സ്ഥിരമായ തൊഴില്‍ സങ്കല്പങ്ങളില്‍നിന്ന് മാറിച്ചിന്തിച്ച് ജീവിതവിജയം കൈവരിക്കാന്‍ സംഘടിപ്പിച്ച മാതൃഭൂമി 'റീ ഇമാജിന്‍ ദ ഫ്യൂച്ചര്‍ 2018' ല്‍ കുട്ടികളോട് സംവദിക്കാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും നടനും പ്രഭാഷകനുമായ പ്രകാശ് രാജ് എത്തി. മാര്‍ക്കിലൂടെ കുട്ടികളെ അളക്കരുതെന്നായിരുന്നു മാതാപിതാക്കളോടായി പ്രകാശ് രാജിന്റെ അഭ്യര്‍ത്ഥന.
പ്രകാശ് രാജിന്റെ വാക്കുകളിലേക്ക്,
"വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളായാണ് നാം കുഞ്ഞുങ്ങളെ നോക്കിക്കാണുന്നത്. പക്ഷേ, ഇതേ സമ്പ്രദായത്തിന്റെ ഇരകളാണ് നാം മാതാപിതാക്കളും. അതുകൊണ്ട് നമ്മളാണ് ആദ്യം പുനര്‍വിചിന്തനത്തിന് വിധേയരാവേണ്ടതും കുട്ടികളെ ശാക്തീകരിക്കേണ്ടതും.
സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ നഴ്‌സായിരുന്നു. കുട്ടിക്കാലത്ത് നന്നായി പഠിക്കുമായിരുന്നു. മറ്റൊന്നും ഞാന്‍ ചെയ്തിരുന്നില്ല. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള ഒരു സംവാദ മത്സരത്തിനാണ് ഞാന്‍ ആദ്യമായി സ്‌റ്റേജില്‍ കയറുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അലക്‌സാണ്ടര്‍ എന്ന നാടകത്തില്‍ അഭിനയിക്കുന്നത്. രണ്ടിലും എനിക്ക് മികച്ചത് നല്‍കാന്‍ സാധിച്ചു. പിന്നീട് സ്‌കൗട്ട്, പലതരം ക്യാമ്പുകള്‍, സൈക്ലിങ്....എല്ലാത്തിലും പങ്കെടുത്തു. പതുക്കെ പതുക്കെ എനിക്ക് പഠനത്തിലുള്ള താത്പര്യം കുറഞ്ഞു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്ത് വേണ്ട എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷേ എന്തുവേണമെന്ന് മാത്രം തിരിച്ചറിയാന്‍ സാധിച്ചില്ല.
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ ഒരു ഐ.എ.എസ് കാരനായി കാണാന്‍ മോഹിച്ചു. അമ്മ ഒരു ഡോക്ടറായും. പക്ഷേ സയന്‍സ് വിഷയങ്ങളുമായി എനിക്ക് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്‌സിലാണ് ഞാന്‍ പഠിചത്. പാസാവാനുള്ള മാര്‍ക്ക് മാത്രം വാങ്ങാനായിരുന്നു ഞാനന്ന് പരീക്ഷ എഴുതിയത്. വീട്ടിലെ ആദ്യ കുട്ടി ആയതിനാല്‍ ഉത്തരവാദിത്തങ്ങളെ കുറിച്ചും ഞാന്‍ ബോധവാനായിരുന്നു. അമ്മ എന്നെ നന്നായി പിന്തുണച്ചു.
എന്റെ അധ്യാപകന്‍ ഒരുദിവസം എന്നോട് ചോദിച്ചു 'പ്രകാശ് നീ നിന്റെയും എന്റെയും സമയം കളയുകയാണോ' എന്ന്. അങ്ങനെ ബിരുദപഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് കലാക്ഷേത്രയില്‍ തിയേറ്റര്‍ പഠനത്തിന് ചേര്‍ന്നു. പതുക്കെ പതുക്കെ ഞാനതിലേക്ക് ഇഴുകിച്ചേര്‍ന്നു. അവിടെ ആരും ഒന്നും പഠിപ്പിച്ചിരുന്നില്ല. പഠിക്കലായിരുന്നു nothing like teaching, More to learning. പക്ഷേ അക്കാലത്ത് അഭിനയമോ നാടകമോ ആരും ഒരു പ്രൊഫഷനായി അംഗീകരിച്ചിരുന്നില്ല. പതുക്കെ നാടകത്തില്‍ നിന്നും ദൂരദര്‍ശനിലേക്കും കന്നട സിനിമയിലേക്കും പിന്നീട് ഇന്ത്യന്‍ സിനിമയിലേക്കും ഞാനെത്തിച്ചേര്‍ന്നു.
ഞാന്‍ ഇത്രയും പറയാനുള്ള കാരണം, ജീവിതത്തില്‍ വിജയിക്കുക എന്നത് എളുപ്പമല്ല എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കാന്‍ കഷ്ടപ്പാടിന്റെയും പ്രയത്‌നത്തിന്റെയും നീണ്ട യാത്രതന്നെ വേണം. അതിന് തയ്യാറെടുക്കണം.
മാതാപിതാക്കളോടായി പറയട്ടെ, പണമുണ്ടാക്കാനല്ല കുട്ടികളെ പ്രാപ്തരാക്കേണ്ടത്. മറ്റുള്ളവര്‍ വിജയിച്ച പാതയിലേക്ക് അവരെ എത്തിക്കാനോ അവരുടെ സ്വപ്‌നം പകര്‍ത്താനോ അല്ല നാം പഠിപ്പിക്കേണ്ടത്. കുട്ടികള്‍ എന്താവാന്‍ ആഗ്രഹിക്കുന്നുവോ അവരുടെ സന്തോഷം എന്തിലാണോ അതിലേക്കായി നയിക്കുക.
കുട്ടികള്‍ എന്തിലാണ് മികച്ചത് എന്തിലാണ് പിന്നില്‍ എന്ന് മനസിലാക്കാനായി മാത്രം പരീക്ഷകളെ കാണാം. ഗ്രേഡ് എന്ന അളവില്‍ മനസിലാക്കാന്‍ അവര്‍ ഒരു പ്രൊഡക്ടോ കമോഡിറ്റിയോ അല്ല. ജീവിതം നിരന്തരമായി മാറ്റങ്ങള്‍ക്ക് അധിഷ്ഠിതമാണ്. അതിന് അനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാനും നാം തയ്യാറാകണം. സമൂഹത്തിനുകുന്ന ക്രിയാത്മകവും സര്‍ഗാത്മകവുമായ വ്യക്തിത്വങ്ങളായി വളരാന്‍ നാം അവരെ അനുവദിക്കുക. സ്വപ്നങ്ങള്‍ റീഡിസൈന്‍ ചെയ്യാനും റീ ഇമേജിന്‍ ചെയ്യാനും കുട്ടികളെ അനുവദിക്കൂ."
Content Highlights: Mathrubhumi reimagine the Future,Actor Prakash Raj