പഠിക്കുന്നകാലത്ത് സ്ഥിരമായ തൊഴില്‍ സങ്കല്പങ്ങളില്‍നിന്ന് മാറിച്ചിന്തിച്ച് ജീവിതത്തില്‍ വിജയം നേടിയ മൂന്നുപേരെ മാതൃഭൂമി 'റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ 2018' പ്രഭാഷണത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു. 23-ന് ഉച്ചയ്ക്ക് മൂന്നിന് കൊച്ചി കാക്കനാട് എടച്ചിറയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ആണ് വേദി. നടനും പ്രഭാഷകനുമായ പ്രകാശ് രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, സിനിമാ-മിമിക്രി താരം രമേഷ് പിഷാരടി എന്നിവര്‍ അവരുടെ വിജയകഥകള്‍ പറയും. മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്ക് പേജില്‍ 3.30 മുതല്‍ തത്സമയം കാണാം.
ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെ മറികടന്ന് മുന്നേറിയ കഥ ഇവര്‍ വിദ്യാര്‍ഥികളോട് പറയും. റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ 2018-ലൂടെ പുതിയ തലമുറയ്ക്ക് സാധ്യതകളുടെ വലിയ ലോകം തുറന്നുകാട്ടുകയാണ് മാതൃഭൂമി. പുതിയലോകത്ത് വ്യത്യസ്ത തൊഴിലുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. അന്വേഷിച്ച് കണ്ടെത്തിയാല്‍ മറ്റുള്ളവരില്‍നിന്ന് വേറിട്ട് നടക്കാം. ഇങ്ങനെയൊരു നടത്തം ഇപ്പോള്‍ ആവശ്യമാണ്. കാരണം പഴയ തൊഴില്‍സാഹചര്യമല്ല ഇപ്പോഴുള്ളത്. സാങ്കേതികവിദ്യക്കൊപ്പം ലോകം മുന്നോട്ടുകുതിക്കുന്നു. അതിനൊപ്പം മുന്നേറാന്‍ തയ്യാറായില്ലെങ്കില്‍ പിന്തള്ളപ്പെടും. മികച്ച കരിയറും നല്ലജീവിതവും സ്വപ്നം കാണുന്നവര്‍ ഇപ്പോള്‍ത്തന്നെ വേറിട്ട കരിയറിനായി പരിശ്രമിക്കുക. പരിപാടി ഡ്രിവണ്‍ ബൈ മുത്തൂറ്റ് മോട്ടോഴ്സും ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍ നൊവോട്ടല്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോട്ട് കൊച്ചി ഇന്‍ഫോപാര്‍ക്കുമാണ്.
ഇവരുടെ കഥകള്‍ കേള്‍ക്കാം
പ്രകാശ് രാജ്
നിന്റെയും എന്റെയും സമയം കളയുകയാണോ...
ചില നിമിഷങ്ങളില്‍ ചിലരുടെ ഒരുവരിപോലും നമ്മുടെ ചിന്തയെ മാറ്റിമറിക്കും. കൊമേഴ്സില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ ഞാന്‍ തൃപ്തനായിരുന്നില്ല. നന്നായി പഠിച്ചിരുന്നു. പക്ഷേ, എന്റെ ഹൃദയം വേറെയെന്തോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അഭിനേതാവായിരുന്നു, സംവാദത്തിലും മികച്ചുനിന്നു. എന്റെ അധ്യാപകന്‍ ഒരുദിവസം എന്നോട് ചോദിച്ചു 'പ്രകാശ് നീ നിന്റെയും എന്റെയും സമയം കളയുകയാണോ' എന്ന്. അങ്ങനെ ബിരുദപഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് തിയേറ്റര്‍ പഠനത്തിന് ചേര്‍ന്നു. ഇന്ന് വളരെയധികം സന്തുഷ്ടനാണ്. പഠനം ഉപേക്ഷിച്ച അതേ കോളേജില്‍ എന്നെ മുഖ്യാതിഥിയായി വിളിച്ചു. വളരെ വലിയ നേട്ടമായിട്ടാണ് അതിനെ കാണുന്നത്. എനിക്ക് മികച്ചുനില്‍ക്കാന്‍ പറ്റുന്ന എന്റെ കരിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ച ഒരുപാടുപേരെക്കുറിച്ച് ഒത്തിരി കഥകള്‍ നിങ്ങളോട് പറയാനുണ്ട്.
