റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 926 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്. ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ക്കു പുറമെയാണിത്.
പ്രായം: 2019 ഡിസംബര്‍ ഒന്നിന് 20നും 28നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പാസ് മാര്‍ക്ക് മതി. അപേക്ഷാര്‍ഥിക്ക് വേഡ് പ്രോസസിങില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയില്‍ വിജയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും. പരീക്ഷയുടെ സിലബസ് ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ https://opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശമ്പളം: 13150-34990 രൂപ ശമ്പള സ്‌കെയിലിലാണ് നിയമനം. അസിസ്റ്റന്റ് തസ്തികയില്‍ നിയമനം കിട്ടുന്നവര്‍ക്ക് വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ ആദ്യമാസം ഏകദേശം 36091 രൂപയോളമായിരിക്കും ലഭിക്കുക.
അപേക്ഷാ ഫീസ്: എസ്.സി, എസ്.ടി., ഭിന്നശേഷി, എക്‌സ്-സര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് ഫീസ്.
അപേക്ഷ: wwww.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ജനുവരി 16 വരെ അപേക്ഷിക്കാം. ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
വിശദവിവരങ്ങള്‍ മാതൃഭൂമി തൊഴില്‍ വാര്‍ത്തയിലും പ്രസിദ്ധീകരിക്കും.
Content Highlights: Reserve Bank of India Assistant Recruitment; Apply Now for 926 Vacancies