പരിശ്രമിച്ചുകൊണ്ടേയിരിക്കുക; വിജയം തേടിയെത്തും -റാങ്ക് ജേതാവ് അശ്വതി പറയുന്നു


വിനീത് നാരായണ്‍

5 min read
Read later
Print
Share

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 40-ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ് ഈ നേട്ടത്തിന് പിന്നിലെ പരിശ്രമങ്ങള്‍ വിശദീകരിക്കുന്നു

അശ്വതി ശ്രീനിവാസ്

ത്തവണത്തെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 40-ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ് ഈ നേട്ടത്തിന് പിന്നിലെ പരിശ്രമങ്ങള്‍ വിശദീകരിക്കുന്നു; സിവില്‍ സര്‍വീസസ് സ്വപ്നംകാണുന്നവര്‍ക്ക് പ്രചോദനമാവുന്ന ആ അനുഭവങ്ങളിലൂടെ

അക്കാദമിക് റെക്കോര്‍ഡുകള്‍ക്ക് പ്രാധാന്യമില്ല

അക്കാദമിക് രംഗത്ത് പ്രഗല്ഭരായവര്‍ക്ക് സാധ്യതകള്‍ കൂടുതലാണെന്നത് തെറ്റായ ഒരു കാഴ്ചപ്പാടാണെന്നാണ് എന്റെ അനുഭവം. ഒന്നാമതായി ആരാണ് പ്രഗല്ഭര്‍ എന്നതുതന്നെ സബ്ജക്ടീവായ ഒരു വ്യാഖ്യാനമാണ്. ക്ലാസുകളില്‍ ഒന്നാമതെത്തുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല. കൂടുതല്‍ കാണാപാഠം പഠിക്കാന്‍ കഴിവുള്ളയാളാണ് ക്ലാസുകളില്‍ ഒന്നാമതെത്തിയതെങ്കില്‍ ഇവിടെ അപഗ്രഥനപാടവവും ജീവിതാനുഭവങ്ങളും ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുന്നത്.

പഠനരീതികളെക്കുറിച്ച് പറയാനുള്ളത്

സെല്‍ഫ് സ്റ്റഡി പ്രയോജനപ്പെട്ടവര്‍ ഏറെയുണ്ട്. എന്റെ കാര്യത്തില്‍ അത് അത്ര ഫലപ്രദമായില്ല. അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എനിക്ക് അനിവാര്യമായി തോന്നി. ഓരോ വിഷയത്തിലും അധ്യാപകരുടെ സഹായം ആവശ്യമുള്ളതായി തോന്നി. ഒറ്റയ്ക്ക് ശ്രമിച്ചപ്പോള്‍ പല വിഷയങ്ങളും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പക്ഷെ, സെല്‍ഫ് സ്റ്റഡി മാത്രം നടത്തുന്നതുകൊണ്ട് വിജയിക്കാനും കഴിഞ്ഞേക്കാം. കാരണം ഇന്ന് ഇന്റര്‍നെറ്റിലും യുട്യൂബിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുമായി അനേകം ഓണ്‍ലൈന്‍ ക്ലാസുകളും വീഡിയോകളും ലഭ്യമാണ്. അത് വളരെയധികം പ്രയോജനപ്പെടും. 2016-ല്‍ ഞാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോള്‍ ഇന്നുള്ള അത്രയും ഓണ്‍ലൈന്‍ ക്ലാസുകളും വീഡിയോകളും ലഭ്യമായിരുന്നില്ല. ഉണ്ടായിരുന്നവയെക്കുറിച്ച് എനിക്ക് അറിയുകയുമില്ലായിരുന്നു. മാത്രമല്ല ഞാന്‍ സയന്‍സ്വിഷയം പഠിച്ചുകൊണ്ടിരുന്നയാളാണ്. അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ സോഷ്യല്‍ സയന്‍സ് മേഖലയിലേക്ക് കടക്കുമ്പോള്‍ എനിക്ക് അധ്യാപകരുടെ മാര്‍ഗനിര്‍ദേശം അനിവാര്യമായി തോന്നി. അങ്ങനെയാണ് ഞാന്‍ കോച്ചിങ്ങിന് ചേരുന്നത്.

ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്

ഇന്ന് ഉദ്യോഗാര്‍ഥികളില്‍ ഏറ്റവുമധികംപേരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്. എല്ലാ റിസോഴ്സുകളിലും പൊതുവായ വിവരങ്ങള്‍തന്നെയായിരിക്കും ഉണ്ടാവുക. ഏറ്റവും കൂടുതല്‍ പേര്‍ക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കറന്റ് അഫയേഴ്സിന്റെ കാര്യത്തിലായിരിക്കാം.

ലഭ്യമായ റിസോഴ്സുകളെല്ലാം നല്ലതുതന്നെയായിരിക്കും. ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലത് എന്ന് എനിക്ക് അഭിപ്രായമില്ല. ലഭ്യമായ റിസോഴ്സുകളെല്ലാം പരിശോധിക്കുക, ഏതിലാണോ നമ്മള്‍ ഏറ്റവും കംഫര്‍ട്ടബിള്‍ അത് തിരഞ്ഞെടുക്കുക. ബാക്കിയുള്ളവ ഒഴിവാക്കുക. പത്രവായനകൊണ്ടുതന്നെ നമുക്ക് ആവശ്യമായ ആനുകാലിക വിവരങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

എം.ബി.ബി.എസും സിവില്‍ സര്‍വീസും

ആരോഗ്യപ്രവര്‍ത്തനവും സിവില്‍ സര്‍വീസും തീര്‍ത്തും വ്യത്യസ്ത മേഖലയാണെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം രണ്ടും പൊതുസേവനമാണ്. എന്നാല്‍ ഒരു ഡോക്ടര്‍ക്കും സിവില്‍ സെര്‍വന്റിനും പൊതുസേവനത്തിന് ലഭിക്കുന്ന വേഷം വ്യത്യസ്തമാണ്. ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ അവസരങ്ങള്‍ ഒരു സിവില്‍ സര്‍വന്റിന് ലഭിക്കും.

രോഗം വന്നുകഴിഞ്ഞുള്ള ചികിത്സയുമായി ബന്ധപ്പെട്ടാണ് ഒരു എം.ബി.ബി.എസ്. ബിരുദധാരി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഒരു സിവില്‍ സര്‍വന്റിന് രോഗങ്ങളുടെ ഉറവിടമായ സമൂഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും രോഗകാരിയായ അപകടങ്ങളെയും പ്രവൃത്തികളെയും ചെറുക്കാനും കഴിയും. എനിക്ക് ഇതില്‍ രണ്ടാമത്തെ പൊതുസേവനമാണ് കൂടുതല്‍ ഉചിതമെന്ന് തോന്നിയത്. മാത്രമല്ല എം.ബി.ബി.എസ്. ബിരുദധാരികളായ സിവില്‍ സര്‍വീസുകാര്‍ കേരളത്തില്‍തന്നെ നിരവധിയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളും വിജയവും കണ്ട് സിവില്‍ സര്‍വീസിലേക്ക് ആകൃഷ്ടരാകുന്ന ആരോഗ്യപ്രവര്‍ത്തകരും എം.ബി.ബി.എസ്. ബിരുദധാരികളും നിരവധിയുണ്ട്.