സുനില്‍ ഛേത്രി
ഫുട്ബോള്‍ കളിച്ച് സമയം കളയുന്നു
മാതാപിതാക്കളും ചില അഭ്യുദയകാംക്ഷികളുമൊഴിച്ച് എല്ലാവരും എന്നോട് പഠിക്കാന്‍ മാത്രമാണ് പറഞ്ഞത്. ഫുട്ബോള്‍ കളിച്ച് ഞാന്‍ സമയം കളയുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അന്നത് കേട്ട് സങ്കടപ്പെട്ടിരുന്നെങ്കില്‍ എനിക്കെങ്ങനെ രാജ്യത്തിനായി 64 ഗോളുകള്‍ നേടാന്‍ സാധിക്കും. എല്ലാവരെയും കേള്‍ക്കും, എന്നിട്ട് ഒറ്റയ്ക്കിരിക്കുന്ന സമയം സ്വയം ചോദിക്കും 'സുനില്‍ നിനക്ക് എന്താണ് വേണ്ടത്?'. പത്തില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാറിയതാണ് ജീവിതത്തിന് ഗുണകരമായ സംഭവം. ഫുട്ബോള്‍ കളിക്കാര്‍ പഠിക്കാന്‍ മിടുക്കരല്ലെന്നും നല്ലവിദ്യാര്‍ഥികളല്ലെന്നുമുള്ള ഒരു ധാരണയുണ്ടായിരുന്നു. ഞാനത് വെല്ലുവിളിയായി ഏറ്റെടുത്തു. എല്ലാവര്‍ക്കും മാതൃകയാകാന്‍ ശ്രമിച്ചു. ഇസ്തിരിയിട്ട യൂണിഫോമും പോളിഷ് ചെയ്ത ഷൂസുകളും ധരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു. എപ്പോഴും കൃത്യസമയം പാലിച്ചു. ആ വര്‍ഷം ഉയര്‍ന്ന റാങ്ക് വാങ്ങിയവരില്‍ ഒരാള്‍ ഞാനായിരുന്നു.
രമേഷ് പിഷാരടി
കഴിവും കഴിവില്ലായ്മയും സ്വയം അറിയണം
മിമിക്രി പരിപാടികളുടെ ഓഡിയോ കാസറ്റുകള്‍ കേള്‍ക്കുകയായിരുന്നു പണ്ട് പ്രധാന പരിപാടി. സിനിമ കാണുക, സിനിമയെ സംബന്ധിച്ച പരിപാടികള്‍ കാണുക, പേപ്പറില്‍ വരുന്ന സിനിമാപടം വെട്ടി സൂക്ഷിക്കുക തുടങ്ങിയ ഹോബിയും ഉണ്ടായിരുന്നു. ഇതാണ് ജോലി എന്ന് തീരുമാനിക്കുന്നത് ഇത് ജോലിയായി കുറെനാള്‍ കഴിഞ്ഞിട്ടാണ്. പഠനത്തെ ബാധിക്കാതിരുന്നതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ കുഴപ്പമില്ലായിരുന്നു. ബിരുദം കഴിഞ്ഞ് എന്ത് ജോലിചെയ്യുന്നതിനെക്കാളും കൂടുതല്‍ വരുമാനം പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പരിപാടികളില്‍നിന്ന് കിട്ടിയിരുന്നു. നമ്മുടെ കഴിവുകളെക്കുറിച്ച് എത്ര ബോധവാനാണോ അതേ അളവില്‍ നമ്മുടെ കഴിവില്ലായ്മയെക്കുറിച്ചും അറിയണം. അല്ലാത്തപക്ഷം നമുക്കൊന്നും ചെയ്യാനാകില്ല. പിന്നെ ഇന്നത്തെ നമ്മുടെ ജോലി കൃത്യമായി, ഭംഗിയായി ചെയ്യുക. നാളത്തെ ജോലി തനിയെ വന്നോളും.
Content Highlights: Mathrubhumi Reimagine The Future season 2