ചായകുടി ഒരു ചെറിയ കാര്യമാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. പുതിയ കാലത്ത് ചായ രുചിക്കുന്നത് ഒരു കലയും ലോകമെങ്ങും സാധ്യതകളുള്ള കരിയറുമാണ്. രുചിയുടെ ആഴങ്ങളിലേക്കിറങ്ങി അതിസൂക്ഷ്മമായ വ്യത്യാസങ്ങള്‍ തിരിച്ചറിയാനും ഗുണമേന്മ അളക്കാനും സാധിക്കുമോ? ചായരുചിക്കല്‍ നിങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന തൊഴില്‍ നല്‍കും
പെരുമ്പാവൂരുകാരന്‍ ഷാനവാസ് ബാവുവിനോട് എന്താണ് ജോലി എന്ന് ചൊദിച്ചാല്‍ പെട്ടന്ന് ഉത്തരം കിട്ടും: ചായകുടി. വിശ്വാസം വരുന്നില്ലെങ്കില്‍ ഒരുവട്ടം കൂടിച്ചോദിക്കാം. അപ്പോഴും ഈ മനുഷ്യന്‍ പറയും: ചായകുടിക്കല്‍ മാത്രമാണ് എന്റെ പണി. ചായകുടിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈ ഭൂമിയിലേക്ക് വന്നത്. പക്ഷേ നമ്മുടെ ചായകുടിയും ഷാനവാസിന്റെ ചായകുടിയും തമ്മില്‍ വ്യത്യാസമുണ്ട്. രുചിയുടെ ആഴങ്ങളിലേയ്ക്കും സൂക്ഷ്മതകളിലേയ്ക്കും ഇറങ്ങിച്ചെന്നാണ് ഷാനവാസ് ചായകുടിക്കുന്നത്. ചായയുടെ ഗുണമേന്മയടക്കമുള്ള എല്ലാ കാര്യങ്ങളും നാവിന്‍തുമ്പിലൂടെ തിരിച്ചറിയും. 'ടീ ടേസ്റ്റിംഗ്'എന്ന കലയും കരിയറും ഇന്ന് മാറിച്ചിന്തിക്കുന്നവര്‍ക്ക് മോഹിപ്പിക്കുന്ന മേഖലയായി വളര്‍ന്നുകഴിഞ്ഞു.
കോതമംഗലം എം.എ. കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ എന്‍ജീനിയറിങ് ഡിഗ്രിയെടുത്തതിന് ശേഷം ഫാക്ടിലും സിന്തൈറ്റിലും മെയിന്റനന്‍സ് എന്‍ജീനിയറായിട്ടാണ് ഷാനവാസ് തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ജോലിയ്‌ക്കൊപ്പം ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ എം.ബി.എ.യും ചെയ്തു. ഭക്ഷ്യോത്പന്ന രംഗത്തും പ്രവര്‍ത്തിക്കുന്ന സിന്തൈറ്റിലെ ജോലിയുടെ ഭാഗമായി ഭക്ഷണപദാര്‍ത്ഥങ്ങളെകുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. കെമിസ്ട്രിയിലുള്ള ഇഷ്ടം ഇതിന് സഹായിച്ചു.
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ 'സര്‍ഗ്ഗാത്മകത'യെകുറിച്ച് കൂടുതല്‍ മനസ്സിലാക്കി. ഭക്ഷണത്തെ സൂക്ഷ്മതയോടെ തിരിച്ചറിയുക, വിലയിരുത്തുക എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലായി. അവലോകനത്തിനും ഓര്‍മ്മയ്ക്കും ഇതില്‍ വലിയ സ്ഥാനമുണ്ട്. അത്തരം കഴിവ് വികസിപ്പിക്കാനുള്ള പരിശീലനം കമ്പനിയില്‍ നിന്ന് ലഭിച്ചു. പീന്നീട് അനുഭവങ്ങളിലൂടെയാണ് ടീ ടേസ്റ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നതെന്ന് ഷാനവാസ് പറയുന്നു. ഓസ്‌ട്രേലിയന്‍ കമ്പനിയായ ഫ്‌ളേവര്‍ടെക് നാച്ചുറലിന്റെ സൗത്ത് ഏഷ്യ മിഡില്‍ ഈസ്റ്റ് മാനേജറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ ഷാനവാസ്
ഈ മേഖലയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നവരോട് ഷാനവാസ് പറയുന്നു: ഒരു ബിരുദം സ്വന്തമാക്കി ചായ രുചിച്ച് നോക്കാമെന്ന ചിന്ത മനസിലേക്ക് വരുത്തണ്ട. അങ്ങനെയൊരു കോഴ്‌സ് ഇല്ല. തേയിലത്തോട്ടങ്ങളിലെയും കമ്പനികളിലെയും ജോലി അനുഭവങ്ങളാണ് ഈ മേഖലയിലെ ഏക വഴികാട്ടി. ഇല നുള്ളുന്നത് മുതല്‍ പൊടിയാക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ ധാരണ ഒരു ടീ ടേസ്റ്റര്‍ക്ക് ഉണ്ടാകും. തൊഴില്‍ മേഖലയെന്നതിലുപരി രുചികളോടുള്ള താത്പര്യമാണ് ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആവശ്യമായത്. ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഒരു കലയാണ് ടീ ടേസ്റ്റിങ്. വിവിധ പ്ലാന്റേഷനെകുറിച്ചും കൃഷിരീതിയെകുറിച്ചും തേയിലകളിലെ വൈവിധ്യമെന്നിവ മനസ്സിലാക്കുകയും വേണം.
യോഗ്യത
രുചിയും മണവും തിരിച്ചറിയാന് കഴിവുള്ളവര്‍ക്ക് കാലുറപ്പിക്കാവുന്ന കരിയര്‍ മേഖല. സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ്ടുവും മാസ്റ്റര്‍ കോഴ്‌സിന് കെമിസ്ട്രിയില്‍ ബിരുദവുമാണ് യോഗ്യത
പഠനം
മുംബൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ ഫ്‌ളേവര്‍ കെമിസ്ട്രിയില്‍ എം.ടെക്. പ്രോഗ്രാം ഉണ്ടെങ്കിലും സീറ്റുകള്‍ കുറവാണ്. നാഷണല്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തന്നെ അവരുടെ ജീവനക്കാരെ ഈ കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്. ഇതൊരു മാസ്റ്റേഴ്‌സ് പ്രോഗ്രാമാണ്, ഫുഡ് സയന്‍സ് അഥവാ കെമിസ്ട്രിയില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. യുണൈറ്റഡ് പ്ലാന്റേഴ്‌സ് ഓഫ് സൗത്ത് ഏഷ്യ, ടീ റിസേര്‍ച്ച്‌സ് അസോസിയേഷന്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഉണ്ട്. ഇതിനുപുറമേ ടീ ടേസ്റ്റിങ്ങില്‍ വളരെ നാളത്തെ അനുഭവസമ്പത്തുള്ളവര്‍ നടത്തുന്ന കോഴ്‌സുകളുമുണ്ട്. മൈസൂരു സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെന്‍സറി ഇവാലുവേഷന്‍ പരിശീലനം നല്കുന്നുണ്ട്. ഡാര്‍ജിലിങ് ടീ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷനും ഇതില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ശ്രീലങ്കയിലാണ് ഏറ്റവും നല്ല ടീ ടേസ്റ്റിങ് കോഴ്‌സുകളുള്ളത്. ചായകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് ശ്രീലങ്കക്കാര്‍.
കരിയര്‍
രുചികളുടെ ലോകം മോഹിപ്പിക്കുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്നാല്‍പോലും പകരം വെക്കാന്‍ പറ്റാത്ത ഒന്ന്. രാജ്യത്തെ ചെറുതും വലുതുമായ എല്ലാ വ്യവസായ മേഖലകളിലും ഫുഡ് ടേസ്റ്റിങ് ജീവനക്കാരെ ആവശ്യമുണ്ട്. പ്രാദേശികമായ ഒരുപാട് ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നുണ്ട്. വലിയൊരു സ്ഥാപനത്തില്‍ ടീ ടേസ്റ്റര്‍മാരുടെ ഒരു പാനല്‍ തന്നെയുണ്ട്. കമ്പനികളുടെ കണ്‍സ്യൂമര്‍ പായ്ക്കിങ് വിഭാഗത്തില്‍ നാലുമുതല്‍ അഞ്ച് വരെ ടീ ടേസ്റ്റര്‍മാര്‍ ഉണ്ടാകും. ടീ ടേസ്റ്റര്‍, ടീ കണ്‍സള്‍ട്ടന്റ്, ടീ റിസേര്‍ച്ചര്‍ എന്നീ തസ്തികകളിലും ജോലി ചെയ്യാം.
ശമ്പളം
എന്‍ട്രി ലെവലില്‍ ടീ ടെയ്സ്റ്റര്‍ക്ക് 60,000 മുതല്‍ 70,000 രൂപവരെ ശമ്പളമുണ്ട്. പരിചയത്തിനനുസരിച്ച് മൂന്നരലക്ഷം വരെ ശമ്പളം വാങ്ങുന്നവര് ഇന്ത്യയില്‍ തന്നെയുണ്ട്. വിദേശത്ത് ആറുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ശമ്പളം. ഈരംഗത്ത് വൈദഗ്ധ്യം നേടിയാല്‍പ്പിന്നെ പറയുന്ന ശമ്പളം തരാന്‍ കമ്പനികള്‍ തയ്യാറാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