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍

തയ്യാറെടുപ്പുകള്‍ ഓരോ വര്‍ഷവും വ്യത്യസ്തമായിരുന്നു. 2016-ലെതുപോലെയായിരുന്നില്ല 2017-ലെ പഠനം. വീഴ്ചകളില്‍നിന്ന് കാര്യങ്ങള്‍ പഠിച്ച് തയ്യാറെടുപ്പുകളില്‍ വേണ്ടതായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ആരംഭത്തില്‍ എനിക്ക് സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. അത് ഒരു പോരായ്മയാണെന്ന് പിന്നീട് മനസ്സിലായി. കാരണം സംശയങ്ങള്‍ ചോദിക്കാനോ ആശയങ്ങള്‍ പങ്കുവയ്ക്കാനോ എനിക്ക് സുഹൃത്തുക്കളില്ലായിരുന്നു. എന്നിലേക്ക് മാത്രം കേന്ദ്രീകൃതമായ പഠനം ശരിയായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. സെല്‍ഫ് സ്റ്റഡി ഫലപ്രാപ്തിയിലെത്താത്തതോടെ ഞാന്‍ കഴിവുറ്റ അധ്യാപകരുടെ ശിക്ഷണത്തിനായി ചേര്‍ന്നതും തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു.

ദിവസേനയുള്ള പത്രവായന കാര്യക്ഷമമായി 2018-ലാണ് ആരംഭിച്ചതെങ്കിലും അത് 2019 പരീക്ഷയിലും അഭിമുഖത്തിലും സഹായകരമായി. ഇത് ഭാഷ, പദസമ്പത്ത്, എന്നിവ വര്‍ധിപ്പിച്ചു. വിവരണാത്മകപരീക്ഷയിലും അഭിമുഖത്തിലും ഇത് ഗുണകരമായി. പ്രിലിംസില്‍ ഓരോ വിഷയത്തിലെയും ചോദ്യപേപ്പറുകള്‍ എഴുതി പഠിക്കാനും റിവിഷന്‍ നടത്താനും കൂടുതല്‍ ശ്രമിച്ചിരുന്നു. ഇത് പ്രിലിംസിന് വളരെയധികം സഹായകരമായി. മെയിന്‍ പരീക്ഷയില്‍ ജനറല്‍ സയന്‍സും ഓപ്ഷണല്‍ വിഷയമായ മെഡിക്കല്‍ സയന്‍സും ഒത്തുകൊണ്ടുപോകാന്‍ നന്നേ പ്രയാസപ്പെട്ടിരുന്നു. കമ്പൈന്‍ഡ് സ്റ്റഡി എനിക്ക് വളരെയധികം ഉപകാരപ്പെട്ടു.

പ്രയാസമേറിയ പ്രിലിംസ്

ഏറ്റവും പ്രയാസമേറിയ ഘട്ടം പ്രിലിംസായിരുന്നു. നാലാമത്തെ ശ്രമത്തിലാണ് ഞാന്‍ സിവില്‍ സര്‍വീസസ് പരീക്ഷ വിജയിക്കുന്നത്. ഇതില്‍ പ്രിലിംസ് പരീക്ഷ പാസാകാന്‍കഴിയാതിരുന്ന രണ്ടുവട്ടവും യഥാക്രമം 0.66, 1 മാര്‍ക്കുകളുടെ വ്യത്യാസത്തിലാണ് എനിക്കത് നഷ്ടമായത്. ശരിയായ ഉത്തരം കണ്ടുപിടിക്കുകയാണ് പ്രിലിംസിലെ പ്രധാന വെല്ലുവിളി. ഓരോതവണയും ഉത്തരം തിരഞ്ഞെടുക്കുമ്പോള്‍ അത് യുക്തിപൂര്‍വമായി ശരിയായിരിക്കണം. സാധാരണ ഒബ്‌ജെക്ടീവ് പരീക്ഷകളില്‍ തെറ്റായ ഉത്തരങ്ങള്‍ ഒഴിവാക്കി ശരിയുത്തരം തിരഞ്ഞെടുക്കുന്നതാണ് രീതിയെങ്കില്‍ ഇവിടെ നമ്മുടെ യുക്തി പ്രയോഗിച്ച് ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഇതാണ് എനിക്ക് പ്രിലിംസ് പരീക്ഷ മെയിന്‍സുമായി താരതമ്യംചെയ്യുമ്പോള്‍ പ്രയാസമായി തോന്നാന്‍ കാരണം.

