ഗോള്‍ഡ്മാന്‍ സാക്സിലെ ജോലി വേണ്ടെന്നുവെച്ചു; 22-ാം വയസില്‍ ആദ്യശ്രമത്തില്‍ സിവില്‍ സര്‍വീസിലേക്ക്


അഫീഫ് മുസ്തഫ

2 min read
Read later
Print
Share

ധാരാളം വായിക്കുന്നതും സ്ഥിരമായ പത്രവായനയും പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏറെ സഹായിച്ചെന്ന് റുമൈസ പറയുന്നു

-

തൃശ്ശൂര്‍: ഗോള്‍ഡ്മാന്‍ സാക്സ് എന്ന അമേരിക്കന്‍ ബാങ്കിങ് സ്ഥാപനത്തിലെ ജോലി വേണ്ടെന്ന് വെച്ചാണ് ഗുരുവായൂര്‍ സ്വദേശി റുമൈസ ഫാത്തിമ സിവില്‍ സര്‍വീസസ് പരിശീലനത്തിന് പോയത്. സ്‌കൂള്‍തലം മുതല്‍ മനസിലുണ്ടായിരുന്ന ആഗ്രഹത്തിന് മുന്നില്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ മോഹനശമ്പള വാഗ്ദാനമൊന്നും വിലപ്പോയില്ല. ഒടുവില്‍ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 185-ാം റാങ്ക് നേടി റുമൈസ തന്റെ സ്വപ്നം നേടിയെടുക്കുകയും ചെയ്തു.

ഗുരുവായൂര്‍ കാരക്കാട് പുത്തന്‍പുരയില്‍ വീട്ടില്‍ ആര്‍.വി. അബ്ദുള്‍ ലത്തീഫിന്റെയും വി.കെ. സക്കീനയുടെയും മകളാണ് ആര്‍.വി. റുമൈസ ഫാത്തിമ എന്ന 22-കാരി. പത്താം ക്ലാസ് വരെ പാവറട്ടി സര്‍ സയ്യിദ് സ്‌കൂളിലായിരുന്നു പഠനം. പത്താംതരത്തില്‍ ഫുള്‍ എവണ്‍ ഗ്രേഡ് നേടിയിട്ടും സിവില്‍ സര്‍വീസ് മോഹം മനസിലുണ്ടായിരുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറിക്ക് കൊമേഴ്സ് ഗ്രൂപ്പാണ് തിരഞ്ഞെടുത്തത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. സ്‌കൂളില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ചെന്നൈ സ്റ്റെല്ല മേരീസ് കോളേജില്‍ ബി.എ. ഇക്കണോമിക്സിന് ചേര്‍ന്നു. 2018-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം തിരുവനന്തപുരം ഐലേണ്‍ അക്കാദമിയില്‍ സിവില്‍ സര്‍വീസസ് പരിശീലനവും.

ചെറുപ്പം മുതലേ ധാരാളം വായിക്കുന്നതും സ്ഥിരമായ പത്രവായനയും പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഏറെ സഹായിച്ചെന്ന് റുമൈസ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പരിശീലന കാലയളവില്‍ റെഗുലര്‍ ക്ലാസിന് പുറമേ ദിവസം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും പഠിച്ചിരുന്നു. മുന്‍വര്‍ഷങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ അനുഭവങ്ങളില്‍നിന്ന് അവര്‍ക്ക് സംഭവിച്ച തെറ്റുകളും മറ്റും മനസിലാക്കി. അതെല്ലാം തിരുത്തി പഠിച്ചു. എട്ട് മണിക്കൂര്‍ വരെയൊക്കെ മിക്കദിവസങ്ങളിലും പഠിച്ചിരുന്നു. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സമയം ചിലവഴിക്കുന്നതും കുറച്ചു.

അഭിമുഖത്തില്‍ പ്രധാനമായും ഐച്ഛിക വിഷയമായ ഇക്കണോമിക്സിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. ഗോള്‍ഡ്മാന്‍ സാക്സിലെ ജോലി വേണ്ടെന്ന് വെച്ച് എന്തിനാണ് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തതെന്നായിരുന്നു ആദ്യത്തെ ചോദ്യം. നോട്ട് നിരോധനം, വിദ്യാര്‍ഥി രാഷ്ട്രീയം, സ്ത്രീശാക്തീകരണം, കേരള മോഡല്‍ വികസനവും ആദിവാസി വിഭാഗങ്ങളിലെ ശിശുമരണങ്ങളുമെല്ലാം ചോദ്യങ്ങളായി വന്നു. അഭിമുഖത്തിന് ശേഷം റാങ്ക് പട്ടികയില്‍ ഇടംനേടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.

ബി.എ. ഇക്കണോമിക്സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് മാസം ഗോള്‍ഡ്മാന്‍ സാക്സില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നു. അതിന് ശേഷം ഓഫര്‍ ലെറ്റര്‍ വന്നു. പ്രതിവര്‍ഷം ആറ് ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളവാഗ്ദാനം. എന്നാല്‍ മനസില്‍ സിവില്‍ സര്‍വീസ് ആഗ്രഹമുണ്ടായിരുന്നതിനാല്‍ കോളേജിലെ മറ്റ് പ്ലേസ്മെന്റ് അഭിമുഖങ്ങളില്‍ പങ്കെടുത്തില്ല. തിരിച്ച് നാട്ടിലേക്ക് മടങ്ങി ഐലേണ്‍ അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു- റുമൈസ പറഞ്ഞു.

സ്‌കൂള്‍തലം മുതല്‍ ക്വിസ് മത്സരങ്ങളിലും ഡിബേറ്റുകളിലും സജീവമായിരുന്നു ഈ ഗുരുവായൂര്‍ക്കാരി. ഹൈദരാബാദ് നാഷണല്‍ ലോ യൂണിവേഴ്സിറ്റി ദേശീയതലത്തില്‍ സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിലെ ചാമ്പ്യന്‍ കൂടിയാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന് ആഗോളതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം.

ഗുരുവായൂര്‍ ഇന്ദ്രനീലം ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടറാണ് റുമൈസയുടെ പിതാവ് ആര്‍.വി. അബ്ദുള്‍ ലത്തീഫ്. മാതാവ് വി.കെ. സക്കീന. ഡോ. സാദിയ മാഹിര്‍, കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്സിക്യുട്ടീവ് എം.ബി.എ. വിദ്യാര്‍ഥിയായ മുഹമ്മദ് സിയാദ് എന്നിവര്‍ സഹോദരങ്ങള്‍.

Content Highlights: Rumaisa Fathima secures AIR 185 in her first attempt in CSE

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram