സിവില്‍ സര്‍വീസസ് എന്ന സ്വപ്നത്തിലേക്ക് താണ്ടിയ നാഴികക്കല്ലുകളെക്കുറിച്ച് പങ്കുവെക്കുകയാണ് 100 റാങ്കിനുള്ളില്‍ ഇടംനേടിയ അഞ്ചുമലയാളികള്‍. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുത്തത് എങ്ങനെയെന്നും അഭിമുഖത്തിന് നേരിട്ട ചോദ്യങ്ങളെക്കുറിച്ചും അവര്‍ മനസ്സു തുറക്കുന്നു
നിപ്പയില്‍നിന്ന് കൊറോണയിലേക്ക്
ആദ്യം പരിശീലനത്തിന് പോയി പഠിച്ചു. പിന്നീട് അവിടെനിന്നു കിട്ടിയ നോട്ടുകളും മറ്റുമായി വീട്ടിലിരുന്ന് പഠനം കേന്ദ്രീകരിച്ചു. 2019 ആയപ്പോള്‍ ധാരാളം മോക് ടെസ്റ്റുകള്‍ എഴുതി. ആ ടൈംടേബിള്‍ വെച്ചാണ് പിന്നീടു പഠിച്ചത്. അതിനെ ആധാരമാക്കി റിവിഷനുകള്‍ നടത്തി. എം.ബി.ബി.എസി.നുശേഷമാണ് സിവില്‍ സര്‍വീസിലേക്കു വരുന്നത്. അതുകൊണ്ട് കൊറോണയെ ആസ്പദമാക്കി ചോദ്യങ്ങള്‍ വന്നു. നിപ്പയില്‍നിന്ന് കൊറോണയിലേക്കു വന്നപ്പോള്‍ കേരളം എന്തെല്ലാം പഠിച്ചു, അടുത്തൊരു മഹാമാരി എപ്പോള്‍ പ്രതീക്ഷിക്കാം എന്നെല്ലാമാണ് ചോദ്യങ്ങള്‍. ഹോബി ബോണ്‍സായ് മേക്കിങ്ങാണ് വെച്ചിരുന്നത്. അതിനെക്കുറിച്ചും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധവുമൊക്കെ ചോദിച്ചിരുന്നു.
-അരുണ്‍ എസ്. നായര്‍ (AIR 55)
കഥകളിയുടെ ചരിത്രവും പശ്ചാത്തലവും
അടിസ്ഥാന പുസ്തകങ്ങള്‍, കറന്റ് അഫയേഴ്സ്, പത്രംവായന എന്നിവയെ ആസ്പദമാക്കിയാണ് പഠനം. ഒപ്പം ചോദ്യപ്പേപ്പറുകള്‍ക്ക് ഉത്തരം നല്‍കി പരിശീലിക്കുകയും റിവിഷനു പ്രാധാന്യം നല്‍കുകയും ചെയ്തു. പ്രിലിംസിനുശേഷം കറന്റ് അഫയേഴ്സ് കൂടുതല്‍ കേന്ദ്രീകരിക്കുകയും എഴുത്ത് മെച്ചപ്പെടുത്താനും ശ്രമിച്ചു. 2017 മുതല്‍ പ്രിലിംസിനും മെയിന്‍സിനും പരിശീലനമുണ്ട്. മെയിന്‍സിലേക്കുള്ള മൂന്നുമാസം ഓപ്ഷണല്‍ സബ്ജക്റ്റായ മെഡിക്കല്‍ സയന്‍സിനും പ്രാധാന്യം നല്‍കി പഠിച്ചു. മെഡിസിന്‍ പശ്ചാത്തലത്തില്‍നിന്നും സിവില്‍ സര്‍വീസിലേക്ക് വന്നത് എന്തുകൊണ്ട് എന്നതാണ് ആദ്യം ചോദിച്ചത്. ഹോബിയില്‍ ശാസ്ത്രീയനൃത്തം ഉള്‍പ്പെടുത്തിയിരുന്നു, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി തുടങ്ങിയവയുടെ ചരിത്രവും പശ്ചാത്തലവും ചോദിച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യവും കോവിഡ് - 19 നെ കേരളം നേരിടുന്ന രീതിയും ചോദ്യങ്ങളായി വന്നു.
-അശ്വതി ശ്രീനിവാസ് (AIR 40)
മോക് ടെസ്റ്റുകള്‍ ചെയ്യുക
സ്റ്റാറ്റിക് സബ്ജക്റ്റ്, കറന്റ് അഫയേഴ്സ്, മോക് ടെസ്റ്റ് തുടങ്ങിയവയ്ക്കാണ് പ്രിലിംസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഓരോ വിഷയത്തിനും ഒരു പുസ്തകം എന്ന നിലയ്ക്കാണ് പഠിച്ചത്. മിനിമം സോഴ്സ് വെച്ച് കൂടുതല്‍ റിവിഷന്‍ ചെയ്തു. പ്രിലിംസിനു രണ്ടുമാസം മുമ്പേ ടെസ്റ്റ് സീരീസ് ചെയ്തിരുന്നു. മൂന്നുമണിക്കൂര്‍ വെച്ചുള്ള ഇരുപത്തിയെട്ടു പരീക്ഷകളോളം എഴുതി. ലൈബ്രറിയില്‍ പോയി കമ്പയിന്‍ സ്റ്റഡിയാണ് ശീലം.