ഉദാഹരണത്തിന് ഒരു ഒബ്‌ജെക്ടീവ് പരീക്ഷയില്‍ ഓപ്ഷനുകളില്‍ ഒന്നൊഴികെ മറ്റെല്ലാം തെറ്റായിരിക്കുമെന്ന് നമുക്ക് നൂറുശതമാനം ഉറപ്പാണ്. പക്ഷേ, ഇവിടെ അതുണ്ടാകില്ല, കൂട്ടത്തില്‍ എറ്റവും ശരിയായ ഉത്തരം കണ്ടെത്തുകയാണ് വേണ്ടത്. നമ്മള്‍ എത്രമാത്രം പരിശീലനം ലഭിച്ച വ്യക്തിയായാലും പരീക്ഷാഹാളിലിരിക്കുന്ന ആ സമയത്തെ നമ്മുടെ ചിന്തയും ബൗദ്ധികനിലവാരവും പ്രസരിപ്പും അനുസരിച്ചായിരിക്കും നാം ഉത്തരം തിരഞ്ഞെടുക്കുന്നത്.

അഭിമുഖത്തിനുള്ള തയ്യാറെടുപ്പുകള്‍

മുടങ്ങാത്ത പത്രവായന വളരെയധികം പ്രയോജനപ്പെട്ടു. ഓരോ വിഷയത്തിലും സ്വന്തമായ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അത് വളരെയധികം ഉപകാരപ്രദമായി. കൂടാതെ കോച്ചിങ് സെന്ററിലെ മോക് ഇന്റര്‍വ്യൂവും സഹായകരമായി. അനാവശ്യമായി ഉത്തരങ്ങള്‍ വലിച്ചുനീട്ടാതെ ചുരുക്കി പോയിന്റുകള്‍ മാത്രമായി സംസാരിക്കാനും പഠിച്ചു. രണ്ട് കോച്ചിങ് സെന്ററുകളിലായി മോക് ഇന്റര്‍വ്യൂവിന് ചേര്‍ന്നു. അത് വളരെയധികം പ്രയോജനപ്പെട്ടു. അവിടെ ഞാന്‍ പങ്കെടുത്ത മോക് ഇന്റര്‍വ്യൂവില്‍ ഒരെണ്ണത്തിന് സമാനമായിരുന്നു എന്റെ സിവില്‍ സര്‍വീസ് അഭിമുഖം. അതുകൊണ്ടുതന്നെ ടെന്‍ഷന്‍ കുറയ്ക്കാനായി.

ആദ്യമായി നമ്മുടെ കഴിവില്‍ സ്വയം വിശ്വാസമര്‍പ്പിക്കുക. ഇതുവരെ എത്താന്‍കഴിഞ്ഞതിന്റെ അര്‍ഥംതന്നെ നമുക്ക് ഇത് നേടാനാകും എന്നതിന്റെ സൂചനയാണെന്ന് തിരിച്ചറിയുക. ആ ആത്മവീര്യം എപ്പോഴും കെടാതെ സൂക്ഷിക്കുക. ആത്മവിശ്വാസമുണ്ടെങ്കില്‍തന്നെ പകുതി കടമ്പ കടന്നു എന്നുതന്നെയാണ് അര്‍ഥം. പാഠങ്ങള്‍ റിവൈസ്‌ചെയ്യുക. മോക് ഇന്റര്‍വ്യൂകള്‍ പ്രയോജനപ്പെടുത്തുക. അതിന്റെ ഫീഡ്ബാക്കുകള്‍ തീര്‍ച്ചയായും ആരായുക. സംസാരത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക.

ഇന്റര്‍വ്യൂ ബോര്‍ഡിന്റെ സമീപനം

വളരെ സ്വാഗതാര്‍ഹമായ ഇന്റര്‍വ്യൂ ബോര്‍ഡായിരുന്നു എനിക്ക് ലഭിച്ചത്. ആദ്യമായി നാം മനസ്സിലാക്കേണ്ട വസ്തുത പ്രിലിംസ്, മെയിന്‍സ് എന്നീ കടമ്പകള്‍ കടന്ന് നമ്മള്‍ ഇവിടെയെത്തിയത് വളരെയധികം കഷ്ടപ്പെട്ടിട്ടാണെന്ന് ഇന്റര്‍വ്യൂബോര്‍ഡിലെ എല്ലാവര്‍ക്കുമറിയാം എന്നതാണ്. സംഭാഷണം വളരെ ലളിതമാക്കാനും സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് ഒരു 'കാഷ്വല്‍' രീതിയിലാക്കാനുമാണ് എന്റെ അഭിമുഖവേളയില്‍ ബോര്‍ഡിലെ അംഗങ്ങള്‍ ശ്രമിച്ചത്. എല്ലാ അഭിമുഖങ്ങളും അങ്ങനെതന്നെയായിരിക്കും.

അഥവാ ഉത്തരങ്ങള്‍ അറിയില്ലെങ്കില്‍പോലും 'എനിക്ക് അതറിയില്ല' എന്ന് തുറന്നുപറയാനുള്ള അവസരം നമുക്കുണ്ട് എന്നുകൂടി മനസ്സിലാക്കുന്നിടത്താണ് അഭിമുഖം വിജയമാകുന്നത്. ബോര്‍ഡിലെ അംഗങ്ങള്‍ നമ്മളെ തോല്‍പ്പിക്കാന്‍ വന്നവരല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. എപ്പോഴും ഇന്റര്‍വ്യൂവിന് ശ്രദ്ധിക്കേണ്ടത് സംഭാഷണം ലളിതവും താത്പര്യം ജനിപ്പിക്കുന്ന രീതിയിലുമാകണം എന്നതാണ്. അതിന് ഏറ്റവും നല്ലത് മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത് നമ്മുടെ പോരായ്മകള്‍ എവിടെയാണെന്ന് മനസ്സിലാക്കി അത് പരിഹരിക്കുകതന്നെയാണ്.

ഭയങ്കരമായി പ്രയാസപ്പെടുത്തിയ ചോദ്യങ്ങള്‍ ഒരുപാടില്ലായിരുന്നു. നമ്മുടെ അഭിപ്രായങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് വളരെ വേഗത്തില്‍ അടുപ്പിച്ച് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഒരു ചോദ്യത്തിന് മറ്റൊന്നുമായി ബന്ധമില്ലാത്തതരത്തില്‍ 'റാപിഡ് ഫയര്‍' രീതിയിലായിരുന്നു ചോദ്യങ്ങള്‍. അതൊഴിച്ചാല്‍ ബാക്കി സമയങ്ങളില്‍ വളരെ നല്ലൊരു സംഭാഷണമായിരുന്നു ഇന്റര്‍വ്യൂ. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പങ്കുവയ്ക്കുന്നു. ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ അതേ വിഷയത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. അങ്ങനെ മൊത്തത്തില്‍ ഒരു നല്ല സംഭാഷണമായിരുന്നു അത്.

ഞാന്‍ ഒരു ഡോക്ടറാണെന്ന് എന്റെ അപേക്ഷയില്‍തന്നെ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ എന്തിന് ആ മേഖല വിട്ട് സിവില്‍ സര്‍വീസ് തിരഞ്ഞെടുത്തു എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുതന്നെയായിരുന്നു എന്നോടുള്ള ആദ്യത്തെ ചോദ്യവും. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു അഭിമുഖം. അതുകൊണ്ടുതന്നെ സ്വാഭാവികമായും കോവിഡ് 19 രോഗത്തെക്കുറിച്ചും വൈറസിനെക്കുറിച്ചുമെല്ലാം ചോദ്യം വന്നു.

അഭിപ്രായം വ്യക്തമാക്കാനുള്ള ചോദ്യങ്ങളില്‍ നൃത്തത്തെക്കുറിച്ച് ചോദിച്ചു. ഒഴിവുസമയങ്ങളില്‍ ഞാന്‍ നൃത്തം പരിശീലിക്കാറുണ്ട്. ഈ കല എപ്പോഴും സ്ത്രീകള്‍ക്ക് ആധിപത്യമുള്ള മേഖലയാണ്, എന്തുകൊണ്ട് പുരുഷന്മാര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല എന്ന് ചോദിച്ചിരുന്നു.

എന്റെ ജന്മനാടായ ആലപ്പുഴയിലെ കായലുകളെക്കുറിച്ചും അവിടത്തെ വിനോദസഞ്ചാരത്തെക്കുറിച്ചും വിനോദസഞ്ചാരം കായലുകള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതിക്ക് ദോഷമുണ്ടോ? എന്നിങ്ങനെയും ചോദ്യം ഉണ്ടായിരുന്നു. ഞാന്‍ കേന്ദ്രഗവണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്. സര്‍ക്കാര്‍വിദ്യാലയത്തില്‍ പഠിച്ചതിന്റെ അനുഭവങ്ങളെക്കുറിച്ചും അന്വേഷിച്ചു.
ഇത് കൂടാതെ വസ്തുതകളും അറിവും പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍പദ്ധതികളെക്കുറിച്ചും ആരാഞ്ഞു.

എന്തുകൊണ്ട് മെഡിക്കല്‍ കരിയര്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേക്ക് കടന്നു എന്ന ചോദ്യം ഞാന്‍ നൂറുശതമാനം പ്രതീക്ഷിച്ചിരുന്നു. അതിനുള്ള ഉത്തരം ഞാന്‍ വളരെ മുന്‍പേതന്നെ കണ്ടെത്തിയിരുന്നു. ഞാന്‍ മറ്റൊരു മേഖലയിലേക്ക് കടക്കുമ്പോള്‍ ഞാന്‍ കാരണം ഒരു എം.ബി.ബി.എസ്. സീറ്റ് പാഴായിപ്പോയി, അര്‍ഹതപ്പെട്ട മറ്റൊരാള്‍ക്ക് ആ സീറ്റ് ലഭിക്കുമായിരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല എന്റെ തീരുമാനം എന്റെ മെഡിസിന്‍ കരിയറിനെ വീണ്ടും ശക്തിപ്പെടുത്തുന്നതായിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു. വളരെ നാളുകള്‍കൊണ്ടാണ് ഞാന്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതുതന്നെ.

തോല്‍വികളില്‍ നിരാശപ്പെട്ടില്ല

നിരാശ തീര്‍ച്ചയായും ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് അതിനെ മറികടക്കാനാകുമായിരുന്നു. പലപ്പോഴും എന്നെക്കാള്‍ നിരാശപ്പെട്ടത് എന്റെ ചുറ്റുമുള്ളവരായിരുന്നു. ആ സമയത്ത് പലരും എന്നോട് ചോദിച്ചിരുന്നു. ഇത് റിസ്‌ക് അല്ലേ എം.ഡി. എടുക്കുന്നതല്ലേ കൂടുതല്‍ നല്ലത് എന്നൊക്കെ. എല്ലാ നിരാശയും എനിക്ക് മറികടക്കാന്‍ സാധിച്ചിരുന്നു എന്ന് ഞാന്‍ പറയില്ല. കാരണം ചിലത് ബാധിച്ചിരുന്നു. അത് എങ്ങനെയൊക്കെ ബാധിച്ചാലും അത് മറികടന്നേപറ്റൂ. ആ ചിന്തകള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. എന്റെ കുടുംബാംഗങ്ങളോ അധ്യാപകരോ അല്ലാത്തവരില്‍നിന്ന് വരുന്ന അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കുന്നവരുമായി മാത്രം കൂടുതല്‍ ഇടപഴകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

thozhil

Content Highlights: Aswathi Sreenivas AIR 40 CSE 2019 Shares Exam Experience and Preparation Strategy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram