ഹിമാലയത്തെയും പശ്ചിമഘട്ടത്തെയും അറിയുന്ന ഇന്ത്യക്കാരന് തൊഴിലിനായി കടല്‍ കടക്കേണ്ടതില്ല എന്നുപറയുന്നു തൃശ്ശൂര്‍ സ്വദേശി ഹരിപ്രസാദ്. പര്‍വ്വതാരോഹണം ഈ മനുഷ്യന് ഇപ്പോള്‍ തൊഴിലാണ്. പണത്തിനൊപ്പം സാഹസികതയ്ക്ക് പൂര്‍ണ്ണത കണ്ടെത്താനും സാധിക്കുന്ന ജോലി
സിനിമാതാരമാകുക എന്ന കുട്ടിക്കാലത്തെ സ്വപ്‌നം കൈയെത്തിപ്പിടിക്കാനാണ് ഹരിപ്രസാദ് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ അഡ്മിഷന്‍ ലഭിക്കാന്‍ വൈകിയതിനാല്‍ ഡല്‍ഹിയിലെത്തുന്ന ഏതൊരു സഞ്ചാരപ്രിയനെയും പോലെ ഉത്തരാഖണ്ഡിന്റെ ഉയരങ്ങളിലേക്ക് വെച്ചുപിടിച്ചു. കുന്നുകളോരോന്നായി താണ്ടിക്കൊണ്ടിരിക്കുമ്പോഴാണ് പ്രളയം ദേവഭൂമിയെ പിഴുതെടുക്കുകയാണെന്ന അറിയിപ്പ് കിട്ടിയത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഹരിയും കൂട്ടരും പ്രളയക്കെടുതികളുടെ നടുവിലെത്തി. അവിടെ ഏറ്റവും സുരക്ഷിതമായും കാര്യക്ഷമമായും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നീറിങിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും പരിചയപ്പെടാനിടയായത് ആണ് അന്നേ വരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത പര്‍വ്വതാരോഹണമെന്ന മേഖലയിലേക്ക് ഹരിയെ കൈപിടിച്ചു കയറ്റിയത്.
സാഹസികതയെ സ്‌നേഹിക്കുന്നവരെ കൈമാടി വിളിക്കുകയാണ് വന്‍ തൊഴില്‍ സാധ്യതയുള്ള പര്‍വ്വതാരോഹണ മേഖല. ഹിമവാന്റെ നാടായ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് ജോലി തേടി കടലു കടക്കേണ്ടതില്ല എന്ന് ഹരി വിശ്വസിക്കുന്നു. സഹ്യാദ്രി പച്ചക്കുട നിവര്‍ത്തിയ കേരളത്തിലും അനേകം തൊഴിലവസരങ്ങള്‍ ഉണ്ട്. കൈമുതലായി വേണ്ടത് താല്‍പര്യം മാത്രം.
മലകയറ്റം പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നുള്ളത് എത്ര മലയാളികള്‍ക്ക് അറിയാം? കാഞ്ചന്‍ജംഗയിലും ആരവല്ലിയിലും പ്രായോഗിക പരീക്ഷ നടത്തുന്ന വടക്കേ ഇന്ത്യയിലെ മൗണ്ടെയ്‌നീറിങ് സ്ഥാപനങ്ങളില്‍ വിരലിലെണ്ണാവുന്ന മലയാളി വിദ്യാര്‍ഥികള്‍ പോലുമില്ലെന്നതാണ് സത്യം. പാറക്കെട്ടുകള്‍, ഐസ്, മഞ്ഞ് എന്നീ മൂന്നു തലങ്ങളിലാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് മൗണ്ടെയ്‌നീറിങ്ങില്‍ രജിസ്റ്റര്‍ ചെയ്യണം.
