത്. പിന്നീട് 2014ല്‍ പനമ്പിള്ളി നഗറില്‍ 'മീ മെറ്റ് മീ'എന്ന യോഗ സെന്ററും നൂതന്‍ ആരംഭിച്ചു. മിസ് കേരള, മിസ് സൗത്ത് ഇന്ത്യ, തുടങ്ങിയവര്‍ക്കും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെയും ദക്ഷിണ നാവിക സേനയിലെയും അംഗങ്ങള്‍ക്കും സെഷനുകള്‍ നടത്തി.
''സുംബ ഡാന്‍സ്, ഡയറ്റിങ് തുടങ്ങിയവ വിദേശികള്‍ക്ക് മടുത്തുതുടങ്ങിയിരിക്കുന്നു. അവര്‍ക്കാവശ്യം ഹോളിസ്റ്റിക് സമീപനം നിലനിര്‍ത്തുന്ന ആയുര്‍വേദവും മാനസിക, ശാരീരിക സൗഖ്യം നല്‍കുന്ന യോഗയുമാണ്. മികച്ച ശമ്പളവും വിദേശരാജ്യങ്ങളില്‍ ലഭിക്കും. യോഗ എന്ന ആശയത്തോട് മലയാളികള്‍ എന്നും പിന്തിരിഞ്ഞിട്ടേയുള്ളൂ. എന്നാലും കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും മികച്ച ശമ്പളം തന്നെയാണ് യോഗ മെന്റര്‍ക്കും വെല്‍നെസ് എക്‌സ്‌പേര്‍ട്ടിനും നല്‍കുന്നത്.'' നൂതന്‍ പറയുന്നു.
യോഗ്യത
അടിസ്ഥാനവിദ്യാഭ്യാസവും ശരീരശാസ്ത്രത്തെക്കുറിച്ച് ധാരണയും സ്വസ്ഥമായ മനസ്സുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മേഖലയാണിത്. ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം നല്‍കുന്ന പരിശീലകരെയാണ് ലോകത്തിന് ആവശ്യം.
പഠനം
യോഗ സെന്ററുകളില്‍ നടത്തുന്ന അടിസ്ഥാന കോഴ്‌സുമുതല്‍ സര്‍വകലാശാലാ കോഴ്‌സുകള്‍ വരെ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, പി.ജി.കോഴ്‌സുകളുണ്ട്. അന്താരാഷ്ട്രതലത്തില്‍ യോഗ അഭ്യസിപ്പിക്കാന്‍ യോഗ അലയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. താത്പര്യത്തിനനുസരിച്ച് ബിഹേവിയറല്‍ സയന്‍സ് പോലുള്ള കോഴ്‌സുകള്‍ ഇതിനൊപ്പം പഠിക്കുന്നത് ഈ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ സഹായിക്കും.
കരിയര്‍
ഒട്ടുമിക്ക ഐ.ടി., മാനേജ്‌മെന്റ് കമ്പനികളും വെല്‍നെസ് എക്‌സ്‌പേര്‍ട്ടിനെയോ, യോഗ മെന്ററേയോ തിരഞ്ഞെടുക്കുന്നുണ്ട്. സര്‍വകലാശാലകള്‍ പാഠ്യവിഷയമാക്കിയതോടെ കോളേജുകളിലും അവസരങ്ങളേറും. അന്താരാഷ്ട്രതലത്തിലും വലിയ സാധ്യതകളുണ്ട്.
ശമ്പളം
അമേരിക്കപോലുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ 24,000 ഡോളര്‍ (15,69,480 രൂപ) മുതല്‍ 90,000 ഡോളര്‍ (58,85,550രൂപ) വരെയാണ് യോഗ ഇന്‍സ്ട്രക്ടറുടെ വാര്‍ഷിക ശമ്പളം. 10,000 രൂപ വരെ ഫീസ് തരാന്‍ തയ്യാറുള്ള വ്യക്തികളും മികച്ച ശമ്പളം നല്‍കുന്ന കമ്പനികളും കേരളത്തിലുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