ബിരുദവിഷയമായ ഇലക്ട്രോണിക്‌സ് കഴിഞ്ഞ് സിവില്‍ സര്‍വീസിന് വരാനിടയായ സാഹചര്യം, സിവില്‍ സര്‍വീസില്‍ അതെങ്ങനെ ഉപയോഗിക്കാം, ഇലക്ട്രോണിക്‌സില്‍ ഇന്ത്യയുടെ സ്ഥാനം, 2ജി, 3ജി, 5ജി എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചു. ഒപ്പം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കോവിഡ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ എങ്ങനെ മാറ്റം വരുത്തി, അതെങ്ങനെ വീണ്ടെടുക്കാം തുടങ്ങിയ ചോദ്യങ്ങള്‍ വന്നു. ഹോബിയെ ആസ്പദമാക്കി ഫുട്ബോളിനെക്കുറിച്ചു ചോദിച്ചു.
-നിതിന്‍ കെ. ബിജു (AIR 89)
എന്‍ജിനിയറിങ് കഴിഞ്ഞത് കൊണ്ട് ഓപ്ഷണലായി മാത്സ് എടുത്തു. പക്ഷേ, നവംബറായപ്പോള്‍ പഠിച്ചു തീരുന്നതിനെക്കാള്‍ കൂടുതലുണ്ടെന്നു തോന്നി. അങ്ങനെ ജനുവരിയായപ്പോള്‍ മലയാളം തിരഞ്ഞെടുത്തു. ഒരാഴ്ചത്തേക്കുള്ള ടൈംടേബിള്‍ ഉണ്ടാക്കി അവ പൂര്‍ത്തിയാക്കും. ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചാണ് അഭിമുഖം തുടങ്ങിയത്. ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര മലയാള സാഹിത്യത്തിലെ പുരോഗതി, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍, കേരളത്തിലെ പല വീടുകളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അധികാരം ഇല്ലാത്തതിന്റെ കാരണം തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി.
-എ.വി. ദേവിനന്ദന (AIR 92)
ബി.ടെക്. കഴിഞ്ഞാണ് വന്നത്. ഓപ്ഷണല്‍ സോഷ്യോളജിയായിരുന്നു. പുതിയ വിഷയം ആയതുകൊണ്ട് പകുതി സമയം അതിനും പിന്നെ പ്രിലിംസിനും മെയിന്‍സിനും പൊതുവേ ഉള്ള വിഷയങ്ങള്‍ക്കും മാറ്റിവെച്ചു. സിലബസ് മനസ്സിലാക്കി. പഴയ പത്രങ്ങളും ചോദ്യപ്പേപ്പറുകളും നോക്കി. മോക്ടെസ്റ്റുകള്‍ ചെയ്തു. ധാരാളം എഴുതിപ്പഠിച്ചു. ഉന്നതവിജയം നേടിയവരുടെ ഉത്തരക്കടലാസുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതെല്ലാം നോക്കി സ്വന്തമായ ശൈലിയുണ്ടാക്കി. ഗ്രൂപ്പ് സ്റ്റഡിയിലേക്കു മാറിയത് വളരെ ഫലപ്രദമായി.
അറിയാത്ത ചോദ്യങ്ങള്‍ക്ക് കൃത്യമായി 'നോ' പറയാന്‍ കഴിയണം. ടെക്നിക്കല്‍ ജോലികളില്‍ സ്ത്രീകള്‍ കുറയുന്നതിനു കാരണം, വെള്ളപ്പൊക്കത്തിനുശേഷം കേരള സമ്പദ് വ്യവസ്ഥയെ എങ്ങനെ കൈപിടിച്ചുയര്‍ത്താം, വിദേശത്തുനിന്ന് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുന്നതിലെ സാധ്യതകള്‍, വാസ്‌കോഡഗാമ കേരളത്തില്‍ വന്നില്ലായിരുന്നെങ്കില്‍ സാമ്രാജ്യത്വം ഉണ്ടാകില്ലായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ വന്നു. അറിയുന്ന ചോദ്യങ്ങള്‍ക്കെല്ലാം ആത്മവിശ്വാസത്തോടെ മറുപടി പറയാന്‍ കഴിഞ്ഞു. അതാണ് പ്രധാനവും.
-പി.പി. അര്‍ച്ചന (AIR 99)
Content Highlights: Civil Services Interview Experiences of Toppers from Kerala