മുന്നേറാം... വേറിട്ട വഴികളിലൂടെ... നേടാം പുതിയൊരു ലോകം


2 min read
Read later
Print
Share

മാതൃഭൂമി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രഭാഷണം 23-ന് കൊച്ചിയില്‍. എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാം

കാലത്തിനനുസരിച്ച് തൊഴില്‍ സങ്കല്പങ്ങള്‍ മാറുകയാണ്. പുതിയതും വ്യത്യസ്തവുമായ തൊഴില്‍ മേഖലകള്‍ അന്വേഷിക്കുകയാണ് പുതു തലമുറ. പഠിച്ച കോഴ്സിന് അനുയോജ്യമായ തൊഴില്‍ ചെയ്യാമെന്ന സാഹചര്യമല്ല ഇപ്പോള്‍ ലോകത്തുള്ളത്. ആത്മവിശ്വാസവും കഴിവുമുണ്ടെങ്കില്‍ ഇഷ്ടപ്പെട്ട മേഖലയില്‍ മികച്ച കരിയര്‍ നേടിയെടുക്കാം. തൊഴില്‍ ജീവിതത്തിലേക്കുള്ള ഓട്ടം പ്ലസ് ടു, ബിരുദം കഴിയുമ്പോള്‍ തുടങ്ങേണ്ടതല്ല. സ്‌കൂളില്‍ നിന്നു തന്നെ തുടങ്ങണം. ആരാകണം, എന്താകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ തീരുമാനമെടുക്കണം. കഠിനാധ്വാനം, ലക്ഷ്യം, ആത്മവിശ്വാസം, താത്പര്യം ഇതെല്ലാം ഉണ്ടെങ്കില്‍ എന്താകണമെന്ന കാര്യത്തില്‍ ഒരു പ്രശ്‌നവുമില്ല. മുന്നോട്ടുപോവുക തന്നെ.

സുരക്ഷിതമായ കരിയര്‍ മേഖലകള്‍ തിരഞ്ഞെടുത്ത് വിജയിച്ചവരെ മാതൃഭൂമി വിദ്യാര്‍ഥികള്‍ക്കുമുന്‍പില്‍ പരിചയപ്പെടുത്തുന്നു. അവരെ കാണാനും സംവദിക്കാനും മാതൃഭൂമിയുടെ റീ ഇമാജിന്‍ ദി ഫ്യൂച്ചര്‍ രണ്ടാം ഭാഗം അവസരമൊരുക്കുന്നു. സിനിമാ സാംസ്‌കാരിക മേഖലയില്‍ ഇടപെടലുകള്‍കൊണ്ട് വ്യത്യസ്തനായ പ്രകാശ് രാജ്, ഫുട്ബോള്‍താരം സുനില്‍ ഛേത്രി, ഹാസ്യതാരം രമേഷ് പിഷാരടി എന്നിവരുടെ വിജയരഹസ്യം കേള്‍ക്കാം. എങ്ങനെ വേറിട്ട ജീവിതം ഇവര്‍ തിരഞ്ഞെടുത്തെന്ന് അറിയാം. ഇവരെ അടുത്തറിയുന്നതിലൂടെ ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വേറിട്ട ജീവിതം രൂപപ്പെടുത്താന്‍ നിങ്ങളും ശ്രമിക്കുക.

പുതിയ കരിയര്‍ മേഖലകള്‍ തിരഞ്ഞെടുത്ത് നാടിനും സമൂഹത്തിനും വ്യത്യസ്തമായ വഴി കാണിച്ചുകൊടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ഇതിനായി നൂതന തൊഴില്‍ മേഖലകള്‍ നിങ്ങളെ കാത്തിരിക്കുന്നു. പരമ്പരാഗത തൊഴില്‍ സങ്കല്പങ്ങളെ പൊളിച്ച് സ്വന്തമായ മാര്‍ഗങ്ങള്‍ വെട്ടിത്തെളിച്ച് വിജയം കണ്ടെത്തിയവര്‍ നമ്മുക്കിടയിലുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ. വ്യത്യസ്തമായ തൊഴിലുകളിലൂടെ സ്വന്തം ജീവിതത്തെയും സമൂഹത്തെയും സമ്പന്നമാക്കിയവരാണ് അവര്‍.

തീയതി: നവംബര്‍ 23-ന്. ഉച്ചയ്ക്ക് മൂന്നുമുതല്‍

വേദി: ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, കാക്കനാട്, കൊച്ചി.

രജിസ്ട്രേഷന്‍ സൗജന്യം

https://www.mathrubhumi.com/careers/specials/reimagine-the-future-2018

ഇവരുടെ കഥ കേള്‍ക്കൂ....

പ്രകാശ് രാജ്

അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും വ്യത്യസ്തനായ നടന്‍. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങി. അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍. മണിരത്‌നത്തിന്റെ ഇരുവരിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി. എട്ടു തവണ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

സുനില്‍ ഛേത്രി

മികച്ച ഫുട്ബോള്‍ താരം. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍. 2004 മുതല്‍ രാജ്യത്തിനായി കളിക്കുന്ന അദ്ദേഹം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നായി 64 ഗോളുകള്‍ നേടി. പാകിസ്താനെതിരേ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യയ്ക്കായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന ഫുട്ബോള്‍ താരമാണ്. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് മെസ്സിക്കൊപ്പം പങ്കിടുകയാണ് ഛേത്രി. ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

രമേശ് പിഷാരടി

അവതാരകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സംവിധായകന്‍, കൊമേഡിയന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്വതസിദ്ധമായ ഹാസ്യമാണ് രമേശ് പിഷാരടിയെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. മിമിക്രി എന്ന കലാരൂപത്തിന് സ്വന്തമായ രൂപവും ഭാവവും നല്‍കി ജനങ്ങള്‍ക്കിടയില്‍ ഹാസ്യത്തിന്റെ പുതുമുഖം തുറന്നു. സൂപ്പര്‍ ഹിറ്റായി മാറിയ ഒട്ടേറെ ഹാസ്യപരിപാടികളില്‍ അവതാരകനായും തിരക്കഥാകൃത്തായും തിളങ്ങി. ഇരുപത്തിയേഴോളം ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

Content Highlights: Mathrubhumi Reimagine the Future 2018, Prakash Raj, Sunil Chhetri, Ramesh Pisharody, Career

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram