പത്തില്‍ താഴെയുള്ള ക്ലാസിലാണോ നിങ്ങള്‍ പഠിക്കുന്നത്? എങ്കില്‍ സ്വയം ഒന്ന് ചോദിച്ചു നോക്കൂ, സ്വപ്നമെന്താണെന്ന്. ലിയാണ്ടര്‍ പേസെന്നും പ്രകാശ് രാജെന്നും ബൈച്ചുങ് ബൂട്ടിയ എന്നുമൊക്കെ മനസ്സ് പറഞ്ഞെന്നിരിക്കും. മടിക്കേണ്ട. ആ വഴിക്ക് ഒന്ന് ശ്രമിക്കാം. പരാജയപ്പെടുമെന്ന പേടി വേണ്ട. വഴിതെറ്റിയെന്നു തോന്നിയാല്‍ തിരിഞ്ഞുനടക്കാന്‍ സമയമേറെയുണ്ടല്ലോ മുന്നില്‍...''
സ്ഥിരമായ തൊഴില്‍ സങ്കല്പങ്ങളില്‍നിന്ന് മാറിച്ചിന്തിച്ച് ജീവിതവിജയം കൈവരിക്കാന്‍ സംഘടിപ്പിച്ച മാതൃഭൂമി 'റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ 2018' ല്‍ കുട്ടികളോട് സംവദിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും എത്തിയതായിരുന്നു സുനില്‍ ഛേത്രി.ലക്ഷ്യം തിരിച്ചറിയാനുള്ള യാത്ര ചെറുപ്പത്തിലേ തുടങ്ങണമെന്നാണ് ഫുട്‌ബോള്‍ മാന്ത്രികന്‍ സുനില്‍ ഛേത്രിയുടെ ഉപദേശം. ''ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പഠനകാലം ജീവിതത്തിലെ സുവര്‍ണകാലമാണ്.
സ്വപ്നങ്ങളുമായി ചിറകുവിരിക്കാന്‍ പറ്റിയ പ്രായമാണത്. അച്ഛനും അമ്മയും എന്തും നല്‍കാന്‍ തയ്യാറായി ഒപ്പമുണ്ട്. നല്ല ഉറക്കം, ഭക്ഷണം, പിന്നെ സന്തോഷം... ഇതെല്ലാം ആസ്വദിക്കുക മാത്രമാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. പതിനൊന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനകാലത്തിന് തിരഞ്ഞെടുപ്പ് കാലമെന്നാണ് വിശേഷണം. ഇതിനകം ലക്ഷ്യമെന്തെന്ന്, സ്വന്തം കഴിവെന്തെന്ന് തിരിച്ചറിയാനാകണം. പഠനവും അധ്വാനവുമെല്ലാം ആ വഴിക്ക് തിരിച്ചുവിടാം. സ്വപ്നങ്ങള്‍ക്കു പിന്നാലെ ഭ്രാന്തമായി കുതിക്കാന്‍ നാണിക്കേണ്ടതില്ല. വിജയത്തിലേക്ക് അടുക്കുന്നുവെന്നാണ് ഓരോ പരാജയവും അര്‍ഥമാക്കുന്നത്'' - അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകാന്‍ ശ്രമിക്കണം. വീടിന്റെ വാതിലെന്ന പോലെ മനസ്സിന്റെ വാതിലും അവര്‍ക്കായി തുറന്നിടണം. കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ മനസ് കാണിക്കണം. സ്വപ്നങ്ങളെ കുറിച്ച് അവര്‍ മനസ് തുറക്കുമ്പോള്‍ നിങ്ങള്‍ ക്ഷമയോടെ കേള്‍ക്കണം. എങ്കില്‍ നിങ്ങള്‍ പറയുന്നത് അവര്‍ കേട്ടിരിക്കും. അച്ചടക്കത്തോടെ. വീട്ടില്‍നിന്നുള്ള പിന്തുണയാണ് ഫുട്‌ബോളെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ സഹായിച്ചതെന്നും സുനില്‍ ഛേത്രി പറഞ്ഞു.
Content Highlights: Sunil Chhetri, Mathrubhumi Reimagine The Future Season 2