സ്മിൽന സുധാകർ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം
ചിലരങ്ങനെയാണ്, പരാജയങ്ങളെ വിജയത്തിന്റെ മുന്നോടിയയായി കാണുന്നവര്‍. പലതവണ പരാജയത്തിന്റെ കയ്പ്പറിഞ്ഞപ്പോഴും തന്റെ ലക്ഷ്യത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറാവാതെ നിതാന്ത പരിശ്രമത്തിനൊടുവില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നവര്‍. ഇത്തവണത്തെ സിവില്‍ സര്‍വീസ് ജേതാക്കളില്‍ അത്തരത്തിലൊരാളാണ് സ്മില്‍ന സുധാകര്‍.
നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ വിദ്യാലയത്തിലൂടെ പഠനം. ഒടുവില്‍ സിവില്‍ സര്‍വീസിന്റെ പടികള്‍ കടന്ന വിജയത്തിളക്കം. കണ്ണൂര്‍ മമ്പറത്തിനടുത്ത കീഴത്തൂരിലെ 'തിരുവോണം' വീട്ടില്‍ സ്മില്‍ന സുധാകറിനാണ് ഈ മിന്നുന്ന നേട്ടം.
കീഴത്തൂര്‍ വെസ്റ്റ് എല്‍.പി.എസ്., കീഴത്തൂര്‍ യു.പി.എസ്., മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്ലസ് ടു വരെയുള്ള പഠനം. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സില്‍ ബിരുദം. കാമ്പസ് അഭിമുഖത്തിലൂടെ വിപ്രോയില്‍ ജോലി. നാലുവര്‍ഷം അവിടെ ജോലി ചെയ്തു.
ഇതിനൊപ്പം സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നു. ആദ്യശ്രമം പാഴായി. തുടര്‍ന്ന് ജോലി രാജിവെച്ച് തിരുവനന്തപുരത്തെ എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയില്‍ പരിശീലനം തുടര്‍ന്നു. ഈ വര്‍ഷം പ്രത്യേകമായെഴുതിയ ഐ.എഫ്.എസ്. പരീക്ഷയില്‍ ദേശീയതലത്തില്‍ അറുപത്തിയൊമ്പതാം റാങ്ക് നേടി. ഒടുവില്‍ ആറാം ശ്രമത്തില്‍, ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 458-ാം റാങ്ക് നേടി.
അച്ഛന്‍ വി. സുധാകരനും അമ്മ സി.എം. മല്ലികയുമാണ് സിവില്‍ സര്‍വീസെന്ന സ്വപ്നത്തിലേക്ക് വഴിതുറന്നത്. പൊയനാട് മാപ്പിള എല്‍.പി.യിലെ പ്രഥമാധ്യാപകനാണ് സുധാകരന്‍. മുരിങ്ങേരി യു.പി. സ്‌കൂളിലെ അധ്യാപികയാണ് മല്ലിക. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മിഥുന്‍ സുധാകറാണ് സഹോദരന്‍. ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അഭിമുഖം കഴിഞ്ഞ് കുറച്ചു ദിവസം മുമ്പ് മടങ്ങിയെത്തിയ സ്മില്‍ന വീട്ടില്‍ ക്വാറന്റീനിലാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ആഘോഷങ്ങള്‍ നടത്താനുള്ള ആലോചനയിലാണ് കുടുംബവും നാട്ടുകാരും. വിജയത്തില്‍ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിളിച്ചു. എം.പി.മാരായ കെ. സുധാകരന്‍, കെ.കെ. രാഗേഷ്, കുടുംബസുഹൃത്തുകൂടിയായ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍, ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.എം. നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവരുള്‍പ്പെടെ അഭിനന്ദനമറിയിച്ചു.
Content Highlights: Smilna Sudhakar from Kannur secured AIR 458 in CSE 2019 in her sixth attempt