കോട്ടയം: 'പഴയ കാലത്ത് മഹര്‍ഷിമാരെങ്ങനെ സമയം, ഗ്രഹം എന്നിവയെക്കുറിച്ച് പഠിച്ചു. എന്ത് തോന്നുന്നു സമീറയ്ക്ക്?' ഫിസിക്‌സില്‍ ഉപരിപഠനവും അഞ്ച് വര്‍ഷത്തെ ഗവേഷണ ഉദ്യോഗവൃത്തിയും കഴിഞ്ഞെത്തിയ എസ്.സമീറ സിവില്‍ സര്‍വീസ് അഭിമുഖത്തില്‍ നേരിട്ട ചോദ്യങ്ങളിലൊന്ന്. ഉത്തരം വൈകിയില്ല. '14-15 നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവര്‍ക്ക് കണക്കിനെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നു. നല്ല നിരീക്ഷണവും'. ഉത്തരം ശരിയോ തെറ്റോ എന്ന് ഇന്നും സമീറയ്ക്കറിയില്ല.
നാട്ടകം ഗവ. കോളേജ് റിട്ട. പ്രൊഫ. കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറമ്പില്‍ പരേതനായ സലീം ജോര്‍ജിന്റെയും കാരിത്താസ് ആയുര്‍വേദ ആശുപത്രിയിലെ ഡോ. അയിഷയുടെയും മകള്‍ സമീറയെ തേടി െഎ.എ.എസ്. 28ാം റാങ്കെത്തുമ്പോള്‍ അഭിമുഖത്തിനിടയിലെ രസങ്ങള്‍ മറക്കുന്നില്ല. ചിട്ടയായ പഠനമാണ് സമീറയുടെ വിജയത്തിനുപിന്നില്‍. കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പത്താം ക്‌ളാസില്‍ പാസായത് 15ാം റാങ്കോടെ. ഗിരിദീപം ബഥനി സ്‌കൂളില്‍നിന്ന് 12ാം ക്‌ളാസ് പാസായതും ഉയര്‍ന്ന റാങ്കോടെ. ശേഷം പഠനം ചെന്നൈ സ്റ്റെല്ലാ മേരീസില്‍. സ്വര്‍ണമെഡലോടെ ബി.എസ്.സി. ഫിസിക്‌സില്‍ വിജയം. എം.എസ്.സി. പഠനം ധ്യാന്‍ബാദ് െഎ.െഎ.ടി.യില്‍. എം.എസ്.സി. പഠനത്തിന് ശേഷം 2010ല്‍ ചെന്നെത്തിയത് ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബോണില്‍. അഞ്ച് വര്‍ഷം റിസേര്‍ച്ച് അസിസ്റ്റന്റ്. പിന്നെ കുറച്ചു നാള്‍ വീട്ടില്‍. വ്യക്തിപരമായ ചില പ്രതിസന്ധികളാണ് ആകാശത്തെ ഗ്രഹങ്ങളെക്കുറിച്ച് മാത്രമല്ല ഭൂമിയിലെ ജീവിതങ്ങളെക്കുറിച്ച് പഠിക്കണമെന്ന് സമീറയ്ക്ക് തോന്നിയത്.
'2015ലാണ് െഎ.എ.എസ്. പരീക്ഷാ പരിശീലനത്തിനായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. അഭിമുഖ മുന്നൊരുക്കത്തിനായി തിരുവനന്തപുരത്ത് ഒന്നുരണ്ട് സ്ഥാപനങ്ങളിലും പഠിച്ചു. പത്താം ക്‌ളാസ് വരെ മലയാളം മീഡിയത്തില്‍ പഠിച്ചതിനാല്‍ െഎച്ഛിക വിഷയമായി മലയാളം തിരഞ്ഞെടുത്തു. നന്നായി കഠിനാധ്വാനം ചെയ്തു.ഐ.എ.എസ്. എന്ന ലക്ഷ്യമിട്ടാണ് പഠിച്ചത്. അങ്ങനെ പഠിക്കുന്ന ആര്‍ക്കും എ.എ.എസ്. കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. പരീക്ഷകളില്‍ കൂടുതല്‍, കുറവ് മാര്‍ക്ക് എന്നത് വിഷയമേ അല്ല.' പിന്‍തലമുറയ്ക്ക് സമീറ ആത്മവിശ്വാസം പകരുന്നു.
പഠനത്തിനുപുറമേ നൃത്തത്തിലും സമീറ മുന്നിലുണ്ട്. 2003ല്‍ സി.ബി.എസ്.സി. സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി കലാതിലകമായത് ചരിത്രം.
ഈ വിജയം ആര്‍ക്ക് സമര്‍പ്പിക്കുന്നു?
'അപ്പച്ചനും അമ്മയ്ക്കും.ഐ.എ.എസ്. നേടണമെന്ന് അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. അഞ്ച് വര്‍ഷം മുന്‍പ് മരിച്ച അപ്പച്ചന്റെ ആഗ്രഹമായിരിക്കാം ഇപ്പോള്‍ സാധിച്ചത്'. ഏകസഹോദരന്‍ സന്ദീപ് സലീം കോട്ടയം ദീപിക ദിനപ്പത്രത്തില്‍ സബ് എഡിറ്ററാണ്.