പര്‍വ്വതാരോഹണ സര്‍ട്ടിഫിക്കറ്റുമായി കയറിച്ചെന്നാല്‍ എവിടെയാണ് ജോലി ലഭിക്കുക? എന്ന് സംശയാലുവായ മലയാളി ചോദിക്കുമായിരിക്കാം. നിരവധി സ്ഥാപനങ്ങള്‍ ഈ ചോദ്യത്തിന് ഉത്തരമായുണ്ട്. വൈറ്റ് മാജിക് എക്‌സ്‌പെഡേഷന്‍സ്, ഇന്ത്യ ഹൈറ്റ്‌സ്, ട്രക്ക് ഹിമാലയ എന്നിവ അതില്‍ ചിലതു മാത്രം. സാഹസിക വിനോദ സഞ്ചാര മേഖല തന്നെയാണ് പര്‍വ്വതാരോഹകരുടെ മികച്ച തൊഴിലിടം.
ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയിലും ജോലി ചെയ്യാം. യോഗ്യതയനുസരിച്ച് അസിസ്റ്റന്റ് ട്രക്ക് ലീഡര്‍, ട്രക്ക് ലീഡര്‍, ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ വിവിധ പദവികളാണ് ലഭിക്കുക. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാം. പര്‍വ്വതാരോഹണത്തിന്റെ കൂടെ ചേര്‍ക്കാവുന്ന മറ്റൊരു മേഖലയാണ് സ്‌കീയിങ്. മൂന്നാറിന്റെ ചെരുവുകള്‍ ഗ്രാസ് സ്‌കീയിങ്ങിന് ഏറ്റവും അനുയോജ്യമാണ്.
കാര്‍ഗില്‍ മേഖലയിലെ കുന്‍ മലനിരകളാണ് ഹരിപ്രസാദിന്റെ കയറിയെത്തിയ കൂടിയ ഉയരം. 7035 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തിന്റെ ആറായിരത്തോളം മീറ്റര്‍ ഉയരമെത്തിയപ്പോഴേക്കും കാലാസ്ഥ മോശമായതു മൂലം യാത്ര അവസാനിപ്പിക്കേണ്ടി വന്നു. പര്‍വ്വതാരോഹകനായി നാലുവര്‍ഷത്തിനുള്ളില്‍ ഹിമാലയന്‍ നിരകള്‍ക്ക് പുറമെ മൗണ്ട് ആബു, ആരവല്ലി മലനിരകളിലും ഈ യുവാവ് കൊടിനാട്ടി.
ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുമ്പോഴും ഹരിപ്രസാദിന്റെ മനസ് അതിനേക്കാളുമൊക്കെ ഉയരത്തില്‍ ഒരു സ്വപ്‌നം സ്വരുക്കൂട്ടുകയാണ്. ഭിന്നശേഷിക്കാര്‍ക്കുംം അന്ധര്‍ക്കും സാഹസിക സഞ്ചാരത്തിന്റെ വാതില്‍ തുറന്നുകൊടുക്കുന്ന 'അഡ്വെഞ്ചര്‍ ഫോര്‍ ബില്‍ഡിങ് ഫോര്‍ കോണ്‍ഫിഡന്‍സ് ഇന്‍ ഡിഫറന്റലി ഏബിള്‍ഡ് ആന്‍ഡ് ബ്ലൈന്‍ഡ്' എന്ന സംഘടന ആരംഭിക്കുക. 'ശാരീരികമായ പരിമിതികളുടെ ലോകത്ത് സ്വപ്‌നങ്ങള്‍ക്കും മനസിനും പരിമിതികള്‍ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറയണം. ഓരത്തേക്ക് നീക്കിനിര്‍ത്തിയവര്‍ക്ക് മലമുകളിലെ അത്ഭുത കാഴ്ചകള്‍ കാട്ടിക്കൊടുക്കണം', അതെ, മനസുണ്ടെങ്കില്‍ പര്‍വ്വതാരോഹണം പോലും ഒരു സാമൂഹിക പ്രവര്‍ത്തനമാണ്.
യോഗ്യത
സാഹസികരാകാനുള്ള ധൈര്യവും മികച്ച കായികക്ഷമതയുമാണ് അടിസ്ഥാന യോഗ്യത. ആരോഗ്യവും പ്രധാനമാണ്. മെഡിക്കല്‍ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം ലഭിക്കൂ. 'പാഷന്‍ കം പ്രൊഫഷന്‍' വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ജോലി. വിദ്യഭ്യാസ യോഗ്യതയില്ല. 18 നും 42 നും ഇടയ്ക്ക് പ്രായമുള്ള ആര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം. ഒരു മുന്നറിയിപ്പും കൂടാതെ പ്രതിസന്ധിഘട്ടങ്ങള്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവര്‍ അഭിമുഖികരിക്കേണ്ടിവരും. അതിനെയെല്ലാം സമചിത്തതയോടെ നേരിടാനുള്ള കഴിവും നേതൃപാടവ ശേഷിയും ആവശ്യമാണ്.
പഠനം
ഇന്ത്യയില്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ മൂന്ന് ഇന്‍സ്റ്റിറ്റ്യൂട്ടുകളും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമാണ് ഉള്ളത്. ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നീറിങ്, ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൗണ്ടെയ്‌നീറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജമ്മു കാശ്മീരിലെ ജവഹര്‍ മൗണ്ടെയ്‌നീറിങ് ആന്‍ഡ് വിന്റര്‍ സ്‌പോര്‍ട്‌സ്, അരുണാചല്‍പ്രദേശ് സര്‍ക്കാരിന് കീഴിലുള്ള അടല്‍ ബിഹാരി വാജ്‌പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നീറിങ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്ന്‍ ആന്‍ഡ് അലെയ്ഡ് സ്‌പോര്‍ട്‌സ് എന്നിവയാണ് പഠനസ്ഥാപനങ്ങള്‍.
ബേസിക് മൗണ്ടെയ്‌നീറിങ് കോഴ്‌സ്, അഡ്വാന്‍സ് മൗണ്ടെയ്‌നീറിങ് കോഴ്‌സ്, മൗണ്ടെയ്‌നീറിങ് ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് എന്നീ മൂന്ന് കോഴ്‌സുകളാണുള്ളത്. ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ട്രക്ക് ലീഡര്‍ ആയി ജോലിചെയ്യാന്‍ സാധിക്കൂ. പര്‍വ്വതാരോഹകനാകാന്‍ ആദ്യ രണ്ട് കോഴ്‌സുകള്‍ ചെയ്താല്‍ മതിയാകും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു എന്ന കോഴ്‌സു കൂടി പൂര്‍ത്തിയാക്കണം. ഒരു മാസമാണ് ഓരോ കോഴ്‌സിന്റെയും കാലാവധി. ഒരു കോഴ്‌സിന് 40,000 മുതല്‍ 60,000 രൂപ വരെയാണ് ഫീസ്. ഇന്ത്യക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇത് ലഭിച്ചാല്‍ ഫീസ് 75,00 രൂപയായി കുറയും. മൂന്ന് കോഴ്‌സുകള്‍ക്കും ഒരേ ഫീസാണ്.
ശമ്പളം
സാഹസിക വിനോദ സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ജോലി ലഭിക്കുക. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സാഹസിക വിനോദ സഞ്ചാരം. മികച്ച തൊഴില്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. തുടക്കക്കാര്‍ക്ക് 25,000 മുതല്‍ 30,000 വരെ ശമ്പളം ലഭിക്കും. സാമ്പത്തികം മാത്രമല്ല ഈ തൊഴിലിന്റെ നേട്ടം, പ്രകൃതിയുടെ സൗന്ദര്യവും അപൂര്‍വ്വവും അവിസ്മരണീയവുമായ അനുഭവങ്ങളും എല്ലാം മേഖല വെച്ചുനീട്ടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ഇവിടെ അവതരിപ്പിക്കൂ