Representative image
സമകാലിക വിഷയങ്ങളിലെ അറിവ് മത്സര പരീക്ഷകളില്‍ നിങ്ങളെ ഏറെ സഹായിക്കും. കേരള പി.എസ്.സി പോലുള്ള പരീക്ഷയില്‍ ശ്രദ്ധ ചെലുത്തേണ്ട വിഭാഗമാണ് കറന്റ് അഫയേര്‍സ്. അടുത്ത കാലത്ത് നടന്ന ചില വിഷയങ്ങള്‍ പരിചയപ്പെടാം
- അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായി. കൗമാര ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. രാജ് ബവയാണ് കളിയിലെ താരം.
- 24ാമത് ശൈത്യകാല ഒളിമ്പിക്‌സിന് ഫെബ്രുവരി നാലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ തുടക്കമായി. 91 രാജ്യങ്ങളില്‍നിന്നുള്ള മൂവായിരത്തോളം അത്‌ലറ്റുകള്‍ പങ്കെടുക്കും. 109 സ്വര്‍ണമെഡലുകളാണ് ആകെ നല്‍കുക. ഇന്ത്യയില്‍നിന്ന് ആരിഫ് ഖാന്‍ എന്ന അത്‌ലറ്റ് മാത്രമാണ് യോഗ്യതനേടിയത്.
- ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന എം. ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം.
- ഗാര്‍ഹികപീഡനാരോപണം നേരിടുന്ന പെറു പ്രധാനമന്ത്രി ഹെക്ടര്‍ വാലെര്‍ പിന്റോയ്ക്ക് അധികാരത്തിലെത്തി മൂന്നുദിവസത്തിനുശേഷം സ്ഥാനം നഷ്ടമായി. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയാണ് ഫെബ്രുവരി അഞ്ചിന് ഹെക്ടറിനെ സ്ഥാനത്തുനിന്ന് നീക്കിയത്.
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 36 ഭാഷകളില്‍ മുപ്പത്താറായിരത്തോളം ഗാനങ്ങളിലൂടെ ഏഴു പതിറ്റാണ്ടോളം മുഴങ്ങിയ ഇന്ത്യയുടെ ഹൃദയനാദമാണ് നിലച്ചത്. ഭാരതരത്‌നം, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലതയെ തേടിവന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നുവട്ടം നേടി. 1999ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി.) ഡയറക്ടറായി ഡോ. എസ്. ഉണ്ണിക്കൃഷ്ണന്‍ നായരെ നിയമിച്ചു. ഇപ്പോള്‍ വഹിക്കുന്ന ഐ.എസ്.ആര്‍.ഒ. ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡയറക്ടറുടെ ചുമതലയിലും അദ്ദേഹം തുടരും. എസ്. സോമനാഥ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായപ്പോള്‍ വന്ന ഒഴിവിലേക്കാണ് നിയമനം. കോട്ടയം കോതനല്ലൂര്‍ സ്വദേശിയാണ് ഉണ്ണിക്കൃഷ്ണന്‍ നായര്‍.
- ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിനെ നിയമിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറാണ്.
- ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗലിന് കന്നിക്കിരീടം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഈജിപ്തിനെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ചതാരമായി സെനഗലിന്റെ സാദിയോ മാനെ തിരഞ്ഞെടുക്കപ്പെട്ടു.
- ഇന്ത്യന്‍ പ്രതിരോധനിര്‍മാണമേഖലയില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാനായി ഫിലിപ്പീന്‍സ് ഇന്ത്യയുമായി 37.4 കോടി ഡോളറിന്റെ (2770 കോടി രൂപ) കരാറില്‍ ഒപ്പിട്ടു. ഈ മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഇന്ത്യറഷ്യ സംയുക്തസംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡും (ബി.എ.പി.എല്‍.) ഫിലിപ്പീന്‍സ് പ്രതിരോധമന്ത്രാലയവുമാണ് കരാറിലൊപ്പിട്ടത്.
- ജമ്മുകശ്മീരില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച മലയാളി സൈനികന് ശൗര്യചക്ര. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെത്തറ 'മയൂര'ത്തില്‍ എം. ശ്രീജിത്ത് ഉള്‍പ്പെടെ അഞ്ചുപേരാണ് മരണാനന്തര ബഹുമതിയായി ശൗര്യചക്രയ്ക്ക് അര്‍ഹരായത്.
- ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണംനേടിയ നീരജ് ചോപ്ര പരമവിശിഷ്ട സേവാമെഡലിന് അര്‍ഹനായി. പത്മശ്രീയും ലഭിച്ചു.
- മുന്‍ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന കല്യാണ്‍സിങ്ങിനും മരണാനന്തരബഹുമതിയായി പദ്മവിഭൂഷണ്‍.
- കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരടക്കം 17 പേര്‍ക്ക് പദ്മഭൂഷണ്‍. ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷണ്‍ നിരസിച്ചു.
- കേരളത്തില്‍നിന്ന് കവി പി. നാരായണക്കുറുപ്പ്, കളരി ആചാര്യന്‍ ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍, സാക്ഷരതാ രംഗത്ത് ശ്രദ്ധേയയായ മലപ്പുറത്തെ സാമൂഹിക പ്രവര്‍ത്തക കെ.വി. റാബിയ, വെച്ചൂര്‍പശു പരിപാലനത്തിലൂടെ മൃഗസംരക്ഷണരംഗത്ത് ശ്രദ്ധേയയായ ഡോ. ശോശാമ്മ ഐപ്പ് എന്നിവര്‍ക്ക് പദ്മശ്രീ
- എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും മാനേജ്‌മെന്റ് നിയന്ത്രണവും ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള താലസ് ലിമിറ്റഡിന് സര്‍ക്കാര്‍ കൈമാറി.
- മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ.വി. അനന്ത നാഗേശ്വരനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 2019 മുതല്‍ 2021 വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായിരുന്നു.
- റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്‍ മുകേഷ് അംബാനിയെ സമ്പത്തില്‍ പിന്തള്ളി 'ക്രിപ്‌റ്റോ' എക്‌സ്‌ചേഞ്ചായ 'ബിനാന്‍സി'ന്റെ സി.ഇ. ഒ. ചാങ്‌പെങ് ഷാവോ ഏഷ്യയിലെ അതിസമ്പന്നനായി. ബ്ലൂംബെര്‍ഗ് അതിസമ്പന്ന സൂചികപ്രകാരം 9600 കോടി ഡോളറാണ് ഷാവോയുടെ മൊത്തം ആസ്തി. ഏതാണ്ട് 7.20 ലക്ഷം കോടി രൂപ.
- മാള്‍ട്ടയില്‍നിന്നുള്ള പ്രതിനിധി റോബെര്‍ട്ട മെറ്റ്‌സോളയെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റായി ജനുവരി 18ന് തിരഞ്ഞെടുത്തു.
- കിഴക്കന്‍മേഖലാ സൈനിക കമാന്‍ഡര്‍ ലെഫ്. ജനറല്‍ മനോജ് പാണ്ഡെ കരസേനാ ഉപമേധാവിയാകും.
- യുദ്ധവീര്യത്തിന്റെ കെടാവിളക്കായി ഇന്ത്യാഗേറ്റില്‍ അരനൂറ്റാണ്ട് ജ്വലിച്ച അമര്‍ജവാന്‍ ജ്യോതിയിലെ ദീപം ദേശീയ യുദ്ധസ്മാരകത്തിലെ അഗ്‌നിനാളങ്ങളില്‍ ലയിപ്പിച്ചു. 1971 ല്‍ പാകിസ്താനുമായുള്ള യുദ്ധവിജയത്തിനുപിന്നാലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സ്ഥാപിച്ചതാണ് ഇന്ത്യാഗേറ്റിലെ അമര്‍ജവാന്‍ ജ്യോതി. 1972 ജനുവരി 26ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. ദേശീയ യുദ്ധസ്മാരകം 2019 ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനംചെയ്തത്.
- ലോകചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ യുവതാരം ലക്ഷ്യസെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടി. ഫൈനലില്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചു.
- 2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയ്ക്ക്. രണ്ടുതവണ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയും രണ്ടാമത്തെ താരവുമാണ്. 2018ലാണ് സ്മൃതി ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച വനിതാതാരമാകുന്നത്. പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ഷാ അഫ്രിഡിയാണ് പുരുഷവിഭാഗത്തിലെ മികച്ചതാരം.