"എന്താണ് പഠിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. ഞാന്‍ ബി.എ.യും എം.എ.യും കഴിഞ്ഞ് ഇപ്പോള്‍ സി.എ. പ്രാക്ടീസ് ചെയ്യുകയാണ്'' -വിദ്യാഭ്യാസ യോഗ്യത അഭിമാനത്തോടെ വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ രമേഷ് പിഷാരടിയുടെ വാക്കുകള്‍. നിറഞ്ഞ കൈയടിയായിരുന്നു സദസ്സിന്റെ മറുപടി. ''ഞാന്‍ സി.എ. പഠിച്ചെന്ന് പറഞ്ഞപ്പോള്‍ കൈയടിക്കാന്‍ കാണിച്ച മനസ്സിന് നന്ദി. കോളേജ് കഴിഞ്ഞ് (ബി.എ.), മിമിക്രി ആര്‍ട്ടിസ്റ്റായി (എം.എ.), ഇപ്പോള്‍ സിനിമ ആര്‍ട്ടിസ്റ്റായി (സി.എ.) പ്രാക്ടീസ് ചെയ്യുകയാണെന്നാ ഞാന്‍ ഉദ്ദേശിച്ചത്'' - സദസ്സിലെ ചിരിയമര്‍ന്നപ്പോള്‍ പിറകേയെത്തി രമേഷിന്റെ വക ഉപദേശം.
''മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നമുക്ക് ജീവിതം കെട്ടിപ്പടുക്കാനാകില്ല. മറ്റൊരാളുമായി താരതമ്യം ചെയ്താവരുത് നമ്മുടെ വിജയം അളക്കേണ്ടത്. ഇന്നലത്തെ നിങ്ങളേക്കാള്‍ ഇന്ന് നിങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചവരാണ്. അതുപോലെ പ്രധാനമാണ് മറ്റൊരാള്‍ പറയുന്നതെല്ലാം അങ്ങനെ വിശ്വസിക്കരുത് എന്നത്...''
''ഭാവി വലിയ പ്രശ്‌നമാണെന്നാണ് എല്ലാവരുടെയും ധാരണ. വളരെ സമാധാന പൂര്‍ണമായ ഒരു കാര്യമാണത്. ഭാവിയെക്കുറിച്ച് ടെന്‍ഷനടിക്കേണ്ട കാര്യമില്ല. പണമെന്ന അളവുകോല്‍ കൊണ്ട് ജീവിതം അളക്കാന്‍ ശ്രമിക്കാതിരുന്നാല്‍ മതി. നമുക്ക് കണ്ണും കാതുമെല്ലാം തുറന്നുവയ്ക്കാം. ചുറ്റുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം. അറിവു നേടാം. ചെയ്യാനുള്ളതെല്ലാം കൃത്യമായി ചെയ്യാം. അങ്ങനെ ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ ചുവടുവയ്ക്കാം. ചുറ്റുപാടുനിന്നും കൂടി ലഭിക്കുന്ന അറിവുകള്‍ കൂടി ചേരുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണതയിലെത്തൂ. അവര്‍ക്കേ കരിയറില്‍ വിജയം കണ്ടെത്താനാവൂ
അടുത്ത സെക്കന്‍ഡില്‍ എന്തു സംഭവിക്കുമെന്ന് അറിയാത്തവരാണ് ഭാവിയെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത്. ആഗ്രഹവും സ്വന്തം കഴിവില്‍ വിശ്വാസവുമുണ്ടെങ്കില്‍ മുന്നോട്ടുള്ള യാത്ര കുറെയേറെ എളുപ്പമാകും. ചുറ്റും അവസരങ്ങള്‍ ഏറെയുണ്ട്. അത് കണ്ടറിയാനുള്ള േശഷിയുണ്ടാകട്ടെ എല്ലാവര്‍ക്കും'' - രമേഷ് പറഞ്ഞു.
സ്ഥിരമായ തൊഴില്‍ സങ്കല്പങ്ങളില്‍നിന്ന് മാറിച്ചിന്തിച്ച് ജീവിതവിജയം കൈവരിക്കാന്‍ സംഘടിപ്പിച്ച മാതൃഭൂമി 'റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ 2018' ല്‍ കുട്ടികളോട് സംവദിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും എത്തിയതായിരുന്നു രമേഷ് പിഷാരടി
Content Highlights: Mathrubhumi Reimagine The Future Season 2, Ramesh Pisharody