കൊച്ചി: മാറുന്ന കാലത്തിനൊപ്പം വേറിട്ട കരിയര്‍ മേഖലകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മാതൃഭൂമി റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ പ്രഭാഷണ പരിപാടി നിറഞ്ഞ സദസില്‍ അരങ്ങേറി.
വേറിട്ട വഴികളിലൂടെ ജീവിത വിജയം നേടിയ നടന്‍ പ്രകാശ് രാജ്, മുൻ ഇന്ത്യൻ ഫുട്‌ബോള്‍ നായകൻ സുനില്‍ ഛേത്രി, നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവര്‍ വിദ്യാര്‍ഥികളോട് സംവദിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും പരിപാടിയില്‍ സജീവ പങ്കാളികളായി.
പ്രകാശ് രാജും ഛേത്രിയും പിഷാരടിയും അവരുടെ വിജയകഥകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ സദസ് ആവേശത്തിലായി. വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കാനും അവർ മറന്നില്ല. ധന്യ വർമയായിരുന്നു അവതാരക.
പണത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ചെലവഴിക്കേണ്ടത് സമയമാണെന്ന് നടന്‍ പ്രകാശ് രാജ് ഓര്‍മിപ്പിച്ചു. ജീവിത വിജയം എന്നത് ആപേക്ഷികമായ ഒരു കാര്യമാണ്. മറ്റൊരാളുമായി താരതമ്യം ചെയ്ത് ജീവിതത്തെ അളക്കരുതെന്നും ഇന്നലത്തെ നമ്മളേക്കാള്‍ ഇന്ന് നാം സന്തുഷ്ടരാണങ്കില്‍ ജീവിതത്തില്‍ വിജയിച്ചു എന്ന പറയാമെന്നും രമേഷ് പിഷാരടി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു. മറ്റുള്ളവരുമായല്ല നാം നമ്മളോടു തന്നെയാണ് മത്സരിക്കേണ്ടതെന്ന് സുനില്‍ ഛേത്രിയും കുട്ടികളെ ഓർമിപ്പിച്ചു.
കൊച്ചി കാക്കനാട് എടച്ചിറയിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ പി.സദാശിവം, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, മാതൃഭൂമി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പി.ഐ രാജീവും സന്നിഹിതരായിരുന്നു. മുത്തൂറ്റ് മോട്ടോഴ്സും, നൊവോട്ടല്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോട്ട് ഇന്‍ഫോപാര്‍ക്ക്, കൊച്ചിയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
Content Highlights: Mathrubhumi Reimagine the Future Season 2, Prakash Raj, Ramesh Pisharody, Sunil Chhetri