ഇരിങ്ങാലക്കുട: ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അമ്പത്തെട്ടാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി ഹരി കല്ലിക്കാട്ട് (26) നാടിന് അഭിമാനമായി. കൊരുമ്പിശ്ശേരി കല്ലിക്കാട്ട് ഗോപിയുടെയും ഇന്ദിരയുടെയും മൂന്നാമത്തെ മകനാണ് ഹരി. മൂന്നാംതവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആദ്യതവണ മെയിനിലും കഴിഞ്ഞതവണ ഇന്റര്‍വ്യൂവിലും പരാജയപ്പെട്ട ഹരി ഇക്കുറി അമ്പത്തെട്ടാം റാങ്ക് കരസ്ഥമാക്കി .
പാലക്കാട് എന്‍.എസ്.എസ്. കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക്. നേടി. നിരവധി സ്ഥലങ്ങളില്‍നിന്ന് ജോലിക്ക് ക്ഷണം ലഭിച്ചെങ്കിലും അതൊന്നും വകവെച്ചില്ല. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന് പിറകെ പോകാനായിരുന്നു ഹരിക്ക് ഇഷ്ടം. ഇതിനായി തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്ന് പഠിച്ചു. മാതാപിതാക്കളും സഹോദരങ്ങളും പിന്തുണ നല്‍കിയതോടെ പരിശ്രമത്തിന് ഫലപ്രാപ്തിയായി. അശ്രാന്തപരിശ്രമമാണ് തനിക്ക് സിവില്‍ സര്‍വീസ് കിട്ടുന്നതിന് കാരണമായതെന്ന് ഹരി പറഞ്ഞു.